Sports (Page 166)

ഷാര്‍ജ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചുറണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ് കിംഗ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സേ നേടാനായുള്ളൂവെങ്കിലും, ആ അവസരവും മുതലാക്കാന്‍ സണ്‍റൈസേഴ്‌സിന് കഴിഞ്ഞില്ല. അവര്‍ക്ക് 20 ഓവറില്‍ 120/7 എന്ന സ്‌കോറിലേ എത്താനായുള്ളൂ .

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുകയും അധികം റണ്‍സ് വഴങ്ങാതിരിക്കുകയും ചെയ്താണ് സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ പഞ്ചാബിനെ പിടിച്ചുകെട്ടിയത്. ഇതേ തന്ത്രംതന്നെ പഞ്ചാബും തിരിച്ചുപ്രയോഗിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയ്യും ഒരു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗും ചേര്‍ന്ന് സണ്‍റൈസേഴ്‌സ് ചേസിംഗിനെ നിയന്ത്രിച്ചു. വാര്‍ണര്‍(2),കേന്‍ വില്യംസണ്‍(1), മനീഷ് പാണ്ഡെ(13), കേദാര്‍ യാദവ് (12) എന്നിവര്‍ നേരത്തെ പുറത്തായത് സണ്‍റൈസേഴ്‌സിന് തിരിച്ചടിയായി. വൃദ്ധിമാന്‍ സാഹ (31),ജാസണ്‍ ഹോള്‍ഡര്‍ (47*) എന്നിവരുടെ പോരാട്ടവും പാഴായി.

ഈ സീസണിലെ ഒന്‍പത് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സിന്റെ എട്ടാം തോല്‍വിയാണിത്. ഇതോടെ സണ്‍റൈസേഴ്‌സ് പ്‌ളേ ഓഫില്‍ കടക്കാനുള്ള സാദ്ധ്യതകള്‍ തീര്‍ത്തും മങ്ങി.10 മത്സരങ്ങളില്‍ എട്ടുപോയിന്റുമായി പഞ്ചാബ് അഞ്ചാമതാണ്.

മുംബൈ: ഇന്ത്യയുടെ വിരമിച്ച ക്രിക്കറ്റര്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കാനൊരുങ്ങി ബിസിസിഐ. ബിസിസിഐ അപെക്‌സ് കൗണ്‍സിലില്‍ ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസ്സിയേഷന്‍ പ്രതിനിധിയായ അന്‍ഷുമാന്‍ ഗായക്വാഡ് ആണ് ഈ വിവരം വ്യക്തമാക്കിയത്.

25 ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും കളിച്ച താരങ്ങള്‍ക്കും മുന്‍ ക്രിക്കറ്റര്‍മാരുടെ വിധവകള്‍ക്കും വനിത പ്രാദേശിക ക്രിക്കറ്റര്‍മാര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

ഇതുസംബന്ധിച്ച്, സൗരവ് ഗാംഗുലി അടുത്ത മീറ്റിംഗില്‍ ഒരു പ്രൊപ്പോസലുമായി എത്തുമെന്ന് അന്‍ഷുമാന്‍ അറിയിച്ചു. തുടക്കത്തില്‍ 25 ഫസ്റ്റ് ക്ലാസ് മത്സരം എന്നാണെങ്കിലും വൈകാതെ അത് പത്ത് മത്സരമായി കുറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. വരുന്ന സീസണില്‍ പ്രാദേശിക ക്രിക്കറ്റര്‍മാരുടെ വേതനം ഉയര്‍ത്തുവാനും ബിസിസിഐ തീരുമാനിച്ചു.

അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാനെ 33 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ആറുവിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 121/6 എന്ന സകോറിലേ എത്തിയുള്ളൂ.

മലയാളി താരം സഞ്ജു പുറത്താകാതെ 70 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല.

