Sports (Page 157)

ജയ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യ ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് കെ.എല്‍ രാഹുല്‍. ‘ഹാര്‍ദിക്കിന്റെ കാര്യത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയില്ല. എന്ത് ചെയ്യണമെന്നും തന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഹാര്‍ദിക്കിന് ബോധ്യമുണ്ട്. അത് മനസിലാക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ഒരു തിരിച്ചു വരവ് നടത്തി അടുത്ത പരമ്പരയില്‍ ടീമില്‍ ഇടം നേടാന്‍ ഹാര്‍ദിക്കിന് കഴിയും,’ രാഹുല്‍ പറഞ്ഞു.

ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ടീമിലുള്‍പ്പെടുത്തിയ ഹാര്‍ദിക്കിന് ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കാതെ പോയി. പാക്കിസ്ഥാനെതിരെ ആറാം ബോളറുടെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയായി. പിന്നീട് ന്യൂസിലന്‍ഡിനും അഫ്ഗാനിസ്ഥാനുമെതിരെ പന്തെറിഞ്ഞ ഹാര്‍ദിക്കിന് വിക്കറ്റ് നേടാനായില്ല. എട്ട് ഓവറില്‍ 40 റണ്‍സ് വഴങ്ങി.

ലോകകപ്പില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാന്‍ ഹാര്‍ദിക്കിന് സാധിക്കാതെ പോയിരുന്നു. അതേസമയം, താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഉപനായകന്‍ കെ.എല്‍.രാഹുല്‍. വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനുശേഷമുള്ള ആദ്യ പരമ്പരയില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. കോഹ്ലി, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്.

ജയ്പൂര്‍: പരിശീലകനായി രാഹുല്‍ ദ്രാവിഡും ട്വന്റി-20യിലെ നായകനായി രോഹിത് ശര്‍മ്മയും ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പര നാളെ ന്യൂസിലാന്‍ഡിനെതിരെ ജയ്പൂരില്‍ നടക്കും. വൈകിട്ട് എഴ് മണിക്കാണ് മത്സരം. ലോകകപ്പിലെ പരാജയത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് പുതിയ നായകനും പരിശീലകനും കീഴില്‍ പുതിയൊരു തുടക്കത്തിന് തയ്യാറെടുക്കുകയാണ്.

പ്രതിസന്ധികളില്‍ എന്നും ഇന്ത്യയെ പിടിച്ചു നിര്‍ത്തിയ താരമാണ് രാഹുല്‍ ദ്രാവിഡ്. തോല്‍വികള്‍ സമനിലയാക്കിയും സമനിലകള്‍ വിജയമാക്കിയും ഇന്ത്യയുടെ വന്‍മതിലായി. പ്രതിസന്ധി നിറഞ്ഞ ഈ സമയത്തും പുത്തന്‍ റോളില്‍ തണലാവുകയാണ് ദ്രാവിഡിന്റെ ദൗത്യം.

മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ജോലിഭാരം വളരെയേറെ ഗൗരവകരമായി നോക്കികാണേണ്ട വിഷയമാണെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ക്രിക്കറ്റര്‍മാര്‍ യന്ത്രങ്ങളല്ലെന്നും അവര്‍ക്കും അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ദ്രാവിഡ് വ്യക്തമാക്കി. കളിക്കാരുടെ ശാരീരികവും മാനസികവുമായ സുഖത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് സൂചിപ്പിച്ച ദ്രാവിഡ് പ്രധാന ടൂര്‍ണമെന്റുകള്‍ക്കു മുമ്പ് താരങ്ങള്‍ എല്ലാം പൂര്‍ണ ആരോഗ്യക്ഷമത വീണ്ടെടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സൂചിപ്പിച്ചു.

ഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കേരളം വിജയകരമായി കുതിക്കുന്നു. ഹിമാചല്‍ പ്രദേശിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും (22) മുഹമ്മദ് അസ്ഹറുദ്ദീനും 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അസ്ഹറുദ്ദീനും (60) ക്യാപ്റ്റന്‍ സഞ്ജുവും (പുറത്താകാതെ 52) രണ്ടാം വിക്കറ്റില്‍ 81 പന്തില്‍ 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

അസ്ഹറുദ്ദീന്‍ 57 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ സഞ്ജു 39 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും പറത്തി. മൂന്ന് പന്ത് ശേഷിക്കെയാണ് കേരളം വിജയം സ്വന്തമാക്കി. നേരത്തെ, കേരളം ഹിമാചല്‍ പ്രദേശിനെ 145/6 എന്ന നിലയില്‍ ഒതുക്കിയിരുന്നു. 52 പന്തില്‍ 65 റണ്‍സെടുത്ത രാഘവ് ആണ് ടോപ് സ്‌കോറര്‍. രാഘവിനെ ബേസില്‍ തമ്പി പുറത്താക്കി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ തമിഴ്‌നാടിനെയാണ് കേരളം നേരിടേണ്ടത്.

