അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയെ പിന്തള്ളി അര്‍ജന്റീന താരം ലയണല്‍ മെസി. ലോകകപ്പ് ഫുട്‌ബോള്‍ തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബൊളീവിയയ്ക്കെതിരെ നേടിയ ഹാട്രിക്കിലൂടെയാണ് മെസി പെലെയെ മറികടന്നത്. മത്സരത്തില്‍ അര്‍ജന്റീന 3-0നു ജയിച്ചു.
14, 64, 88 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ആദ്യ ഗോള്‍ നേടിയപ്പോള്‍തന്നെ മെസിയുടെ 77 ഗോളുകളുമായി പെലെയ്ക്ക് ഒപ്പമെത്തി.79 ഗോളുകളെന്ന വന്‍കരയിലെ റെക്കാഡുമായാണ് അര്‍ജന്റീനാ നായകന്‍ കളി പൂര്‍ത്തിയാക്കിയത്. മെസിയുടെ നേട്ടം 153-ാംമത്സരത്തില്‍ നിന്നാണ്. ഇതോടെ 78 ഗോളുകള്‍ നേടിയിട്ടുള്ള ഇറാഖി താരം ഹുസൈന്‍ സയീദിനെയും മെസി മറികടന്നു.
111 ഗോളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഏറ്റവും മുന്നില്‍. അലി ദേയി (109, ഇറാന്‍), മൊക്താര്‍ ദഹാരി (89, മലേഷ്യ), ഫെറെങ്ക് പുസ്‌കാസ് (84, ഹംഗറി) എന്നിവരാണ് മുന്നില്‍. സാംബിയയുടെ ഗോഡ്ഫ്രി ചിതാലുവിനും 84 ഗോളാണ്. റൊണാള്‍ഡോയും മെസിയും മാത്രമാണ് ഈ പട്ടികയില്‍ നിലവില്‍ കളിക്കുന്നവര്‍

