Sports (Page 156)

i m vijayan

പനാജി: ഐഎസ്എല്‍ ആദ്യ മത്സരത്തില്‍ തന്നെ കേരളാ ബ്ലാസ്റ്റേഴ്‌സ് എ ടി കെയോട് തോറ്റെങ്കിലും ബ്ളാസ്റ്റേഴ്‌സിന്റെ കളി പ്രതീക്ഷക്കു വക നല്‍കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ഐ എം വിജയന്‍ അഭിപ്രായപ്പെട്ടു.

ലീഗ് തുടങ്ങിയിട്ടേ ഉള്ളൂവെന്നും ആദ്യ മത്സരം മാത്രം അടിസ്ഥാനപ്പെടുത്തി ടീമിന്റെ പ്രകടനത്തെ അളക്കാന്‍ സാധിക്കില്ലെന്നും മുന്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും സീസണുകളില്‍ കളിക്കാര്‍ക്ക് നേരിട്ട പരിക്കുകളായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണമെന്നും ഒരു പരിധി വരെ കളിക്കാരെ തിരഞ്ഞെടുത്തതില്‍ വന്ന പിഴവും ടീമിനെ ബാധിച്ചിട്ടുണ്ടെന്ന് വിജയന്‍ പറഞ്ഞു. എന്നാല്‍, ഇത്തവണ മാനേജ്‌മെന്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ കാര്യമായ ശ്രദ്ധചെലുത്തിയിട്ടുണ്ടെന്ന് കരുതുന്നുവെന്നും പ്രീ സീസണിലെ മത്സര ഫലങ്ങള്‍ ഈ ടീമില്‍ പ്രതീക്ഷ വെക്കാന്‍ മതിയായ കാരണമാണെന്നും വിജയന്‍ വ്യക്തമാക്കി. നിലവിലെ താരങ്ങളില്‍ സുനില്‍ ഛേത്രിയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരനെന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളില്‍ കെ പി രാഹുലിനെ ആണ് ഏറ്റവും ഇഷ്ടമെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു.

cricket

കൊല്‍ക്കത്ത: ദ്രാവിഡ്- രോഹിത് കോമ്പിനേഷനില്‍ ആദ്യമായി കളത്തിലിറങ്ങിയ ടീം ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെതിരെ ആധികാരിക വിജയം. ആദ്യ രണ്ടു കളികളും ജയിച്ച് ഇന്ത്യ നേരത്തേ പരമ്പര കൈക്കലാക്കിയിരുന്നു. എന്നാല്‍, അവസാന മല്‍സരത്തിലും തകര്‍പ്പന്‍ ജയവുമായി കിവികള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. 73 റണ്‍സിനാണ് ഇന്ത്യ ജയം കരസ്ഥമാക്കിയത്.

മൂന്നാമങ്കത്തിലും ടോസ് ലഭിച്ച നായകന്‍ രോഹിത് ഇത്തവണ പക്ഷെ ബാറ്റിങായിരുന്നു തിരഞ്ഞെടുത്തത്. ഏഴു വിക്കറ്റിനു 184 റണ്‍സെന്ന വലിയൊരു ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തി. എന്നാല്‍, കിവികള്‍ക്കു കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഈ സ്‌കോര്‍ ചേസ് ചെയ്യുമെന്ന പ്രതീതി പോലുമുണ്ടാനായില്ല. വിക്കറ്റുകള്‍ അവര്‍ക്കു തുടര്‍ച്ചയായി നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ 17.2 ഓവറില്‍ 111 റണ്‍സിന് കിവികളുടെ പോരാട്ടമവസാനിക്കുകയും ചെയ്തു. 36 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്സറുമുള്‍പ്പെട്ടതായിരുന്നു ഗപ്റ്റിലിന്റെ ഇന്നിങ്സ്. ഗപ്റ്റിലിനെക്കൂടാതെ ടിം സെയ്ഫേര്‍ട്ട് (17), ലോക്കി ഫെര്‍ഗൂസന്‍ (14) എന്നിവരാണ് ന്യൂസിലാന്‍ഡ് നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍.

