ബ്രസീലിന് പിന്നാലെ ഫ്രാന്‍സും ഖത്തറില്‍

പാരീസ്: ബ്രസീലിന് പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ യോഗ്യത നേടി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എസ്റ്റോണിയയെ കീഴടക്കിയ ബെല്‍ജിയവും ലോകകപ്പ് യോഗ്യത സ്വന്തമാക്കിയപ്പോള്‍ കഴിഞ്ഞ ലോകകപ്പ് നഷ്ടമായിരുന്ന ഹോളണ്ടിന് ഇക്കുറിയും യോഗ്യത നേടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയുടെ നാലുഗോളുകളാണ് കസാഖിസ്ഥാനെതിരെ ഫ്രാന്‍സിന് ഉജ്ജ്വല വിജയം നല്‍കിയത്. ബെന്‍സേമ രണ്ട് ഗോളുകളും ഗ്രീസ്മാന്‍,റാബിയോട്ട് എന്നിവര്‍ ഓരോ ഗോളുമടിച്ചു. 6,12,32,87 മിനിട്ടുകളിലാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്.32 മിനിട്ടിനുള്ളില്‍ എംബാപ്പെ തന്റെ ആദ്യ രാജ്യാന്തര ഹാട്രിക്ക് സ്വന്തമാക്കി. 158ലോകകപ്പില്‍ ഫൊണ്ടേയ്‌ന് ശേഷം ഒരു മത്സരത്തില്‍ ഫ്രാന്‍സിനായി നാലു ഗോളുകള്‍ നേടുന്ന ആദ്യ താരമാണ് എംബാപ്പെ.

മാണ്ടിനെഗ്രോക്ക് എതിരെ നടന്ന മത്സരത്തില്‍ 2-2ന് സമനില വഴങ്ങിയതാണ് ഹോളണ്ടിന് തിരിച്ചടിയായത്. രണ്ടുഗോളിന് ലീഡ് ചെയ്തുനിന്ന ശേഷമാണ് ഡച്ചുപട സമനിലയില്‍പ്പെട്ടു പോയത്. മറ്റ് മത്സരങ്ങളില്‍ തുര്‍ക്കി മറുപടിയില്ലാത്ത അരഡസന്‍ ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെയും വേയ്ല്‍സ് ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ബെലറൂസിനെയും തോല്‍പ്പിച്ചു.