Sports (Page 153)

മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി പരമ്പര നേടിയതിന് പിന്നാലെ 50 ടെസ്റ്റ് ജയങ്ങളില്‍ ഇന്ത്യന്‍ ടീമിനൊപ്പം പങ്കാളിയായ താരമെന്നുള്ള റെക്കോര്‍ഡ് കൂടി കരസ്ഥമാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുകഴത്തി് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനാണ് കോലിയെന്ന് പത്താന്‍ പറഞ്ഞു. ‘ഞാനിക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു, വിരാട് കോലിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍. ടെസ്റ്റില്‍ 59.09 വിജയ ശതമാനവുമായി വിരാട് കോലി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള നായകന് 45 ശതമാനമാണ് വിജയശതമാനം’ എന്നും എം എസ് ധോണിയുടെ പേരെടുത്ത് പറയാതെ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ നായകന്‍മാരുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് വിരാട് കോലി. 109 ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ഗ്രെയിം സ്മിത്ത് 53 ജയങ്ങളുമായി ഒന്നാം സ്ഥാനത്തുണ്ട്. 48.62 ആണ് സ്മിത്തിന്റെ വിജയശതമാനം.

മുംബൈ: ന്യൂസിലാന്റിനെതിരെ നേടിയ വമ്പന്‍ ജയം തുണച്ചില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്ത്. ശ്രീലങ്കക്കും പാക്കിസ്ഥാനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. മുംബൈ ടെസ്റ്റ് വിജയത്തിനുശേഷമായിരുന്നു ഏറ്റവും പുതിയ പോയിന്റ് പട്ടിക പുറത്തുവിട്ടത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്.ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ജയിച്ചത് പാക്കിസ്ഥാന്റെ നില മെച്ചപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ഒരു ടെസ്റ്റ് തോല്‍ക്കുകയും ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതാണ് തിരിച്ചടിയായത്.

നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡ് ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ട് ആണ് നാലാമത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്റിനോട് ഏറ്റുമുട്ടിയ ഇന്ത്യ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു.

പാകിസ്ഥാന്‍ പര്യടനത്തിനുള്ള വിന്‍ഡീസ് ടീമില്‍ പരിക്കേറ്റതിനാല്‍ കീറണ്‍ പൊളളാര്‍ഡ് കളിക്കില്ല. ഇതോടെ ഏകദിനത്തില്‍ ടീമിനെ ഷായി ഹോപ് നയിക്കും. നിക്കോളസ് പൂരന്‍ ആണ് ടി20 നായകന്‍.

ടി20 ലോകകപ്പിനിടെ വന്ന ഹാംസ്ട്രിംഗ് പരിക്ക് ആണ് പൊള്ളാര്‍ഡിന് വിനയായത്. ഏകദിന ടീമില്‍ താരത്തിന് പകരം ഡെവണ്‍ തോമസും ടി20യില്‍ റോവ്മന്‍ പവലും കളിക്കും. ഡിസംബര്‍ 13ന് ആണ് ടി20 പരമ്പരക്ക് തുടക്കം. 14, 16 തീയ്യതികളിലാണ് മറ്റു ടി20 മത്സരങ്ങള്‍. ഏകദിന മത്സരങ്ങള്‍ 18, 20, 22 തിയ്യതികളിലാണ് നടക്കുക. കറാച്ചിയിലാണ് മത്സരങ്ങള്‍ നടക്കുക.

ഐ എസ് എല്ലിന്റെ എട്ടാം സീസണിലെ അവരുടെ ആദ്യ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസണില്‍ കളിച്ച എല്ലാ മത്സരവും വിജയിച്ച് മുന്നേറികികൊണ്ടിരുന്ന ഒഡീഷയെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയത്.

