കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചു. 2011ല്‍ ടെസ്റ്റില്‍നിന്നും 2019ല്‍ ഏകദിനത്തില്‍നിന്നും മലിംഗ വിരമിച്ചിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു. അടുത്ത സീസണില്‍ താരം കളത്തിലുണ്ടാകില്ല.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ്. ആക്ഷന്‍ കൊണ്ടും ശ്രദ്ധേയമായ മലിംഗയുടെ യോര്‍ക്കറുകള്‍ ബാറ്റ്സ്മാന്മാരെ വിറപ്പിച്ചിരുന്നു. ട്വന്റി20 ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് മുപ്പത്തെട്ടുകാരന്‍. 295 മത്സരങ്ങളില്‍ 390 വിക്കറ്റെടുത്തു. 19.68 ആയിരുന്നു ബൗളിങ് ശരാശരി.
രാജ്യാന്തര ട്വന്റി20യില്‍ 83 മത്സരങ്ങളില്‍ 107 വിക്കറ്റ് നേടിയിട്ടുണ്ട്. 2014ലെ ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ചു കിരീടങ്ങളില്‍ പങ്കാളിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു അവസാന രാജ്യാന്തര മത്സരം. സോഷ്യല്‍ മീഡിയയിലൂടെയാണ് മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചത്

