പരിശീലക സംഘാംഗങ്ങള്‍ക്ക്‌ കൊവിഡ്; ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കി !

മാഞ്ചസ്റ്റര്‍ : ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കി. പരിശീലകസംഘാംഗങ്ങള്‍ കൊവിഡ് ബാധിതരായ പശ്ചാത്തലത്തിലാണ് ഇന്നലെ മാഞ്ചസ്റ്ററില്‍ തുടങ്ങേണ്ടിയിരുന്ന ടെസ്റ്റ് മത്സരം റദ്ദാക്കിയത്.

മത്സരം പിന്നീട് നടത്താന്‍ ഇംഗ്‌ളീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. നാലുടെസ്റ്റുകള്‍ പിന്നിട്ടപ്പോള്‍ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

ടീം ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാറിനു കോവിഡ് ബാധിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. താരങ്ങളുടെ ആര്‍.ടി.-പി.സി.ആര്‍. പരിശോധനകള്‍ നെഗറ്റീവായിരുന്നെങ്കിലും ആരും തന്നെ തുടര്‍ന്നു കളിക്കാന്‍ താല്‍പര്യപ്പെട്ടില്ല. കോച്ച് രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭാരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവര്‍ക്കു കോവിഡ് ബാധിച്ചതിനാല്‍ ടീമിനൊപ്പം ഓള്‍ഡ് ട്രാഫോഡിലേക്കു വന്നില്ല. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ ഐസൊലേഷനിലുമാണ്. യോഗേഷ് പര്‍മാര്‍ രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങളുമായി അടുത്ത സമ്പര്‍ക്കത്തിലുമായിരുന്നു.