Sports (Page 15)

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. 2023-2024 വർഷത്തെ മത്സരത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 29 അംഗ ടീമാണ് അതിൽ 11 പേർ പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയും ഉണ്ട്. രാഹുല്‍ കെ.പി, സച്ചിൻ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെൻ, വിബിൻ മോഹനൻ എന്നി ആറുപേരാണ് ടീമിലെ മലയാളി സാനിധ്യം. ഇവാന്‍ വുകോമനോവിച്ച്‌ പരിശീലിപ്പിക്കുന്ന ടീമിനെ അഡ്രിയാൻ ലൂണയാണ് നയിക്കുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തോടെ പുതിയ ഐ എസ് എല്‍ സീസണ്‍ ആരംഭിക്കും. അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, മാര്‍ക്കോ ലെസ്‌കോവിച്ച്‌, മിലോസ് ഡ്രിങ്‌സിച്, ക്വാമെ പെപ്ര, ഡെയ്‌സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും ക്ലബിനൊപ്പമുണ്ട്. ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. കൊച്ചിയില്‍ സെപ്റ്റംബര്‍ 21 ന് രാത്രി എട്ടുമണിക്കാണ് മത്സരം.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ താരം തന്നെ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു സഞ്ജു സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. “അത് അങ്ങനെയാണ്, മുന്നോട്ടു പോകാനാണു തീരുമാനം.”- എന്നാണ് സഞ്ജു തന്നെ ഫെയ്സ്ബുക്കിൽ കുറിച്ചത്. നേരത്തേ ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.

ഈ മാസം 21നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പര തുടങ്ങുന്നത്. ഏഷ്യ കപ്പിൽ റിസേർവ് താരമായി സഞ്ജുവും ശ്രീലങ്കയിലേക്ക് പോയിരുന്നു എന്നാൽ രണ്ടു മത്സരങ്ങൾക്ക് ശേഷം രാഹുൽ ടീമിനൊപ്പം ചേർന്നതോടെ സഞ്ജു നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ലോകകപ്പിന് തൊട്ടു മുൻപുള്ള പരമ്പരയിൽ സീനിയർ താരങ്ങൾ ഉണ്ടാവില്ല. ആദ്യത്തെ രണ്ട് മത്സരങ്ങൾക്ക് ശേഷമവും സീനിയർ താരങ്ങൾ കളത്തിലേക്ക് ഇറങ്ങുക.

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.കെ എൽ രാഹുലാണ് ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ മലയാളി താരം സഞ്ജു സാംസൺ ഈ ഏക ദിന പരമ്പരയിലും ടീമിന്റെ ഭാഗമല്ല. രോഹിത് ശർമ, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ നിലവിൽ വിശ്രമത്തിലാണ്. ആദ്യ രണ്ടു മത്സരങ്ങളിൽ രാഹുൽ ടീമിനെ നയിക്കും. മൂന്നാം ഏക ദിനത്തിൽ രോഹിത്തിന്റെ നേതൃത്വത്തിലുള്ള ലകകപ്പ് ടീമിനെയാണ് ഇന്ത്യ രംഗത്തിറക്കുക. ആദ്യ രണ്ടു മത്സരങ്ങളിലാണ് സീനിയർ താരങ്ങൾ മാറി നിൽക്കുക.

സഞ്ജു ടീമിലില്ലെങ്കിലും തിലക് വർമയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന റുതു രാജ് ഗെയ് വാദും, ടീമിലുണ്ട്. കൂടാതെ ആർ അശ്വിനും വാഷിംഗ് ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാലിയിൽ സെപ്റ്റംബർ 22 നും ഇൻഡോറിൽ 24 നും രാജ്‌കോട്ടിൽ 27 നുമാണ് മത്സരങ്ങൾ നടക്കുക.