മുംബൈ: ടി20 ലോകകപ്പിലെ പ്രകടനത്തിന് ശേഷം ദുബായിയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയിൽ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ പിടിച്ചെടുത്തായി റിപ്പോർട്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വാച്ചുകൾ പിടിച്ചെടുത്തത്. അതേസമയം വാർത്തകൾ നിഷേധിച്ച് ഹാർദിക് പാണ്ഡ്യ രംഗത്തെത്തിയിട്ടുണ്ട്. വാച്ചിന്റെ ശരിയായ മൂല്യം 1.5 കോടിയാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

മൂല്യം നിർണ്ണയിക്കാനായി ഒരു വാച്ച് മാത്രമാണ് ഉദ്യോഗസ്ഥർ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഐസിസി ടൂർണമെന്റിൽ നിന്ന് പുറത്തായ ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ഇന്ത്യയിലേയ്ക്ക് മടങ്ങിയത്. വിമാനത്താവളത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഹാർദിക് പാണ്ഡ്യയുടെ കൈവശം അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകൾ കണ്ടെത്തുകയായിരുന്നുവെന്നായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. വാച്ചുകളുടെ ഇൻവോയ്സുകൾ ഹാർദികിന്റെ പക്കൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

കസ്റ്റംസ് തീരുവ അടയ്ക്കാനായി താൻ സ്വമേധയാ കൗണ്ടറിൽ പോകുകയായിരുന്നുവെന്ന് ഹാർദിക് പാണ്ഡെ വ്യക്തമാക്കി. രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണ്. എല്ലാ കേന്ദ്ര ഏജൻസികളെയും ബഹുമാനിക്കുന്നു. വിഷയം പരിഹിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും കസ്റ്റംസിന് നൽകുമെന്നും നിയമം ലംഘിച്ചുവെന്ന തരത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പാരീസ്: ബ്രസീലിന് പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ യോഗ്യത നേടി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എസ്റ്റോണിയയെ കീഴടക്കിയ ബെല്‍ജിയവും ലോകകപ്പ് യോഗ്യത സ്വന്തമാക്കിയപ്പോള്‍ കഴിഞ്ഞ ലോകകപ്പ് നഷ്ടമായിരുന്ന ഹോളണ്ടിന് ഇക്കുറിയും യോഗ്യത നേടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയുടെ നാലുഗോളുകളാണ് കസാഖിസ്ഥാനെതിരെ ഫ്രാന്‍സിന് ഉജ്ജ്വല വിജയം നല്‍കിയത്. ബെന്‍സേമ രണ്ട് ഗോളുകളും ഗ്രീസ്മാന്‍,റാബിയോട്ട് എന്നിവര്‍ ഓരോ ഗോളുമടിച്ചു. 6,12,32,87 മിനിട്ടുകളിലാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്.32 മിനിട്ടിനുള്ളില്‍ എംബാപ്പെ തന്റെ ആദ്യ രാജ്യാന്തര ഹാട്രിക്ക് സ്വന്തമാക്കി. 158ലോകകപ്പില്‍ ഫൊണ്ടേയ്‌ന് ശേഷം ഒരു മത്സരത്തില്‍ ഫ്രാന്‍സിനായി നാലു ഗോളുകള്‍ നേടുന്ന ആദ്യ താരമാണ് എംബാപ്പെ.

മാണ്ടിനെഗ്രോക്ക് എതിരെ നടന്ന മത്സരത്തില്‍ 2-2ന് സമനില വഴങ്ങിയതാണ് ഹോളണ്ടിന് തിരിച്ചടിയായത്. രണ്ടുഗോളിന് ലീഡ് ചെയ്തുനിന്ന ശേഷമാണ് ഡച്ചുപട സമനിലയില്‍പ്പെട്ടു പോയത്. മറ്റ് മത്സരങ്ങളില്‍ തുര്‍ക്കി മറുപടിയില്ലാത്ത അരഡസന്‍ ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെയും വേയ്ല്‍സ് ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ബെലറൂസിനെയും തോല്‍പ്പിച്ചു.

cricket

രോഹിത് ശര്‍മ ക്യാപ്റ്റനായതോടെ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ദ്രാവിഡിന്റെ പരിശീലനത്തില്‍ ഏകദിന ടീമിന്റെ നായകസ്ഥാനവും രോഹിത്തിലേക്കു വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോലി തന്നെയാണ് ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍. വൈകാതെ പുതിയ ഏകദിന ക്യാപ്റ്റനെയും ചേതന്‍ ശര്‍മക്ക് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അറിയിക്കും.

