രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് മറികടന്ന് രോഹിത് ശര്‍മ. ശ്രീലങ്കയിലെ കൊളംബോയില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആതിഥേയര്‍ക്കെതിരേയാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. ഇതോടുകൂടി10,000 റണ്‍സ് മറികടക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി രോഹിത് മാറി. രാജ്യാന്തര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന പതിഞ്ചാമത്തെ താരമാണ് രോഹിത്. ഇന്ത്യൻ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്ര സിങ് ധോണി എന്നിവരാണ് രോഹിതിനു മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഏറ്റവും വേഗത്തില്‍ 10,000 കടക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും രോഹിത് തന്റെ പേരിലാക്കി. വിരാട് കോഹ്‌ലിയാണ് അതിവേഗ കണക്കില്‍ ഒന്നാമന്‍.
നേട്ടം കൈവരിക്കാന്‍ 22 റണ്‍സ് കൂടി വേണമെന്ന നിലയിലാണ് രോഹിത് ബാറ്റിങ്ങിനിറങ്ങിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഏഴാം ഓവറിന്റെ അഞ്ചാം പന്തില്‍ ലങ്കന്‍ പേസര്‍ കസുന്‍ രജിതയ്‌ക്കെതിരേ ഒരു സിക്‌സറിലൂടെയാണ് രോഹിത് 10,000 റൺസ് എന്ന അഭിമാന നേട്ടം കൈവരിച്ചത്. 248 മത്സരങ്ങളിലായി 240 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് 10,000 എന്ന സഖ്യയിലോട്ട് എത്തിയത്.
അതെ സമയം, ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ സ്റ്റേജിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. കൊളംബോയിലെ ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യഘട്ടത്തിൽ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്.