രണ്ടാം ടി20യില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലിനും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യ വിശ്രമം നല്‍കി. പകരം ഇഷാന്‍ കിഷനും യുസ്വേന്ദ്ര ചാഹലുമാണ് ടീമിലേക്കു വന്നത്. പരമ്പരയില്‍ രണ്ടുപേരുടെയും ആദ്യത്തെ മല്‍സരം കൂടിയാണിത്. അതേസമയം, ഈ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ നയിച്ചത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ മിച്ചെല്‍ സാന്റ്നറാണ്. ആദ്യ രണ്ടു കളികളിലും ടിം സൗത്തിയായിരുന്നു നായകന്‍. സൗത്തിക്കു മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡ് വിശ്രമം നല്‍കിയിരിക്കുകയാണ്. പകരം ലോക്കി ഫെര്‍ഗൂസനാണ് ടീമിലെത്തിയത്. നേരത്തേ ജയ്പൂരിലായിരുന്നു ആദ്യ ടി20 മല്‍സരം നടന്നത്. ഈ കളിയില്‍ ആവേശകരമായ റണ്‍ചേസിനൊടുവില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയായിരുന്നു ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സൂര്യയായിരുന്നു. ഈ മല്‍സരത്തിലൂടെ മധ്യപ്രദേശുകാരനായ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും ചെയ്തു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ ഇടം നേടി കര്‍ണ്ണാടക. വിദര്‍ഭയ്‌ക്കെതിരെ നടന്ന സെമി ഫൈനലില്‍ 4 റണ്‍സ് വിജയം ആണ് കര്‍ണ്ണാടക നേടിയത്. ഫൈനലില്‍ തമിഴ്‌നാടിനെയാണ് കര്‍ണ്ണാടക നേരിടേണ്ടത്.

ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 176/7 എന്ന സ്‌കോര്‍ നേടിയപ്പോള്‍ വിദര്‍ഭയ്ക്ക് 172 റണ്‍സ് മാത്രമേ നേടാനായുള്ളു. രോഹന്‍ ദമം, മനീഷ് പാണ്ടേ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക തകരുകയായിരുന്നു.

132 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ രോഹന്‍ 56 പന്തില്‍ 87 റണ്‍സും മനീഷ് പാണ്ടേ 42 പന്തില്‍ 54 റണ്‍സും നേടി. അഭിനവ് മനോഹര്‍ 13 പന്തില്‍ 27 റണ്‍സ് നേടിയത് ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നീട് വന്ന കര്‍ണ്ണാടക താരങ്ങളിലാര്‍ക്കും 5ന് മേലെയുള്ള സ്‌കോര്‍ നേടാനായില്ല. വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍കണ്ടേ 4 വിക്കറ്റും ലളിത് എം യാദവ് 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ താരങ്ങളിലാര്‍ക്കും ലഭിച്ച തുടക്കം വലിയ സ്‌കോറാക്കി മാറ്റാന്‍ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ടീമിന് ജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ അക്ഷയ് കാര്‍ണേവറുടെ(12 പന്തില്‍ 22 റണ്‍സ്) വിക്കറ്റ് ആദ്യ പന്തില്‍ നഷ്ടമായത് ടീമിന്റെ പ്രതീക്ഷകള്‍ ഇല്ലാതാക്കി. അപൂര്‍വ വാങ്കഡേ 27 റണ്‍സുമായി പുറത്താകാതെ നിന്നു.

isl

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടക്കം മോശമാക്കുന്ന പതിവ് തെറ്റിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കൊമ്പന്‍മാര്‍ പരാജയപ്പെട്ടത്. ഇരട്ട ഗോളുകളുമായി ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഹ്യൂഗോ ബൗമസ് ബഗാന് വേണ്ടി തിളങ്ങി. മൂന്നാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു താരം വലകുലുക്കിയത്.