ലോകകപ്പിന് മുന്നോടിയായി രോഹിത് ശർമ്മയ്ക് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്. ഏഷ്യ കപ്പിലെ ഇന്ത്യയുടെ ഗംഭീര വിജയം, ലോകകപ്പ് പ്രതീക്ഷകൾക്ക് മാറ്റു കൂട്ടുന്നതാണ്. രോഹിത് ശർമ്മയെന്ന കളിക്കാരനെ ഈ വിജയം ലോകശ്രദ്ധയിലെത്തിച്ചു. എട്ടാം തവണയാണ് ഇന്ത്യ ഏഷ്യ കപ്പ് കിരീടം നേടുന്നത്. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇത് രണ്ടാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. നിലവിൽ നല്ല ഫോമിൽ ആണ് ടീം എങ്കിലും ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല എങ്കിൽ കാര്യങ്ങൾ മാറിമറിയുമെന്ന മുന്നറിയിപ്പുമായി ഗൗതം ഗംഭീർ.

”നിലവിൽ രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഒരു സംശയവുമില്ല, അദ്ദേഹം അഞ്ച് ഐ പി എൽ കിരീടങ്ങൾ നേടി, പലരും കിരീടങ്ങൾപോലും നേടിയിട്ടില്ല, അടുത്ത ദിവസങ്ങളിലാണ് അദ്ദേഹം ശെരിക്കുമുള്ള പരീക്ഷണങ്ങൾ നേരിടാൻ പോകുന്നത്. കളിക്കാർ മികച്ച പ്രകടനം കാഴ്ചവച്ചില്ല എങ്കിൽ ചോദ്യങ്ങൾ ഉയരും വിരാട് കോഹ്ലി അത് നേരിട്ടു, 2007 ൽ രാഹുൽ ദ്രാവിഡും. 2023 ൽ അതാവർത്തിച്ചാൽ രോഹിത്തിനും ആ ചോദ്യങ്ങളെ നേരിടേണ്ടി വരും, ലോകകപ്പ് ഫൈനലിൽ എത്താനുള്ള എല്ലാ യോഗ്യതയും ടീമിനുണ്ടെ”ന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടിയെങ്കിലും ഐസിസി റാങ്കിങ് തലപ്പത്ത് എത്താന്‍ ടീമിന് കഴിഞ്ഞില്ല. ഫൈനലിൽ എത്താതെ പുറത്തായ പാകിസ്താന്‍ ആണ് ഒന്നാം സ്ഥാനത്ത്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ചെറിയ വ്യത്യാസത്തിലാണ് പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ഓസ്ട്രേലിയ പരാജയപ്പെട്ടതും പാകിസ്താന് ഗുണമായി. എന്നാല്‍ അഞ്ചാം ഏകദിനം ഓസീസ് തോറ്റതോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി.

ഓസീസിനതെിരെ പരമ്പര നേട്ടത്തോടെ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. അഞ്ചാമതുള്ള ഇംഗ്ലണ്ടാണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ , വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.

ഏഷ്യ കപ്പ് ഫൈനൽസിലെ മികച്ച പ്രകടനം കൊണ്ട് പ്രശംസ ഏറ്റുവാങ്ങിയ താരമാണ് മുഹമ്മദ് സിറാജ്. ശ്രീലങ്കക്കെതിരെയുള്ള ഫൈനൽസിൽ ശ്രീലങ്കൻ താരങ്ങൾക്ക് വെല്ലുവിളിയുയർത്തി സിറാജ് സ്വന്തമാക്കിയത് ഇന്ത്യൻ ടീമിന്റെ അഭിമാനവും ഒപ്പം മാൻ ഓഫ് ദി മാച്ച് അവാർഡുമാണ്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ 7 ഓവറില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് നേടിയത്. ഇപ്പോഴിതാ സിറാജ് ചെയ്ത മറ്റൊരു കാര്യമാണ് കയ്യടി നേടുന്നത്. മാൻ ഓഫ് ദി മാച്ച് തുക ഗ്രൗണ്ട് സ്റ്റാഫിന് നൽകി വീണ്ടും പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് താരം. ഏഷ്യ കപ്പ് ആരംഭിച്ചത് മുതൽ തന്നെ മഴയും വില്ലനായി എത്തിയിരുന്നു. എന്നാൽ ഗ്രൗണ്ട് സ്റ്റാഫുകളുടെ കഠിനാധ്വാനവും അവരുടെ പരിശ്രമവുമാണ് മത്സരങ്ങളെല്ലാം മികച്ച രീതിയിൽ പൂർത്തിയാക്കാൻ കാരണം. ഫൈനല്‍ മത്സരം പോലും മഴയെ തുടര്‍ന്ന് 40 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. 5000 യുഎസ് ഡോളറാണ് സമ്മാനത്തുകയായി സിറാജിന് ലഭിച്ചത്. അതായത് ഏകദേശം നാലേകാല്‍ ലക്ഷം രൂപ. ഇതാണ് അദ്ദേഹം കൊളംബോയിലേയും കാന്‍ഡിയിലേയും ഗ്രൗണ്ട് സ്റ്റാഫിനായി നല്‍കിയത്.