പുതിയ ഏകദിന ക്യാപ്റ്റന്‍ ആരായിരിക്കുമെന്നതില്‍ നിര്‍ണായക തീരുമാനമെടുക്കുക ദ്രാവിഡ് തന്നെയായിരിക്കും. രോഹിത്തിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കണമോയെന്നതില്‍ ദ്രാവിഡിന്റെ അഭിപ്രായം എന്തായിരിക്കുമെന്നാണ് എല്ലാവും ആകാംക്ഷയോടെ നോക്കിക്കാണുന്നത്. നിലവില്‍ രോഹിത് ടി20 ടീമിന്റെ നായകസ്ഥാനമേറ്റെടുത്തതിനാല്‍ ഏകദിനത്തില്‍ കോലി ക്യാപ്റ്റനായി തുടരുന്നതിനോടു ബിസിസിഐയിലെ സീനിയര്‍ ഒഫീഷ്യലുകള്‍ക്കു യോജിപ്പില്ല.

എന്നാല്‍, ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെയും വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലിനെയും നിയമിക്കണമെന്നത് നേരത്തേ ദ്രാവിഡിന്റെ നിര്‍ദേശം തന്നെയായിരുന്നു. ഇതു തന്നെയാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ യാഥാര്‍ഥമായിരിക്കുന്നത്. മുഖ്യ കോച്ച് സ്ഥാനത്തേക്കുള്ള അഭിമുഖത്തിനിടെ പുതിയ ടി20 ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആരൊക്കെയാവണമെന്ന് അദ്ദേഹത്തോടു ചോദിച്ചിരുന്നതായും രോഹിത്, രാഹുല്‍ എന്നിവരുടെ പേരുകളാണ് അദ്ദേഹം പറഞ്ഞതെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പര രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നേതൃമികവ് ഈ പരമ്പരയിലായിരിക്കും വിലയിരുത്തപ്പെടുക.

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണ്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയേല്‍ക്കുമെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു. കഴിഞ്ഞ ദിവസം ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തിരുന്നു.

നേരത്തെയും ലക്ഷ്മണിനെ എന്‍സിഎ യുടെ ഡയറക്ടറായി നിയമിക്കാന്‍ ബിസിസിഐ നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അദ്ദേഹം കാര്യമായ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍, സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് നേരിട്ട് ലക്ഷമണിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് മുന്‍ താരങ്ങളുടെ സേവനം അത്യാവശ്യമാണെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉപദേശകനും ക്രിക്കറ്റ് കമന്റേറ്ററുമാണ് വിവിഎസ് ലക്ഷ്മണ്‍.

ഈ മാസാവസാനം നടക്കാനിരിക്കുന്ന ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ലക്ഷ്മണ്‍ എന്‍ സി എ തലവനായി സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന.

ദുബായ്: ഫൈനലില്‍ കാലിടറുന്ന ദുരന്തം ഇന്ന് ദുബായിലും കിവികളെ വേട്ടയാടിയപ്പോള്‍ കുട്ടിക്രിക്കറ്റിലെ കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. 18.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം സ്വന്തമാക്കിയ ഓസ്‌ട്രേലിയ തങ്ങളുടെ കന്നി കിരീടമാണ് ടി-20 ലോകകപ്പില്‍ നേടിയത്.

ഇന്ന് 173 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്‌ട്രേലിയ്ക്ക് മൂന്നാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമാകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും 15 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡേവിഡ് വാര്‍ണര്‍ – മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ടിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ മടങ്ങി വരവ് സാധ്യമാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. ഫിഞ്ചിനെ പുറത്താക്കിയ ബോള്‍ട്ട് തന്നെയാണ് ഡേവിഡ് വാര്‍ണറുടെ വിക്കറ്റും നേടിയത്. 38 പന്തില്‍ 4 ഫോറും 3 സിക്‌സും നേടിയ ഡേവിഡ് വാര്‍ണര്‍ 53 റണ്‍സാണ് നേടിയത്.

