മുഷ്താഖ് അലി ട്രോഫി: കേരളം ക്വാര്‍ട്ടറില്‍

ഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കേരളം വിജയകരമായി കുതിക്കുന്നു. ഹിമാചല്‍ പ്രദേശിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും (22) മുഹമ്മദ് അസ്ഹറുദ്ദീനും 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അസ്ഹറുദ്ദീനും (60) ക്യാപ്റ്റന്‍ സഞ്ജുവും (പുറത്താകാതെ 52) രണ്ടാം വിക്കറ്റില്‍ 81 പന്തില്‍ 98 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

അസ്ഹറുദ്ദീന്‍ 57 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ സഞ്ജു 39 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും പറത്തി. മൂന്ന് പന്ത് ശേഷിക്കെയാണ് കേരളം വിജയം സ്വന്തമാക്കി. നേരത്തെ, കേരളം ഹിമാചല്‍ പ്രദേശിനെ 145/6 എന്ന നിലയില്‍ ഒതുക്കിയിരുന്നു. 52 പന്തില്‍ 65 റണ്‍സെടുത്ത രാഘവ് ആണ് ടോപ് സ്‌കോറര്‍. രാഘവിനെ ബേസില്‍ തമ്പി പുറത്താക്കി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ തമിഴ്‌നാടിനെയാണ് കേരളം നേരിടേണ്ടത്.