ഡല്‍ഹിക്ക് വേണ്ടി 32 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 43 റണ്‍സ് നേടിയ മുന്‍ നായകന്‍ ശ്രേയസ് അയ്യരാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (8) നാലാം ഓവറില്‍ പുറത്തായശേഷം ക്രീസിലെത്തിയ അയ്യര്‍ 14-ാം ഓവര്‍ വരെ പൊരുതിനിന്നു.

സീസണിലെ അഞ്ചാമത്തെ തോല്‍വി വഴങ്ങിയ രാജസ്ഥാന്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എട്ടുപോയിന്റുമായി ആറാം സ്ഥാനത്താണ്.

സിഡ്‌നി: ഇന്ത്യ – ഓസ്ട്രേലിയ വനിതകളുടെ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം. അവസാന പന്തുവരെ നീണ്ട നിന്ന ത്രില്ലര്‍ മത്സരത്തില്‍ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് ജയം നേടി.

ഇന്ത്യ ഉയര്‍ത്തിയ 273 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണര്‍ ബെത്ത് മൂണി (125) നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഓസ്ട്രേലിയന്‍ ജയത്തിന്റെ ആണിക്കല്ല്. തഹ്ലിയ മഗ്രാത്തിന്റെ(74) മികച്ച പിന്തുണയും ഉണ്ടായിരുന്നു. മോശം തുടക്കത്തിന് ശേഷം ആണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 274 റണ്‍സാണ് നേടിയത്. 86 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. റിച്ച ഘോഷ് 44 റണ്‍സ് എടുത്തു.

അബൂദാബി: വേറിട്ട വിനോദങ്ങള്‍ക്ക് തുടക്കം കുറിച്ച് അബൂദാബി. വെള്ളത്തിനടിയിലെ ഹോക്കിയാണ് പുതിയ ട്രെന്‍ഡ്. ഈ മല്‍സരങ്ങളുമായി നിരവധി പേരാണ് സജീവമായിരിക്കുന്നത്.

വിദേശരാജ്യങ്ങളിലൊക്കെ ശ്രദ്ധയാകര്‍ഷിക്കുന്ന വേറിട്ട കായികവിനോദമാണ് അബൂദബിയിലും പ്രചാരത്തിലെത്തിയിരിക്കുന്നത്.

നീളംകുറഞ്ഞ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആറുപേരാണ് രണ്ടുടീമുകളായി മല്‍സരിക്കുന്നത്. വെള്ളത്തിനടിയിലെ സഞ്ചാരം സുഗമമാക്കുന്നതിനായി ‘തുഴച്ചില്‍ ഉപകരണം’ കാലിലണിഞ്ഞും ഓക്സിജന്‍ മാസ്‌ക് ധരിച്ചുമാണ് കളിക്കാര്‍ ഏറ്റുമുട്ടുന്നത്.

നീന്തല്‍ വൈദഗ്ധ്യവും ഹോക്കി കളിമികവും ഒത്തുചേര്‍ന്നൊരു അഭ്യാസിക്കു മാത്രമേ ഈ ഹോക്കികളി വഴങ്ങൂ എന്നതാണ് ഈ മല്‍സരത്തിന്റെ പ്രത്യേകത.

ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയിന്റുമായി പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയിന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്.

ചെന്നൈയ്ക്കു വേണ്ടി ഋതുരാജ് ഗൈക്വര്‍ഡും ഫാഫ് ഡു പ്ലെസിയും 71 റണ്‍സ് നേടിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ പുറത്തായി. 26 പന്തില്‍ 38 റണ്‍സ് നേടിയ ഋതുരാജ്നെ ചഹാലിന്റെ പന്തില്‍ വിരാട് കോലി തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഫാഫ് ഡു പ്ലെസിയെ ഗ്ലെന്‍ മാക്സ് വെല്ലും പുറത്താക്കി.

എന്നാല്‍ പിന്നീട് ഇറങ്ങിയ മോയിന്‍ അലിയും അമ്ബാട്ടി റായിഡുവും അവസരത്തിനൊത്ത് ബാറ്റ് വീശി. ഇരുവരെയും ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയെങ്കിലും സുരേഷ് റെയ്‌നയും ധോണിയും ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. സ്‌കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 156-6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.2 ഓവറില്‍ 157-4.

