ദുബായ്: ഫൈനലില്‍ കാലിടറുന്ന ദുരന്തം ഇന്ന് ദുബായിലും കിവികളെ വേട്ടയാടിയപ്പോള്‍ കുട്ടിക്രിക്കറ്റിലെ കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. 18.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം സ്വന്തമാക്കിയ ഓസ്‌ട്രേലിയ തങ്ങളുടെ കന്നി കിരീടമാണ് ടി-20 ലോകകപ്പില്‍ നേടിയത്.
ഇന്ന് 173 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്‌ട്രേലിയ്ക്ക് മൂന്നാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമാകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും 15 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡേവിഡ് വാര്‍ണര്‍ – മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ടിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ മടങ്ങി വരവ് സാധ്യമാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. ഫിഞ്ചിനെ പുറത്താക്കിയ ബോള്‍ട്ട് തന്നെയാണ് ഡേവിഡ് വാര്‍ണറുടെ വിക്കറ്റും നേടിയത്. 38 പന്തില്‍ 4 ഫോറും 3 സിക്‌സും നേടിയ ഡേവിഡ് വാര്‍ണര്‍ 53 റണ്‍സാണ് നേടിയത്.
വാര്‍ണര്‍ പുറത്തായ ശേഷവും അടി തുടര്‍ന്ന മാര്‍ഷ് 31 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. കൂട്ടായി എത്തിയ മാക്‌സ്വെല്ലും സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഓസ്‌ട്രേലിയന്‍ വിജയം അനായാസമായി. മാര്‍ഷ് 50 പന്തില്‍ 77 റണ്‍സും ഗ്ലെന്‍ മാക്‌സ്വെല്‍ 18 പന്തില്‍ 28 റണ്‍സും ആണ് പുറത്താകാതെ നേടിയത്. 66 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ നേടിയത്.

