ന്യൂഡല്‍ഹി: ഒരു ഉപദേശകന്‍ വേണമെന്ന ചിന്ത ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉണ്ടായതാണെന്ന് ധോണിയുടെ നിയമനത്തിനെതിരെ ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. ധോണിയെ ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ഉപദേശകനായി നിയമിക്കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് അജയ് ജഡേജയുടെ പ്രതികരണം.
ധോണിയെ ഉപദേശകനാക്കിയ തീരുമാനം ഇതുവരെ മനസിലായിട്ടില്ല. ഇതിന് പിന്നിലെ അവരുടെ ചിന്ത എന്താണ് എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഞാന്‍ ധോണിയെ കുറിച്ചല്ല പറയുന്നത്. ധോണിയുടെ അറിവ് എത്ര മാത്രമെന്നോ, എത്രത്തോളം ധോണിയെ ഉപയോഗിക്കാന്‍ സാധിക്കുമെന്നോ ഒന്നുമല്ല ഞാന്‍ പറയുന്നത്. എന്തിന് ഇത് ചെയ്തു എന്ന ചോദ്യമാണ് ഉയരുന്നതെന്ന് അജയ് ജഡേജ പറഞ്ഞു.
തന്നേക്കാള്‍ വലിയ ആരാധകന്‍ ധോണിക്കില്ലെന്നും, വിരമിക്കുന്നതിന് മുമ്പ് തന്നെ അടുത്ത നായകനെ തീരുമാനിച്ച താരമാണ് ധോണി, എന്നാല്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതേക്ക് ഇന്ത്യയെ എത്തിച്ച പരിശീലകനാണ് ഇപ്പോഴുള്ളത്. പിന്നെ ഒരൊറ്റ രാത്രിയില്‍ എങ്ങനെയാണ് മെന്റര്‍ വേണമെന്ന ചിന്ത ഉദിച്ചത്. ഈ ചിന്ത എന്നെ അത്ഭുതപ്പെടുത്തുന്നതായും അജയ് ജഡേജ വ്യക്തമാക്കി.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടീമിന്റെ ഉപദേശകനായി ധോണിയേയും പ്രഖ്യാപിച്ചത്. ആരാധകര്‍ വലിയ ആവേശത്തോടെയായിരുന്നു തീരുമാനത്തെ സ്വീകരിച്ചത്.