റോയ് കൃഷ്ണയും (27) ലിസ്റ്റണ്‍ കൊളോകോയും (50) ഓരോ ഗോളുകള്‍ വീതം നേടി. സഹല്‍ അബ്ദുസ്സമതും (24) ജോര്‍ജ് ഡയസുമാണ് (69) ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. എ.ടി.കെക്ക് തന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കം. തുടക്കം മുതലേ ആക്രമിച്ച് കളിച്ച മുന്‍ ചാംപ്യന്‍മാര്‍ മൂന്നാം മിനിറ്റില്‍ തന്നെ വലകുലുക്കുകയും ചെയ്തു. കൊളോകോയുടെ അസിസ്റ്റില്‍ ബൗമസാണ് ഗോളടിക്ക് തുടക്കം കുറിച്ചത്. 24-ാം മിനിറ്റില്‍ രാഹുലിന്റെ ക്രോസിലൂടെ സഹല്‍ തിരിച്ചടിച്ചെങ്കിലും റോയ് കൃഷ്ണ പെനാല്‍ട്ടിയിലൂടെ വീണ്ടും എ.ടി.കെയുടെ ലീഡുയര്‍ത്തി.

എന്നാല്‍, കൊമ്പന്‍മാരുടെ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് മിനിറ്റുകള്‍ക്കകം ബൗമസ് തന്റെ രണ്ടാമത്തെ ഗോളും കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 3-1 എന്ന ശക്തമായ നിലയിലായിരുന്നു അവര്‍. രണ്ടാം പകുതിയുടെ തുടക്കത്തിലും എ.ടി.കെ ഞെട്ടിച്ചു. റോയ് കൃഷ്ണയുടെ അസിസ്റ്റില്‍ കിടിലന്‍ കര്‍വിങ്ങ് ഷോട്ടിലൂടെ ലിസ്റ്റണ്‍ കൊളാകോ ഗോള്‍ നേട്ടം നാലാക്കിയുയര്‍ത്തുകയായിരുന്നു. മഞ്ഞപ്പടക്ക് പെരേര ഡയസ് 68ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ സമ്മാനിക്കുകയും ചെയ്തു.

റാഞ്ചി: ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം നേടി ടീം ഇന്ത്യ. അങ്ങനെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ന്യൂസിലാന്റ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17.2 ഓവറില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുളള പരമ്പ രയില്‍ ഇന്ത്യ 2-0ന് മുന്നിലായി.

വെറും 36 പന്തുകളില്‍ ആറ് സിക്സറുകളും ഒരു ഫോറും പറത്തി രോഹിത് ശര്‍മ 55 റണ്‍സ് നേടി. നായകനൊപ്പം മികച്ച പ്രകടനം തന്നെ പുറത്തെടുത്ത ഉപനായകന്‍ കെ.എല്‍ രാഹുല്‍ 49 പന്തുകളില്‍ 65 റണ്‍സ് നേടി. സ്‌കോര്‍ 117ല്‍ നില്‍ക്കെ രാഹുലാണ് ആദ്യം പുറത്തായത്. സോത്തിയുടെ പന്തില്‍ ഫില്‍പ്സ് പിടിച്ച് പുറത്താക്കുകയായിരുന്നു. 135ല്‍ സ്‌കോര്‍ എത്തിയതും രോഹിത്തും പുറത്തായി. അതും സോത്തിയുടെ പന്തില്‍ തന്നെ. തുടര്‍ന്ന് രണ്ട് റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തതും സൂര്യകുമാര്‍ യാദവ്(1) പുറത്ത്. പിന്നീട് പുതുമുഖം വെങ്കിടേഷ് അയ്യരും (12),ഋഷഭ് പന്തും(12) ചേര്‍ന്ന് ഇന്ത്യയെ 16 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തിച്ചു. ന്യൂസിലാന്റിനായി സൗത്തി നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മികച്ച രീതിയില്‍ ബാറ്റിംഗ് തുടങ്ങിയെങ്കിലും ന്യൂസിലാന്റ് ഓപ്പണര്‍മാരില്‍ ഗപ്തില്‍ അഞ്ചാം ഓവറില്‍ ചാഹറിന്റെ പന്തില്‍ കീപ്പര്‍ പന്തിന് ക്യാച്ച് നല്‍കി മടങ്ങി. മൂന്ന് ഫോറുകളും രണ്ട് സിക്സുമടക്കം 15 പന്തുകളില്‍ നിന്ന് 31 റണ്‍സ് നേടി നില്‍ക്കെയായിരുന്നു ഗപ്തിലിന്റെ മടക്കം.

