ചരിത്രം തിരുത്തി എമ്മ ! 44 വര്‍ഷത്തിനു ശേഷം ഗ്രാന്‍ഡ്സ്ലാം ബ്രിട്ടനു സ്വന്തം, അഭിനന്ദനമറിയിച്ച് രാജ്ഞിയുടെ കത്ത് !

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിത വിഭാഗം സിംഗിള്‍സ് കിരീടം എമ്മ റാഡുകാനുവിന്. 73-ാം റാങ്കുകാരിയായ കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെയാണ് 150-ാം റാങ്കുകാരിയായ എമ്മ കീഴടക്കിയത്. ലൈലയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എമ്മ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 6-3.

44 വര്‍ഷത്തിനിടെ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയാണ് എമ്മ. 1977ല്‍ വിംബിള്‍ഡനില്‍ ജേതാവായ വിര്‍ജീനിയ വെയ്ഡിന് ശേഷം ഒരു ബ്രിട്ടീഷ് വനിത പോലും ഗ്രാന്‍ഡ്സ്ലാം ജേതാവായിട്ടില്ല. വെയ്ഡിന് (1968) ശേഷം യു.എസ് ഓപണില്‍ മുത്തമിടുന്ന ആദ്യ ബ്രിട്ടീഷ് താരവുമാണ് എമ്മ.

1999 യു.എസ് ഓപണില്‍ കണ്ട സെറീന വില്യംസ് (17)-മാര്‍ട്ടിന ഹിംഗിസ് (18) കൗമാര ഫൈനലിന് ശേഷം ഇതാദ്യമായായിരുന്നു കൗമാര ഫൈനലിന് ടെന്നീസ് കോര്‍ട്ട് സാക്ഷ്യം വഹിച്ചത്.

സെറീനക്ക് ശേഷം യു.എസ് ഓപ്പണില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് എമ്മ. സെറീനക്ക് (2014) ശേഷം ഒരുസെറ്റ് പോലും നഷ്ടപ്പെടാതെ യു.എസ് ഓപ്പണില്‍ ജേതാവാകുന്ന താരം കൂടിയാണ് എമ്മ.

എമ്മയുടെ തിളക്കമാര്‍ന്ന വിജയത്തെ അഭിനന്ദിച്ച് എലിസബത്ത് രാജ്ഞി രംഗത്തെത്തിയിരുന്നു. എമ്മയെ അഭിനന്ദിച്ചുകൊണ്ട് ഒരു തുറന്ന കത്താണ് രാജ്ഞി എഴുതിയത്. നിന്റെ അര്‍പ്പണബോധത്തിനും കഠിനാദ്ധ്വാനത്തിനും കിട്ടിയ പ്രതിഫലമാണ് ഈ വിജയം എന്നെഴുതിയ രാജ്ഞി, ലെയ്‌ലാ ഫെര്‍ണാണ്ടസിനെതിരെ എമ്മ നടത്തിയ പോരാട്ടം വരും തലമുറകള്‍ക്ക് പ്രചോദനമാകും എന്നും പറഞ്ഞു. നിനക്കും, നിന്റെ ആയിരക്കണക്കിന് ആരാധകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് രാജ്ഞി കത്ത് അവസാനിപ്പിക്കുന്നത്.

രാജ്ഞിയുടെ കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ വില്യമും കെയ്റ്റും എമ്മയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്ററിലെത്തി. നിന്നെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ രാജകുമാരന്‍ അവസാന നിമിഷം വരെ പോരാടി തോറ്റ ലെയ്‌ല ഫെര്‍ണാണ്ടസിനെയും അഭിനന്ദിച്ചു. ചാള്‍സ് രാജകുമാരന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു എമ്മയ്ക്ക് അഭിനന്ദനം അര്‍പ്പിച്ചത്. തീര്‍ത്തും അതിശയകരമായ നേട്ടം എന്നായിരുന്നു ചാള്‍സ് ഈ വിജയത്തെ വിശേഷിപ്പിച്ചത്.

മാത്രമല്ല, പ്രധാനമന്ത്രി ബോറിസ്ജോണ്‍സണ്‍, ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമും എമ്മയ്ക്ക് അഭിനന്ദനമറിയിച്ചു.