ഏഷ്യ കപ്പ് കലാശ പോരാട്ടത്തിൽ മുഹമ്മദ് സിറാജ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡാണ് കഴിഞ ദിവസം സിറാജ് സ്വന്തം പേരിലാക്കിയത്.

ഫിഫ ബെസ്റ്റ് പുരുഷ ഫുട്ബോളർ പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട് എന്നിവർ. 12 താരങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് ഇവർ ഇടം പിടിച്ചത്. എന്നാൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീൽ താരം നെയ്മർ എന്നിവർ പട്ടികയിൽ ഇല്ല. സ്പെയിനിന്റെ അയ്റ്റാന ബോൺമറ്റിയാണ് വനിതകളുടെ ചുരുക്കപ്പട്ടികയിലെ പ്രമുഖതാരം.

സിറ്റി കോച്ച് പെപ് ഗ്വാർഡിയോള പരിശീലകനുള്ള പുരസ്കാരപട്ടികയിലുമുണ്ട്.യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ട്രെബിൾ കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റി ടീമിൽനിന്നാണ് പുരുഷ അവാർഡിനുള്ള 6 പേർ. വനിതാ താരത്തെ കണ്ടെത്താനുളള ലിസ്റ്റിൽ 16 പേരുണ്ട്. ലോകകപ്പ് ജേതാക്കളായ സ്പെയിനിന്റെയും രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെയും 4 വീതം താരങ്ങളാണു പട്ടികയിൽ ഇടം നേടിയത്. ദേശീയ ടീം പരിശീലകർ, ക്യാപ്റ്റൻമാർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവർക്കായുള്ള വോട്ടിങ് ആരംഭിച്ചു. ഒക്ടോബർ പകുതിയോടെ വോട്ടിങ് അവസാനിക്കും.

ഏഷ്യ കപ്പ് ഫൈനലിൽ വിജയശ്രീലാളിതരായി ടീം ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്ത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയരെ 15.2 ഓവറില്‍ 50ന് ഇന്ത്യ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകർത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ 51 എന്ന വിജയലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) എന്നിവർ ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചു.

2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 50 റൺസ് ആവുമ്പോഴേക്കും ഇന്ത്യക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ മുന്നിൽ ശ്രീലങ്ക വീണുപോവുകയായിരുന്നു. 21 റണ്‍സ് ആവുമ്പോഴേക്കും ആറു വിക്കറ്റാണ് സിറാജ് നേടിയത്. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ ജസ്പ്രീത് ബുംറ പുറത്താക്കി. ശേഷം വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുക്കുകയായിരുന്നു. പവര്‍ പ്ലേയില്‍ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റണ്‍നേടാന്‍ ലങ്കന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. സിറാജിന്റെ പന്തുകൾക്ക് മുന്നിൽ ശ്രീലങ്ക അടിപതറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സധീര സമരവിക്രമ, ചരിത് അസലങ്ക, ക്യാപ്റ്റന്‍ ദസുന്‍ ശനക എന്നിവർക്ക് ഒരു റൺസ് പോലും നേടാൻ സാധിച്ചില്ല.

ഏഷ്യാ കപ്പിൽ ഇന്ത്യ ശ്രീലങ്ക ഫൈനൽ അടുക്കാനിരിക്കെ ഇന്ത്യയ്ക്കു വൻ തിരിച്ചടി. ഓൾറൗണ്ടർ അക്ഷര്‍ പട്ടേലിന് പരിക്കുകൾ മൂലം ഫൈനല്‍ മത്സരം കളിക്കാൻ സാധിക്കില്ല. പകരം യുവതാരം വാഷിങ്ടന്‍ സുന്ദർ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേരും. ബംഗ്ലദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെയാണ് അക്ഷര്‍ പട്ടേലിനു പരുക്കേറ്റത്. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ വാഷിങ്ടൻ സുന്ദറുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ക്യാംപിൽ പരിശീലനത്തിലായിരുന്നു സുന്ദർ. ഈ വർഷം ജനുവരിയില്‍ ന്യൂസീലൻഡിനെതിരെയാണ് വാഷിങ്ടൻ സുന്ദർ ടീം ഇന്ത്യയ്ക്കായി ഒടുവിൽ ഏകദിന മത്സരം കളിച്ചത്.

എന്നാൽ ബംഗ്ലദേശിനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ അക്ഷർ പട്ടേൽ ബാറ്റിങ്ങിൽ മികച്ച മത്സരമാണ് കാഴ്ചവച്ചത്. 34 പന്തുകളിൽനിന്ന് 42 റൺസാണു താരം നേടിയത്. പക്ഷെ മത്സരത്തിൽ ടീം ഇന്ത്യ പരാജയപ്പെട്ടു. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലും അക്ഷറുണ്ട്. അതുകൊണ്ട് തന്നെ ഏഷ്യകപ്പ് മത്സരത്തിൽ നിന്നുംഅക്ഷര്‍ മാറി നിൽക്കുന്നതാണ് നല്ലത് എന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലാണ് ആദ്യ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ വിജയത്തിന് ആറു റണ്‍സ് ശേഷിക്കെ ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു. 266 റണ്‍സായിരുന്നു ഇന്ത്യക്ക് മുന്നിൽ ഉണ്ടായിരുന്നത് എന്നാൽ 259 റണ്‍സ് മാത്രമേ നേടാനായുള്ളു.

ബംഗ്ലാദേശിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി. ശുഭ്മാന്‍ ഗില്ല് സെഞ്ച്വറി നേടിയിട്ടും അവസാന ഓവറുകളില്‍ അക്ഷര്‍ പട്ടേൽ മികച്ച ബാറ്റിംഗ് പുറത്തെടുത്തിട്ടും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ ശുഭ്മാന്‍ ഗില്ല് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 133 പന്തില്‍ നിന്ന് അഞ്ചു സിക്‌സും എട്ടു ഫോറുമടക്കം 121 റണ്‍സ് നേടിയാണ് മടങ്ങിയത്.

അവസാന ഓവറുകള്‍ തകര്‍ത്തടിച്ച് പ്രതീക്ഷ സമ്മാനിച്ച അക്ഷര്‍ 34 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 42 റണ്‍സെടുത്തു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്നും തന്‍സിം ഹസന്‍, മഹെദി ഹസന്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹൃദോയ്, നസും അഹമ്മദ് എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിക്കാൻ സഹായിച്ചത്. 85 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 80 റണ്‍സെടുത്ത ഷാക്കിബാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ആറാമനായി ക്രീസിലെത്തിയ ഹൃദോയ് 81 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്താണ് പുറത്തായത്. 45 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്താണ് നസും അഹമ്മദ് പുറത്തായത്. ഇന്ത്യയ്ക്കായി ശാര്‍ദുല്‍ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യയാണ് ടോസ്സ് നേടിയതെങ്കിലും ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സൂപ്പര്‍ ഫോറില്‍ പാകിസ്താനെയും ശ്രീലങ്കയേയും പരാജയപ്പെടുത്തി ഇന്ത്യ നേരത്തേ തന്നെ ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്നത്തെ മത്സരഫലം പ്രാധാന്യമർഹിക്കുന്നില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.