ദുബായ്: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് രണ്ടാം തോല്‍വി. ഏഴ് വിക്കറ്റിന് കൊല്‍ക്കത്ത മുംബൈയെ തകര്‍ത്തു. ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. മുംബൈ ആറാം സ്ഥാനത്തേക്ക് പിന്തള്ളി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് രോഹിത്തും ഡികോക്കും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് ആണ് മുംബൈ കണ്ടെത്തിയത്. 42 പന്തില്‍ നിന്ന് 55 റണ്‍സ് എടുത്ത ഡികോക്കാണ് ടോപ് സ്‌കോറര്‍.

156 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ജയം അനായാസമായിരുന്നു. വെങ്കടേഷ് അയ്യരും രാഹുല്‍ ത്രിപദിയും ഒരുമിച്ച് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. 30 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്സും സഹിതം വെങ്കടേഷ് അയ്യര്‍ 53 റണ്‍സ് നേടി. 42 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും പറത്തി രാഹുല്‍ ത്രിപദി 74 റണ്‍സ് കണ്ടെത്തി. 15.1 ഓവറില്‍ കൊല്‍ക്കത്ത വിജയ ലക്ഷ്യം മറികടന്നു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്ന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

മാഞ്ചെസ്റ്റര്‍: വരുമാനത്തില്‍ അര്‍ജന്റീനിയന്‍ താരം മെസിയെയും പിന്തള്ളി പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോര്‍ബ്സ് മാസിക പുറത്തുവിട്ട പുതിയ കണക്കുകള്‍ ക്രിസ്റ്റ്യാനോ നേട്ടം ചൂണ്ടിക്കാട്ടുന്നുണ്ട്.

യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം വര്‍ദ്ധിച്ചത്. ഫോര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം കളിക്കളത്തില്‍ നിന്നും പരസ്യങ്ങളില്‍നിന്നുമൊക്കെയായി ക്രിസ്റ്റാനോയുടെ വരുമാനം 125 ദശലക്ഷം ഡോളറാണ് (ഏകദേശം 1083 കോടി രൂപ). ഇതില്‍ 70ദശലക്ഷം ശമ്പളത്തിലൂടെയും ബോണസിലൂടെയും ലഭിച്ചു. ബാക്കിയുള്ള തുകയാണ് പരസ്യങ്ങളില്‍ നിന്ന് ലഭിച്ചത്.

ഈ സീസണില്‍ ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജിയിലേക്ക് മാറിയ ലയണല്‍ മെസിയുടെ സമ്പാദ്യം 110 ദശലക്ഷം ഡോളറാണ് (ഏകദേശം 952 കോടി രൂപ). 75ദശലക്ഷം ശമ്പളവും ബാക്കി പരസ്യവരുമാനവുമാണ്. പി.എസ്.ജിയുടെ തന്നെ താരങ്ങളായ നെയ്മര്‍ (95ദശലക്ഷം ഡോളര്‍), കിലിയന്‍ എംബാപ്പെ (43), മൊഹമ്മദ് സലാ (41) എന്നിവരാണ് വരുമാനത്തില്‍ പിന്നിലായുള്ളത്.

ദുബായ്: ഐപിഎല്‍ പഞ്ചാബ് കിങ്‌സ് ഓള്‍റൗണ്ടറായ ദീപക് ഹൂഡ ഒത്തുകളി വിവാദത്തില്‍. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം താരത്തിനെതിരെ അന്വേഷണം നടത്താനൊരുങ്ങുകയാണ്. രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മുന്‍പ് ദീപക് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും ക്യാപ്ഷനുമാണ് താരത്തെ കുടുക്കിയത്. ഇതാ നമ്മള്‍ തുടങ്ങുകയായി (ഹിയര്‍ വി ഗോ) എന്നാണ് ദീപക് ഹൂഡ, ടീം ഹെല്‍മറ്റും തലയില്‍ വെച്ചുള്ള തന്റെ ഫോട്ടോയില്‍ കുറിച്ചത്.

