ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഗ്രാന്‍ഡ്സ്ലാം കിരീടം ഡാനില്‍ മെദ്വദേവിന്; ജോക്കോവിച്ചിന് കണ്ണീരോടെ മടക്കം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി റഷ്യയുടെ ഡാനില്‍ മെദ്വദേവിന് കിരീടം. തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഡാനില്‍ മെദ്വദേവ് സ്വന്തമാക്കിയിരിക്കുന്നത്.

മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച മെദ് വദേവ് ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നല്‍കിയില്ല. സ്‌കോര്‍ 6 – 4, 6 – 4, 6 – 4. കിരീടം നേടിയാല്‍ 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടം ജോക്കോവിച്ചിനെ തേടി എത്തുമായിരുന്നു. തോല്‍വിക്ക് ശേഷം കണ്ണീരോടെയാണ് സെര്‍ബിയന്‍ താരം കളം വിട്ടത്.

എന്നാല്‍, 2019 യുഎസ് ഓപ്പണ്‍ ഫൈനലില്‍ റഫാല്‍ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവില്‍ കൈവിട്ട കിരീടം മെദ്‌വദേവ് ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു.