ഐപിഎല്‍; പഞ്ചാബ് കിങ്സിന് അവിശ്വസനീയ തോല്‍വി, ത്യാഗിയുടെ മികവില്‍ രാജസ്ഥാനു രണ്ടു റണ്‍സ് ജയം

ദുബായ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് രണ്ടു റണ്‍സിന്റെ ജയം. രാജസ്ഥാന്‍ യുവതാരം കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രമെടുക്കാനേ പഞ്ചാബ് കിംഗ്‌സിന് സാധിച്ചുള്ളൂ. വെറും നാല് റണ്‍സ് മാത്രമാണ് അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

രാജസ്ഥാന്‍ നല്‍കിയ 186 റണ്‍സ് വിജയ ലക്ഷ്യത്തെ പഞ്ചാബ് കിംഗ്‌സ് അനായാസം മറികടക്കുമെന്നാണ് 19-ാം ഓവര്‍ വരെ ഏവരും കരുതിയത്. കെഎല്‍ രാഹുലിന്റെ ക്യാച്ചുകള്‍ മൂന്ന് തവണ രാജസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടപ്പോള്‍ മയാംഗും രാഹുലും ചേര്‍ന്ന് ടീമിന് മികച്ച തുടക്കം നല്‍കുകയായിരുന്നു. 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയര്‍ത്തിയത്. മായങ്ക് അഗര്‍വാള്‍ 67 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ലോകേഷ് രാഹുല്‍ 49 റണ്‍സ് നേടി. എന്നാല്‍ പിന്നീട് വന്നവര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടതാണ് പഞ്ചാബിന് അടിയായത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 184 റണ്‍സിന് ഓള്‍ ഔട്ടായി. 49 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റണ്‍സെടുത്ത മഹിപാല്‍ ലോംറോറിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് അഞ്ചുവിക്കറ്റ് വീഴ്ത്തി. നായകന്‍ സഞ്ജുവിന് നാല് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.