ടീം അംഗങ്ങളില്ലാതെ ഹൂഡയുടെ മാത്രം ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ടീമിന് പുറത്തുനിന്നുള്ളവര്‍ക്ക് ടീം കോംബിനേഷനെക്കുറിച്ച് സൂചന നല്‍കുന്നതാണോ ഹൂഡയുടെ ചിത്രമെന്നതിനെക്കുറിച്ചായിരിക്കും അന്വേഷണമെന്ന് ബിസിസിഐ അഴിമതിവിരുദ്ധ സമിതി അംഗത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മത്സരദിവസമായ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഹൂഡ ഇസ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

കളിക്കാര്‍ മത്സരത്തിന് മുമ്പും ശേഷവും സമൂഹമാധ്യമങ്ങളില്‍ എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്നും, ഹൂഡ ഇത് ലംഘിച്ചോ എന്നാണ് അന്വേഷിക്കുകയെന്നും അഴിമതിവിരുദ്ധ സമിതി വ്യക്തമാക്കി. കൊവിഡ് മൂലം ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയതിനാല്‍ മൂന്ന് വേദികളില്‍ മാത്രമാണ് മത്സരങ്ങള്‍ നടക്കുന്നത്. കളിക്കാരുടെ സ്വതന്ത്രമായ സഞ്ചാരത്തിനും തടസമുണ്ട്. ഈ സാഹചര്യത്തില്‍ കളിക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നത് വാതുവെപ്പ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ കളിക്കാരോട് മുന്‍കരുതലെടുക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. പല താരങ്ങളുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്നത് പി ആര്‍ ഏജന്‍സികള്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇസ്ലാമാബാദ്: സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പാക് പര്യടനത്തില്‍ നിന്നും ന്യൂസിലാന്റ് ക്രിക്കറ്റ് ടീം പിന്‍മാറാനുള്ള കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാന്‍.

ന്യൂസിലാന്റ് ടീമിന് ഭീഷണി മുഴക്കി ലഭിച്ച ഇ-മെയില്‍ ഇന്ത്യയില്‍ നിന്നാണ് വന്നത് എന്നാണ് ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രി ഷേക്ക് റഷീദ് അഹമ്മദിന്റെ സാന്നിധ്യത്തില്‍ പാക് പബ്ലിക്ക് റിലേഷന്‍ മന്ത്രി ഫവാദ് ചൗദരി ആരോപിച്ചത്.

അതേ സമയം പാകിസ്ഥാന്‍ വാദം ‘അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളാണ്’ എന്ന് ഇന്ത്യ പ്രതികരിച്ചു. ‘ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് പാകിസ്ഥാന്റെ പുതിയ രീതിയല്ല. ഇത്തരം ആരോപണം ഉന്നയിക്കുന്ന സമയത്ത് പാകിസ്ഥാന്‍ സ്വന്തം നാട്ടില്‍ തീവ്രവാദ ശക്തികള്‍ക്ക് താവളം ഒരുക്കുന്നത് തടയാനും, സ്വന്തം നാട്ടിലെ സ്ഥിതി നല്ല രീതിയിലാക്കാനും ശ്രമിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരീന്‍ദം ബാഗ്ജി പ്രതികരിച്ചു.

18 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ കളിക്കാന്‍ എത്തിയ ന്യൂസിലാന്റ് വെള്ളിയാഴ്ചയാണ് തങ്ങളുടെ സന്ദര്‍ശനം റദ്ദാക്കിയത്. ഇതിന് പിന്നാലെ പ്രഖ്യാപിച്ച പാക് പമ്പരയില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും പിന്‍മാറി. അടുത്ത മാസമായിരുന്നു പാകിസ്ഥാന്‍ വേദിയായി ഇംഗ്ലണ്ട് പാകിസ്ഥാന്‍ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.