സിഡ്‌നി: വനിതള്‍ക്ക് സ്‌പോര്‍ട്‌സില്‍ വിലക്കേര്‍പ്പെടുത്തിയ താലിബാന്റെ നടപടിക്കെതിരെ അതേ നാണയത്തില്‍ പ്രതിഷേധവുമായി ആസ്‌ട്രേലിയ. വനിതകളുടെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ഈ വര്‍ഷം നടക്കേണ്ട അഫ്ഗാനിസ്ഥാനെതിരായ പുരുഷന്മാരുടെ ടെസ്റ്റ് മത്സരത്തില്‍നിന്ന് പിന്‍മാറുമെന്നാണ് ആസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം അവസാനം നടക്കേണ്ട ടെസ്റ്റ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയും ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ നിലപാടിനെ പിന്താങ്ങിയിട്ടുണ്ട്.
അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ വനിതകളെ കായികമത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വനിതാ ക്രിക്കറ്റും ഇതോടെ രാജ്യത്ത് നിരോധിക്കപ്പെടും. ഇതിനാല്‍ തന്നെ അഫ്ഗാന്‍ പുരുഷ ടീമിന് ഐ.സി.സി അംഗത്വം നഷ്ടമാകും. കാരണം ഐ.സി.സി അംഗരാഷ്ട്രങ്ങള്‍ക്ക് വനിതാ ദേശീയ ടീം ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്.