തുടര്‍ന്ന് സ്‌കോര്‍ 79ല്‍ നില്‍ക്കെ ചാപ്മാന്‍ (17 പന്തില്‍ 21) പുറത്തായി. അക്സര്‍ പട്ടേലിനായിരുന്നു വിക്കറ്റ്. സ്‌കോര്‍ 90ലെത്തിയതോടെ മറ്റൊരു ഓപ്പണര്‍ ഡാരില്‍ മിച്ചല്‍(31) പുറത്ത്. തുടക്കക്കാരന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്. പിന്നീട് സ്‌കോര്‍ 125ലെത്തിയതോടെ ടിം സെയ്ഫര്‍ട്ട് (13) പുറത്ത്. വൈകാതെ ഗ്ളെന്‍ ഫിലിപ്സിന്റെ വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ നേടി. പിന്നാലെ 18ാം ഓവറില്‍ നീഷം(3) പുറത്തായി. ഒടുവില്‍ മിച്ചല്‍ സാന്റ്നര്‍(പുറത്താകാതെ 8), ആദം മില്‍നെ (പുറത്താകാതെ 5) എന്നിവര്‍ ചേര്‍ന്ന് ന്യൂസിലാന്റ് സ്‌കോര്‍ 20 ഓവറില്‍ 153 എത്തിച്ചു.

കേപ്ടൗണ്‍: സജീവ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ദ്രക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. ഈ പ്രഖ്യാപനത്തോടെ ഐപിഎല്‍ ആരാധകര്‍ക്കടക്കം വന്‍ നിരാശയാണ് ഡിവില്ലിയേഴ്‌സ് നല്‍കിയിരിക്കുന്നത്. 17 വര്‍ഷത്തോളം നീളുന്ന ക്രിക്കറ്റ് കരിയറിനാണ് ഇതോടെ ഡിവില്ലിയേഴ്സ് തിരശീലയിടുന്നത്.

‘വളരെ മഹത്തരമായൊരു യാത്രയായിരുന്നു ഇത്. എന്നാല്‍, എല്ലാ തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൂര്‍ണ്ണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് മത്സരം കളിച്ചിരുന്നത്. ഇപ്പോള്‍ പ്രായം 37 ആയിരിക്കുന്നു. ഈ ജ്വാല ഇനിയും ഏറെ നാള്‍ തിളക്കത്തോടെ ജ്വലിക്കില്ല.’ വിരമിക്കലറിയിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞ് എബിഡി ട്വിറ്ററില്‍ കുറിച്ചു.

2018 മെയ് 23ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായി വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്സ് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായിരുന്നു. ഐപിഎല്‍, ബിബിഎല്‍, സിപിഎല്‍, പിഎസ്എല്‍ എന്നിവയിലെല്ലാം അദ്ദേഹം കളിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും ഡിവില്ലിയേഴ്സ് കളിച്ചിട്ടുണ്ട്.

ഐ എസ് എല്‍ ഫുട്‌ബോളിന്റെ എട്ടാം സീസണ് ഇന്ന് കിക്കോഫ്. രാത്രി 7:30 ന് ഗോവ ഫറ്റോര്‍ദയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് എതിരാളി എ.ടി.കെ മോഹന്‍ ബഗാനാണ്. ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്. കഴിഞ്ഞ സീസണിലെ പോലെ തന്നെ ഹോം ആന്‍ഡ് എവെ സംവിധാനം ഒഴിവാക്കി ഗോവയിലെ 3 മൈതാനങ്ങളിലായാണ് ഇത്തവണ ഐഎസ്എല്‍.

കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തുമായാണ് എടികെ മോഹന്‍ ബഗാന്‍ വരുന്നത്. സെര്‍ബിയക്കാരന്‍ വുകോമനോവിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍. 20 മത്സരങ്ങളില്‍ നിന്ന് 3 വിജയങ്ങള്‍ ഉള്‍പ്പെടെ 17 പോയിന്റാണ് ടീം നേടിയത്. വാസ്‌കോയിലെ തിലക് മൈതാനിയാണ് മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ട്. ആറ് വിദേശതാരങ്ങളുടെയും ആറ് മലയാളി താരങ്ങളുടെയും സാന്നിധ്യം ജെസ്സല്‍ കാര്‍നെയ്‌റോ നയിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിലുണ്ട്.

