ഏകദിനം; കോലിയോ, രോഹിത്തോ?

cricket

രോഹിത് ശര്‍മ ക്യാപ്റ്റനായതോടെ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ദ്രാവിഡിന്റെ പരിശീലനത്തില്‍ ഏകദിന ടീമിന്റെ നായകസ്ഥാനവും രോഹിത്തിലേക്കു വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോലി തന്നെയാണ് ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍. വൈകാതെ പുതിയ ഏകദിന ക്യാപ്റ്റനെയും ചേതന്‍ ശര്‍മക്ക് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അറിയിക്കും.

പുതിയ ഏകദിന ക്യാപ്റ്റന്‍ ആരായിരിക്കുമെന്നതില്‍ നിര്‍ണായക തീരുമാനമെടുക്കുക ദ്രാവിഡ് തന്നെയായിരിക്കും. രോഹിത്തിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കണമോയെന്നതില്‍ ദ്രാവിഡിന്റെ അഭിപ്രായം എന്തായിരിക്കുമെന്നാണ് എല്ലാവും ആകാംക്ഷയോടെ നോക്കിക്കാണുന്നത്. നിലവില്‍ രോഹിത് ടി20 ടീമിന്റെ നായകസ്ഥാനമേറ്റെടുത്തതിനാല്‍ ഏകദിനത്തില്‍ കോലി ക്യാപ്റ്റനായി തുടരുന്നതിനോടു ബിസിസിഐയിലെ സീനിയര്‍ ഒഫീഷ്യലുകള്‍ക്കു യോജിപ്പില്ല.

എന്നാല്‍, ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെയും വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലിനെയും നിയമിക്കണമെന്നത് നേരത്തേ ദ്രാവിഡിന്റെ നിര്‍ദേശം തന്നെയായിരുന്നു. ഇതു തന്നെയാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ യാഥാര്‍ഥമായിരിക്കുന്നത്. മുഖ്യ കോച്ച് സ്ഥാനത്തേക്കുള്ള അഭിമുഖത്തിനിടെ പുതിയ ടി20 ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആരൊക്കെയാവണമെന്ന് അദ്ദേഹത്തോടു ചോദിച്ചിരുന്നതായും രോഹിത്, രാഹുല്‍ എന്നിവരുടെ പേരുകളാണ് അദ്ദേഹം പറഞ്ഞതെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പര രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നേതൃമികവ് ഈ പരമ്പരയിലായിരിക്കും വിലയിരുത്തപ്പെടുക.