വാര്‍ണര്‍ പുറത്തായ ശേഷവും അടി തുടര്‍ന്ന മാര്‍ഷ് 31 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. കൂട്ടായി എത്തിയ മാക്‌സ്വെല്ലും സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഓസ്‌ട്രേലിയന്‍ വിജയം അനായാസമായി. മാര്‍ഷ് 50 പന്തില്‍ 77 റണ്‍സും ഗ്ലെന്‍ മാക്‌സ്വെല്‍ 18 പന്തില്‍ 28 റണ്‍സും ആണ് പുറത്താകാതെ നേടിയത്. 66 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ നേടിയത്.

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആവേശഭരിതരാക്കുന്ന മഞ്ഞപ്പട ഖത്തറിലും സാന്നിധ്യമറിയിക്കും. ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിക്കഴിഞ്ഞിരിക്കുകയാണ്. ലാറ്റിനമേരിക്കയില്‍നിന്ന് യോഗ്യത ഉറപ്പിക്കുന്ന ആദ്യ ടീമാണ് ബ്രസീല്‍. കൊളംബിയയെ ഒറ്റ ഗോളിന് തോല്‍പ്പിച്ചാണ് കാനറികള്‍ യോഗ്യത നേടിയത്. 12 കളിയില്‍ 11 ലും ജയിച്ച് 34 പോയിന്റുമായാണ് ബ്രസീലിന്റെ മുന്നേറ്റം. ഒറ്റക്കളിയിലും തോല്‍വി നേരിട്ടിട്ടില്ല. രണ്ടാമതുള്ള അര്‍ജന്റീനയ്ക്ക് 11 കളിയില്‍ 25 പോയിന്റാണ്. ലാറ്റിനമേരിക്കയില്‍നിന്ന് അഞ്ചു ടീമുകളാണ് യോഗ്യത നേടിയിരിക്കുന്നത്.

ലോകകപ്പിന്റെ എല്ലാ പതിപ്പിലും കളിച്ച ഏക ടീമാണ് ബ്രസീല്‍. 1930 ഉറുഗ്വേ തൊട്ട് 2022 ഖത്തര്‍ ലോകകപ്പ് ഉള്‍പ്പെടെ 22 ടൂര്‍ണമെന്റുകളിലും മഞ്ഞപ്പടയുടെ സാന്നിധ്യമുണ്ട്. ജര്‍മനിയാണ് (20) തൊട്ടുപിറകില്‍. അടുത്തവര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്. ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ ആദ്യമേ പങ്കാളിത്തം ഉറപ്പിച്ചപ്പോള്‍ ജര്‍മനിയും ഡെന്‍മാര്‍ക്കും ബ്രസീലിനു മുമ്പേ യോഗ്യത നേടി.

കൊളംബിയക്കെതിരെ സ്വന്തം തട്ടകത്തിലായിരുന്നു ബ്രസീലിന് പോരാട്ടം. മുന്നേറ്റത്തില്‍ നെയ്മറിനൊപ്പം റാഫീന്യയും ഗബ്രിയേല്‍ ജെസ്യൂസുമായിരുന്നു. പരിശീലകന്‍ ടിറ്റെയ്ക്കുകീഴില്‍ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനമാണ് ബ്രസീല്‍ നടത്തിയത്. 12 മത്സരത്തില്‍ അടിച്ചത് 27 ഗോള്‍. വഴങ്ങിയതാകട്ടെ നാലെണ്ണം മാത്രം. ബുധനാഴ്ച അര്‍ജന്റീനയുമായാണ് അടുത്ത കളി. കൊളംബിയക്കെതിരെ ബ്രസീലിനായി ടിറ്റെ 50–ാംജയം കുറിച്ചു. ആകെ 67 കളിയില്‍ 50 ജയമുണ്ട്. 12 സമനിലയും. അഞ്ച് കളിയില്‍ മാത്രമാണ് ടിറ്റെയ്ക്കുകീഴില്‍ തോറ്റത്. 2016 മുതല്‍ ടീമിന്റെ പരിശീലകനാണ് ഈ അറുപതുകാരന്‍.

കൊച്ചി: ഈ വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ പ്രതിരോധ നിരതാരം ജെസെല്‍ കര്‍നെയ്റോ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ക്യാപ്റ്റനാവും. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇന്നാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ സീസണില്‍ നിയോഗിച്ച മൂന്ന് ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ജെസെല്‍.

നവംബര്‍ 19ന് തുടങ്ങുന്ന പുതിയ സീസണിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം 19ന് ഫറ്റോര്‍ഡ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ നേരിടുന്നതോടെയാണ് ഈ സീസണില്‍ ഐഎസ്എല്ലിന് തിശ്ശീല ഉയരുന്നത്. നിലവില്‍ ഗോവയില്‍ പരിശീലനത്തിലാണ് ടീം.