അതേസമയം, കേരളാ ബ്ലാസ്‌റ്റേഴ്‌സ് അടക്കം ആറു ടീമുകള്‍ പുതിയ പരിശീലകനുമായാണ് സീസണിനെത്തുന്നത്. അന്റോണിയോ ഹബാസാണ് എടികെ മോഹന്‍ബഗാന്റെ പരിശീലകന്‍.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം സെമി ഫൈനല്‍ കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചു വിക്കറ്റിനായിരുന്നു തമിഴ്‌നാടിന്റെ ജയം. അങ്ങനെ, തമിഴ്‌നാട്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സെമി ഫൈനലിലേക്ക് കടന്നു.

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ തമിഴ്‌നാട്, കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും, മൊഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്‌കോര്‍ നിരക്ക് കുറവായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം അര്‍ധ സെഞ്ചുറികള്‍ നേടിയ വിഷ്ണു വിനോദിന്റേയും, രോഹന്റേയും കരുത്തില്‍ 181/4 എന്ന മികച്ച സ്‌കോര്‍ നേടിയപ്പോള്‍, തമിഴ്‌നാട് 3 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്നാമനായിറങ്ങിയ സച്ചിന്‍ ബേബിക്കും ടി20യുടെ വേഗതക്കനുസരിച്ച് ബാറ്റ് ചെയ്യാനായില്ല. ഇതിനിടെ 43 പന്തില്‍ 5 ബൗണ്ടറികളുടെ സഹായത്തോടെ 51 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍ പുറത്തായി. പിന്നാലെയെത്തിയ നായകന്‍ സഞ്ജു രണ്ട് പന്തുകള്‍ മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായതോടെ കേരളം വിറച്ചു.

എന്നാല്‍ അഞ്ചാമനായി അവസാന ഓവറുകളില്‍ കത്തിക്കയറിയ വിഷ്ണു തമിഴ്‌നാട് ബോളര്‍മാരെ അടിച്ചു പറത്തി. മത്സരത്തില്‍ 26 പന്തുകള്‍ നേരിട്ട വിഷ്ണു വിനോദ്, 2 ബൗണ്ടറികളുടേയും, 7 സിക്‌സറുകളുടേയും സഹായത്തോടെ 65 റണ്‍സെടുത്തും, അഖില്‍ 4 പന്തില്‍ 9 റണ്‍സെടുത്തും പുറത്താകാതെ നിന്നു. അതേസമയം, 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തമിഴ്‌നാടിന് വേണ്ടി ഓപ്പണറായ ഹരി നിശാന്ത് തുടക്കം മുതല്‍ തകര്‍ത്തടിച്ചു. സഹ ഓപ്പണറായ എന്‍ ജഗദീശന്‍ 7 റണ്‍സില്‍ പുറത്തായെങ്കിലും പിന്നാലെയെത്തിയ സായ് സുദര്‍ശനുമായി ചേര്‍ന്ന് ഹരി നിശാന്ത് തമിഴ്‌നാടിന് മികച്ച തുടക്കം നല്‍കി. ടീം സ്‌കോര്‍ 58 ലെത്തിയപ്പോള്‍ 22 പന്തില്‍ 2 വീതം ബൗണ്ടറികളും, സിക്‌സറുകളുമടക്കം 32 റണ്‍സ് നേടിയ ഹരി നിശാന്ത് പുറത്തായി. അദ്ദേഹം പുറത്തായതിന് ശേഷം സായ് സുദര്‍ശന്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. മറുവശത്ത് നായകന്‍ വിജയ് ശങ്കര്‍ ഉറച്ച പിന്തുണയും നല്‍കി.

