ഇനി മുതൽ നെക്ക് ഗാർഡ് നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാർ നിർബന്ധമായും ‘നെക്ക് ഗാർഡ്’ ധരിക്കണം. ഇതോടെ വെറ്ററൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ‘നെക്ക് പ്രൊട്ടക്ടർ’ അണിയേണ്ടി വരും. 2015-ലാണ് ‘നെക്ക് പ്രൊട്ടക്ടർ’ അവതരിപ്പിക്കുന്നത് എന്നാൽ അന്ന് മുതൽ ‘നെക്ക് ഗാർഡുകൾ’ ഉപയോഗിക്കാൻ ഇരുവരും വിസമ്മതിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയൻ കായിക താരം കാമറൂൺ ഗ്രീനിന് പേസർ കഗിസോ റബാഡയുടെ ബൗൺസർ ബോള്ളിൽ പരിക്കേറ്റതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളുന്നത്. താരങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നൽകുന്നതാണ് പുതിയ തീരുമാനം. ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റിൽ ഫാസ്റ്റ്/മീഡിയം പേസ് ബൗളർമാരെ നേരിടുമ്പോൾ ഓസ്‌ട്രേലിയൻ കളിക്കാർ ‘നെക് ഗാർഡ്’ നിർബന്ധമായും ധരിക്കണമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അതുകൊണ്ട് തന്നെ വരും വർഷങ്ങളിലെ വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഫിലിപ്പ് ഹ്യൂസിന്റെ ദാരുണമായ മരണത്തെത്തുടർന്ന് 2015-ൽ നെക്ക് പ്രൊട്ടക്ടറുകളുടെ ഉപയോഗം സിഎ ശുപാർശ ചെയ്തിരുന്നുവെങ്കിലും പല വെറ്ററൻ താരങ്ങളും ഇതിനോട് വിമുഖത കാണിച്ചിരുന്നു. അസ്വസ്ഥത കാണിച്ച് പലരും ഇത് ധരിക്കാൻ കൂട്ടക്കാത്ത സ്ഥിതിയാനുള്ളത്. എന്നാൽ ഇനി അത് സാധ്യമാവില്ല. 2016-ൽ ഡേവിഡ് വാർണർ താൻ ഇത് ധരിക്കില്ല എന്ന നിലപാട് അറിയിച്ചിരുന്നു. ഉസ്മാൻ ഖവാജയും നിലവിൽ ബാറ്റ് ചെയ്യുമ്പോൾ പ്രൊട്ടക്ടർ ധരിക്കാറില്ല. അതേസമയം സ്പിന്നർമാരെ നേരിടുമ്പോൾ, കൂടാതെ വിക്കറ്റ് കീപ്പർമാർക്കും അടുത്ത ഫീൽഡർമാർക്കും ഈ നിയമം ബാധകമല്ല.

