സാവോപോളോ: കോവിഡ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സരത്തിനിറങ്ങിയ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ ബ്രസീല്‍ ഫെഡറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങിയ എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്ത്യന്‍ റൊമേറോ, എമിലിയാനോ ബ്യൂണ്ടിയ എന്നീ നാലു താരങ്ങള്‍ക്കെതിരെയാണ് അന്വേഷണം.
ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചു, ആരോഗ്യ വിഭാഗത്തിന് തെറ്റായ വിവരം നല്‍കി എന്നതു സംബന്ധിച്ചാണ് അന്വേഷണം. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇവര്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചിട്ടുണ്ടെന്ന വിവരം മറച്ചുവെച്ച് തങ്ങള്‍ വെനിസ്വലേയില്‍ നിന്നാണ് വരുന്നതെന്നാണ് നാല് അര്‍ജന്റീനിയന്‍ താരങ്ങള്‍ പറഞ്ഞത്.
ഇതേ തുടര്‍ന്നാണ് ബ്രസീല്‍ ഫെഡറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പരമാവധി അഞ്ച് വര്‍ഷത്തെ തടവും പിഴയും ലഭിക്കും. മത്സരം ഉപേക്ഷിച്ചയുടന്‍ തന്നെ എല്ലാ അര്‍ജന്റീന താരങ്ങളും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി.
ബ്രസീല്‍ – അര്‍ജന്റീന മത്സരത്തിനിടെ സാവോപോളോയില്‍ നാടകീയമായ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍, ബ്രസീല്‍ ആരോഗ്യ അധികൃതരും ഫെഡറല്‍ പോലീസും ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ ക്വാറന്റൈന്‍ നിയമം പാലിച്ചില്ല എന്നതാണ് അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ബ്രസീല്‍ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചത്.
ബ്രസീലിലെ കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് യുകെയില്‍ നിന്നെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇത് അര്‍ജന്റീനിയന്‍ താരങ്ങള്‍ പാലിച്ചില്ലെന്നാണ് പരാതി. കളി തടസപ്പെട്ടതിനെതുടര്‍ന്ന് ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ നേതൃത്തില്‍ അര്‍ജന്റീന ടീം ഗ്രൗണ്ട് വിട്ടിരുന്നു.

