ഐപിഎല്‍; സണ്‍റൈസേഴ്സിനെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

ദുബായ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി കളി തീരാന്‍ 13 പന്തുകള്‍ ശേഷിക്കേ വിജയം സ്വന്തമാക്കി.

ശ്രേയസ് അയ്യര്‍ (41 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 47), നായകനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത് (21 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 35) എന്നിവര്‍ ഡല്‍ഹിയുടെ ജയം അനായാസമാക്കി. ഓപ്പണര്‍ ശിഖര്‍ ധവാനും (37 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 42) മികച്ച ഫോമിലായിരുന്നു. ഓപ്പണര്‍ പൃഥ്വി ഷാ (11) യ്ക്ക് രണ്ടക്കത്തിലേക്ക് കടക്കാന്‍മാത്രമേയായുള്ളൂ.

അബ്ദുള്‍ സമദ് (21 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 28), റാഷിദ് ഖാന്‍ (19 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 22) എന്നിവരുടെ ഇന്നിങ്സുകളാണു സണ്‍റൈസേഴ്സിനെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെ (0) അവര്‍ക്കു നഷ്ടമായി. വൃദ്ധിമാന്‍ സാഹയും (17 പന്തില്‍ 18) നായകന്‍ കെയ്ന്‍ വില്യംസണും (26 പന്തില്‍ 18) ചേര്‍ന്നു നടത്തിയ മുന്നേറ്റവും ഫലം കണ്ടില്ല. സാഹയെ കാഗിസോ റബാഡ ശിഖര്‍ ധവാന്റെ കൈയിലെത്തിച്ചു. വില്യംസണിനെ അക്ഷര്‍ പട്ടേല്‍ ഷിംറോണ്‍ ഹിറ്റ്മീറിന്റെ കൈയിലുമാക്കി.

മനീഷ് പാണ്ഡെയെ (16 പന്തില്‍ 17) റബാഡ സ്വന്തം ബൗളിങില്‍ പിടികൂടിയതോടെ സണ്‍റൈസേഴ്സ് തകര്‍ന്നു. അവസാന ഓവറുകളില്‍ അബ്ദുള്‍ സമദും റാഷീദ് ഖാനും ചേര്‍ന്നു നടത്തിയ പോരാട്ടമാണ് സണ്‍റൈസേഴ്സിനെ 134 ലെത്തിച്ചത്. 37 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് മത്സരത്തില്‍ തിളങ്ങി. നോര്‍ടിയ 12 റണ്‍ മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് സ്വന്തമാക്കി.