31 പന്തില്‍ 7 ബൗണ്ടറികളുടെ സഹായത്തോടെ 46 റണ്‍സടിച്ച സുദര്‍ശന്‍ പതിമൂന്നാം ഓവറില്‍ പുറത്താകുമ്പോള്‍ തമിഴ്‌നാട് 115/3. ടീം സ്‌കോര്‍ 145 ലെത്തിയപ്പോള്‍ 33 റണ്‍സെടുത്ത വിജയ് ശങ്കറും പുറത്തായെങ്കിലും ഷാരൂഖ് ഖാനും, സഞ്ജയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ തമിഴ്‌നാട് 3 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തുകയായിരുന്നു. സഞ്ജയ് 22 പന്തില്‍ 32 റണ്‍സ് നേടി പുറത്തായപ്പോള്‍, ഷാരൂഖ് ഖാന്‍ 9 പന്തില്‍ 19 റണ്‍സുമായും, മുഹമ്മദ് ഒരു പന്തില്‍ 6 റണ്‍സുമായും മത്സരത്തില്‍ പുറത്താകാതെ നിന്നു. ശനിയാഴ്ച നടക്കുന്ന സെമിയില്‍ തമിഴ്‌നാട് ഹൈദരാബാദിനേയും വിദര്‍ഭ കര്‍ണാടകയെയും നേരിടും.

ജയ്പൂര്‍: സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറിയിലും നായകന്‍ രോഹിത് ശര്‍മയുടെ മിന്നും പ്രകടനത്തിലും ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. രാഹുല്‍ ദ്രാവിഡ് കോച്ചായതിനും രോഹിത് ശര്‍മ ടി20 ടീമിന്റെ നായകനായതിനും ശേഷമുള്ള ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 164 എന്ന സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് ബോള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സ് നേടിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (70), മാര്‍ക്ക് ചാപ്മാന്‍ (63) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, രവി ചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ബോളിങ് തിരഞ്ഞെടുത്ത രോഹിത് ശര്‍മയുടെ തീരുമാനത്തോട് നീതി പുലര്‍ത്തുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. മൂന്നാം പന്തില്‍ ഡാരില്‍ മിച്ചലിനെ പൂജ്യത്തിന് ഭുവനേശ്വര്‍ കുമാര്‍ മടക്കി. എന്നാല്‍ പിന്നീടെത്തിയ ചാപ്മാന്‍ ഗുപ്റ്റിലിനെ കൂട്ടു പിടിച്ച് അപകടങ്ങളില്ലാതെ മുന്നോട്ട് നയിച്ചു. 109 റണ്‍സിന്റെ കൂട്ടുകെട്ട് സമ്മാനിക്കാന്‍ സഖ്യത്തിനായി.

50 പന്തില്‍ ആറ് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു ചാപ്മാന്റെ ഇന്നിങ്‌സ്. ചാപ്മാന്‍ വീണതിന് ശേഷം ഗുപ്റ്റില്‍ ആക്രമണം ഏറ്റെടുത്തെങ്കിലും സ്‌കോര്‍ ബോര്‍ഡ് വലിയ രീതിയില്‍ ചലിപ്പിക്കാനായില്ല. കേവലം 42 പന്തില്‍ നിന്ന് 70 റണ്‍സെടുത്താണ് ഗുപ്റ്റില്‍ മടങ്ങിയത്. മൂന്ന് ഫോറുകളും നാല് പടുകൂറ്റന്‍ സിക്‌സറുകളും ഗുപ്റ്റിലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. പിന്നീടെത്തിയ ഓരോ ബാറ്റര്‍മാരെയും വേഗത്തില്‍ മടക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്കായി. അശ്വിനും ഭുവിക്കും പുറമെ ദീപക് ചഹറും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും നേടി.

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തു.

2015-2019 കാലഘട്ടത്തില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ഗാംഗുലി 2019 ഒക്‌ടോബറില്‍ ബി.സി.സി.ഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായിട്ടാണ് ഗാംഗുലി ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയുടെ തലവനാകുന്നത്. പദവിയില്‍ ഒമ്പത് വര്‍ഷമിരുന്ന് മികച്ച സേവനം കാഴ്ചവെച്ച കുംബ്ലെക്ക് ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ നന്ദി അറിയിച്ചു.