ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ്, പാരാലിമ്പിക്സ് മെഡല്‍ നേതാക്കളുടെ കായിക ഉപകരണങ്ങള്‍ ലേലത്തിന്. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയും ബോക്സിങില്‍ വെങ്കലം നേടിയ ലോവ്ലിന ബൊര്ഗോഹെയ്ന് എന്നിവരുപയോഗിച്ച കായിക ഉപകരണങ്ങള്‍ക്കാണ് ലേലത്തില്‍ വന്‍ ഡിമാന്‍ഡ്. നീരജിന്റെ ജാവലിനും ലോവ്ലിനയുടെ ഗ്ലൗസുകള്‍ക്കും 10 കോടി രൂപ വീതമാണ് ഓഫര്‍ വന്നത്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച സമ്മാനങ്ങളുടെയും മൊമെന്റോകളുടെയും ഇ-ലേലം സംഘടിപ്പിച്ചത്. ഇവയിലാണ് ഒളിമ്പിക്സിലെയും പാരാലിമ്പിക്സിലെയും മെഡല്‍ ജേതാക്കള്‍ മോദിക്കു സമ്മാനിച്ച കായിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലേലത്തില്‍ വച്ചത്.
വെള്ളിയാഴ്ച തുടങ്ങിയ ഇ-ലേലം അടുത്ത മാസം ഏഴു വരെ നീളും. പാരാലിമ്പിക്സില്‍ ലോക റെക്കോഡ് കുറിച്ച് സ്വര്‍ണം കൊയ്ത സുമിത് ആന്റിലും ജാവലിന്‍ പ്രധാനമന്ത്രിക്കു സമ്മാനിച്ചിരുന്നു. ഇതിനു മൂന്നു കോടി വരെ ലഭിച്ചിട്ടുണ്ട്.
വെങ്കല മെഡല്‍ ജേതാവ് പി.വി. സിന്ധുവിന്റെ റാക്കറ്റും ബാഗും ഇന്ത്യന്‍ വനിതാ ടീമിന്റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് എന്നിവയും ലേലത്തിനു വച്ച സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. സിന്ധുവിന്റെ റാക്കറ്റിന് ഇതുവരെ ലഭിച്ച ഉയര്‍ന്ന തുക രണ്ടു കോടിയും ഹോക്കി സ്റ്റിക്കിന് ഒരു കോടിയുമാണ്. നീരജിന്റെ ജാവലിന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. ലോവ്ലിനയുടെ ഗ്ലൗസിന് അടിസ്ഥാന വില 80 ലക്ഷമായിരുന്നു.

