കണ്ണൂര്‍: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനൊപ്പം പന്തുതട്ടാന്‍ അവസരം നേടി കണ്ണൂര്‍ സ്വദേശി ഷഹസാദ് മുഹമ്മദ് റാഫി. 2021-ലെ റെഡ്ബുള്‍ നെയ്മര്‍ ജൂനിയേഴ്സ് ഫൈവ് ടീമില്‍ ഇന്ത്യയില്‍ നിന്ന് ഇടംനേടിയ രണ്ടുപേരില്‍ ഒരാളാണ് പ്‌ളസ് ടു വിദ്യാര്‍ത്ഥിയായ ഷഹസാദ്. ബെംഗളൂരു സ്വദേശിയായ അവിനാശ് ഷണ്‍മുഖമാണ് രണ്ടാമന്‍.
ഇന്‍സ്റ്റഗ്രാമില്‍ കളിമികവ് വിലയിരുത്തിയാണ് തനിക്കൊപ്പം കളിക്കാനുള്ള ജൂനിയേഴ്സ് ഫൈവ് ടീമിനെ നെയ്മര്‍ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ഷഹസാദ് അപേക്ഷിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.
Outplaythemall എന്ന ഹാഷ്ടാഗില്‍ സ്വന്തം ഫുട്ബാള്‍ വൈദഗ്ധ്യം ഒരു മിനിട്ട് വീഡിയോയിലൂടെ പങ്കുവെക്കണം. ഇതില്‍നിന്നാണ് നെയ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. റെഡ്ബുള്‍ ജൂനിയര്‍ ഫൈവ്‌സ് ലോകത്തിലെ ഏറ്റവും വലിയ അമച്വര്‍ ഫൈവ്‌സ് ഫുട്ബാള്‍ ടൂര്‍ണമെന്റുകളിലൊന്നായാണ് അറിയപ്പെടുന്നത്. ഡിസംബറിലോ ജനുവരിയിലോ ഖത്തറില്‍ നടക്കുന്ന കളിയിലാണ് നെയ്മര്‍ക്കൊപ്പം കളിക്കാനുള്ള അവസരം ലഭിക്കുക.

