ലോകകായിക ചരിത്രത്തില്‍ ആദ്യമായി പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസ് ഫൈനലില്‍ ഇന്ത്യ; ഭാവിന സ്വര്‍ണ നേട്ടത്തിനരികെ

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഫൈനലിലെത്തി ഭാവിന പട്ടേല്‍. ചൈനയുടെ സാംഗ് മിയാവോവിനെ 3-2ന് തോല്‍പ്പിച്ചാണ് ഭാവിന ഫൈനല്‍ ടിക്കറ്റ് നേടിയത്.

ആദ്യ ഗെയിം 11-7ന് കൈവിട്ട ശേഷമാണ് ഇന്ത്യന്‍ താരം ശക്തമായി തിരികെവന്നത്. രണ്ടാം ഗെയിം 11-7ന് തിരികെ പിടിച്ച ഭാവിന 11-4ന് മൂന്നാം ഗെയിമും സ്വന്തമാക്കി. നാലാം ഗെയിമില്‍ 11-9ന് ചൈനീസ് താരം തിരികെ എത്തിയെങ്കിലും, അഞ്ചാം ഗെയിം 11-9ന് നേടി ഭാവിന ഫൈനല്‍ ഉറപ്പിച്ചു. ഫൈനലില്‍ ആരാകും ഭാവിനയുടെ എതിരാളിയെന്ന് തീരുമാനമായിട്ടില്ല.

ഇതോടെ, ടേബിള്‍ ടെന്നീസ് ചരിത്രത്തില്‍ ലോകകായികവേദിയില്‍ ഫൈനലിലെത്തുന്ന ആദ്യതാരമായി ഭാവിന മാറി. പാരാലിമ്പിക്സിലും ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ടേബിള്‍ ടെന്നീസിന്റെ ഫൈനല്‍ പ്രവേശം നേടുന്നത്.

ഗുജറാത്തുകാരിയായ ഭാവിന സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍ താരം ബോരിസ്ലാവ് പെരികിനെ എതിരില്ലാത്ത 3 ഗെയിമുകള്‍ക്ക് തകര്‍ത്താണ് സെമിയില്‍ കടന്നത്.