ദേശീയ ക്രിക്കറ്റ് അക്കാദമിയെ വി വി എസ് ലക്ഷ്മണ്‍ നയിക്കുമെന്ന് ഗാംഗുലി

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണ്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയേല്‍ക്കുമെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു. കഴിഞ്ഞ ദിവസം ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തിരുന്നു.

നേരത്തെയും ലക്ഷ്മണിനെ എന്‍സിഎ യുടെ ഡയറക്ടറായി നിയമിക്കാന്‍ ബിസിസിഐ നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അദ്ദേഹം കാര്യമായ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍, സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് നേരിട്ട് ലക്ഷമണിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് മുന്‍ താരങ്ങളുടെ സേവനം അത്യാവശ്യമാണെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉപദേശകനും ക്രിക്കറ്റ് കമന്റേറ്ററുമാണ് വിവിഎസ് ലക്ഷ്മണ്‍.

ഈ മാസാവസാനം നടക്കാനിരിക്കുന്ന ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ലക്ഷ്മണ്‍ എന്‍ സി എ തലവനായി സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന.