ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ അബ്ദുല്‍ റസാക്കിനു നേരെ മുഖം തിരിച്ച് സര്‍ക്കാര്‍; പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ കടുത്ത പ്രതിഷേധം

തിരുവനന്തപുരം: കെനിയയില്‍ നടന്ന ലോക അണ്ടര്‍-20 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളിതാരം അബ്ദുല്‍ റസാക്കിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ കടുത്ത പ്രതിഷേധം.

വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റസാക്കിനൊപ്പം ടീമിലുണ്ടായിരുന്നവര്‍ക്ക് മറ്റ്‌സംസ്ഥാനസര്‍ക്കാരുകള്‍ ഇതിനകം വലിയ തുകയാണ് സമ്മാനം നല്‍കിയത്. എന്നാല്‍ റസാക്കിനോട് മുഖം തിരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കായികരംഗത്തോട് തുടര്‍ച്ചയായി സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയാണ് റസാക്കും നേരിടേണ്ടി വരുന്നതെന്നാണ് ഈ സംഭവവും ചൂണ്ടിക്കാട്ടുന്നത്.

നേരത്തേ ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഹോക്കി ടീമിലെ ഏക മലയാളി ശ്രീജേഷിന് സമ്മാനംപ്രഖ്യാപിക്കാന്‍ വൈകിയത് ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.