ബാഴ്‌സലോണ: മെസിയുടെ ജേഴ്‌സി നമ്പര്‍ ഇനി യുവതാരം അന്‍സു ഫാറ്റിക്ക്. പത്താം നമ്പര്‍ ജേഴ്‌സി അന്‍സു ഫാറ്റിക്കാണെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി അറിയിച്ചു..
നേരത്തേ, ബ്രസീല്‍ താരം ഫിലിപെ കൂടിഞ്ഞോയ്ക്ക് പത്താം നമ്പര്‍ നല്‍കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ബാഴ്‌സയുടെ അക്കാദമി താരമായ ഫാറ്റിക്ക് തന്നെ ജേഴ്‌സി നല്‍കാന്‍ ബാഴ്‌സലോണ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
2008ല്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ എ സി മിലാനില്‍ ചേരാനായി ബാഴ്‌സ വിട്ടശേഷമാണ് മെസിക്ക് പത്താം നമ്പര്‍ ജേഴ്‌സി വന്നുചേര്‍ന്നത്. പിന്നീട് ബാഴ്‌സയുടെ പടിയറങ്ങുന്നതുവരെ പത്താം നമ്പറില്‍ തന്നെയായിരുന്നു മെസി.
മെസി ടീം വിട്ടതിന് പിന്നാലെ പത്താം നമ്പര്‍ ജേഴ്‌സിയും എന്നെന്നേക്കുമായി ഒഴിവാക്കണമെന്ന് ബാഴ്‌സ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമാവലി പ്രകാരം ലാ ലിഗയിലെ ഓരോ ടീമിലെയും 25 കളിക്കാര്‍ക്കും ഒന്നു മുതല്‍ 25വരെയുള്ള ജേഴ്‌സി നമ്പര്‍ അനുവദിച്ചേ മതിയാകു. തുടര്‍ന്നാണ് അന്‍സു ഫാറ്റിക്ക് പത്താം നമ്പര്‍ ജേഴ്‌സി അനുവദിക്കാന്‍ ബാഴ്‌സ തയാറായത്.

