കൊച്ചി: ഇന്ത്യന്‍ ഹോക്കിയില്‍ ഇനിയും കൂടുതല്‍ ലക്ഷ്യങ്ങള്‍ സഫലമാക്കാനുണ്ടെന്നും, വിരമിക്കുന്നതിനെക്കുറിച്ചു ആലോചനയില്ലെന്നും ഒളിംപിക് വെങ്കല ജേതാവായ പി.ആര്‍. ശ്രീജേഷ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ശ്രീജേഷ്.
സ്ഥിരതയോടെ കളിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം. കളി മതിയാക്കുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചാണ്. പരിക്കിന് പിടികൊടുക്കാതെ ക്ഷമത നിലനിര്‍ത്തി മുന്നോട്ടുപോകാനാകുമെങ്കില്‍ ഇനിയും ഒരുപാടുകാലം ഇന്ത്യന്‍ കുപ്പായമണിയാം. ഒളിംപിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയതോടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നു പറയാനാകില്ല. അടുത്ത വര്‍ഷം ഒഡീഷയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കിയിലും, 2024 ലെ പാരിസ് ഒളിംപിക്സിലും മെഡല്‍ നേടുകയാണു ലക്ഷ്യമെന്നും, ഏഷ്യന്‍ ഗെയിംസിലെ പ്രകടനം പാരീസ് ഒളിംപിക്സിലേക്കു നേരിട്ടുള്ള പ്രവേശനത്തിനുള്ള അവസരമാണെന്നും താരം പറഞ്ഞു.
മാത്രമല്ല, കേരളത്തിലും രാജ്യമാകെയും ഹോക്കിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ഇതിലൂടെ സാധ്യമാകണമെന്നാണ് ആഗ്രഹം. സ്‌കൂളുകളില്‍ ഹോക്കിക്കു പ്രോത്സാഹനം നല്‍കണം. സ്‌കൂള്‍ ഗ്രൗണ്ടുകള്‍ നിര്‍ബന്ധമാക്കണം. കുട്ടികള്‍ക്കു കളിക്കാന്‍ അവസരം കൊടുക്കണം. മികച്ച കായിക അധ്യാപകരെ കണ്ടെത്തി അവര്‍ക്കു വേണ്ട പരിശീലനം നല്‍കണം. കായിക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
തന്റെ കായികാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ആത്മകഥയെഴുതാനുള്ള ഒരുക്കത്തിലാണെന്നും ശ്രീജേഷ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി.ശശികാന്ത്, ട്രഷറര്‍ സിജോ പൈനാടത്ത് എന്നിവര്‍ ചേര്‍ന്നു താരത്തിന് പ്രസ് ക്ലബിന്റെ ഉപഹാരം സമര്‍പ്പിച്ചു.