വളരെ മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ആരംഭിച്ചത്. ആദ്യ മിനിട്ടില്‍ തന്നെ ഒഡീഷ ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി. സഹലായിരുന്നു ആദ്യ ഷോട്ട് ടാര്‍ഗറ്റിലേക്ക് തൊടുത്തത്. പിന്നാലെ നാലാം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് ലൂണയും ഒഡീഷ കീപ്പറെ പരീക്ഷിച്ചു. പക്ഷെ രണ്ടു ഷോട്ടും കമല്‍ജിത് തടഞ്ഞു. 14ആം മിനിട്ടില്‍ ആണ് ഒഡീഷക്ക് ആദ്യ അവസരം ലഭിച്ചത്. പക്ഷെ ഹാവി ഹെര്‍ണാണ്ടസിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്ത് പോയി. 25ആം മിനുട്ടില്‍ ഗ്രൗണ്ടിന് മധ്യത്തില്‍ നിന്നും ഹാവി ഹെര്‍ണാണ്ടസ് കേരള ഗോള്‍ മുഖത്തേക്ക് ഷോട്ട് തൊടുത്തു. ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് ആ ഷോട്ട് പുറത്തേക്ക് പോയത്. ഈ രണ്ട് അവസരങ്ങള്‍ ഉണ്ട് എങ്കിലും ആദ്യ പകുതിയില്‍ ഉടനീളം കേരള ബ്ലാസ്റ്റേഴ്‌സ് ആണ് കളി നിയന്ത്രിച്ചത്. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചതും കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു.

രണ്ടാം പകുതിയില്‍ തുടക്കത്തില്‍ ലൂണയ്ക്ക് ഒരു ഷോട്ട് കിട്ടി എങ്കിലും ഫലം ഉണ്ടായില്ല. ലൂണയുടെ ഷോട്ട് ബാറിന് മുകളിലൂടെ പോയി. അധിക സമയം എടുത്തില്ല കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ കണ്ടെത്താന്‍. 60ആം മിനിട്ടില്‍ ഒരു കൗണ്ടറില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ ഗോള്‍ നേടി. ലൂണയുടെ ഫസ്റ്റ് ടച്ച് പാസ് ഓഫ്‌സൈഡ് ട്രാപ്പ് കീഴ്‌പ്പെടുത്തി ഓടിയ ആല്‍വാരോ ഗാര്‍സിയ വാസ്‌കസില്‍ എത്തി. താരം ഗോള്‍ മുഖത്തേക്ക് കുതിച്ച് ഗോളിയെ അനായാസം മറികടന്ന് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിക്കുക ആയിരുന്നു. 68ആം മിനുട്ടില്‍ വാസ്‌കസ് ഒരിക്കല്‍ കൂടെ ഗോളിന് അടുത്ത് എത്തി എങ്കിലും കമല്‍ജിതിന്റെ സേവ് ഒഡീഷയെ രക്ഷിച്ചു. 86ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചു. പ്രശാന്ത് ആണ് കേരള ബ്ലാാറ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്. ഈ ഗോളും ഒരുക്കിയത് ലൂണ ആയിരുന്നു.

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രതീക്ഷിച്ചതിലും നേരത്തെ കിവീസ് കീഴടങ്ങി. ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്ക് 324 ന്റെ കൂറ്റന്‍ വിജയം. ഇതോടെ രണ്ടു ടെസ്റ്റുകള്‍ മാത്രമുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ജയന്ത് യാദവും അശ്വിനും ചേര്‍ന്ന് തുടക്കത്തില്‍ തന്നെ തകര്‍ത്തു. രചിന്‍ രവീന്ദ്ര (18), കൈല്‍ ജാമിസണ്‍ (0), ടിം സൗത്തി (0), വില്യം സോമര്‍ വില്ലെ (1) എന്നിവരാണ് ഇന്ന് പുറത്തായത്. ജയന്ത് യാദവാണ് ഇവരെ മടക്കിയത്.

167 ന് റണ്‍സിനാണ് ന്യൂസിലന്‍ഡ് പുറത്തായത്. ആദ്യ ഇന്നിങ്സില്‍ 325 റണ്‍സ് എടുത്ത് എതിരാളികളെ തുച്ഛമായ 62 റണ്‍സിന് പുറത്താക്കിയ ശേഷം ആതിഥേയര്‍ കിവിസിന് 540 റണ്‍സ് വിജയലക്ഷ്യം വെച്ചു. 276/7 എന്ന നിലയില്‍ അവര്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. അതിനുശേഷം സന്ദര്‍ശകര്‍ മൂന്നാം ദിനം 140/5 എന്ന നിലയില്‍ അവസാനിച്ചിരുന്നു. നാലാം ദിവസം തുടക്കത്തില്‍ തന്നെ ഇന്ത്യ കിവീസിനെ കീഴടക്കുകയായിരുന്നു. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

മുംബൈ: ഏതു ബൗളറും സ്വപ്നം കാണുന്ന മിന്നുന്ന ചരിത്ര നേട്ടവുമായി ന്യൂസിലന്‍ഡിനു വേണ്ടി കളിക്കുന്ന ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍. മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ പത്തു വിക്കറ്റുകളും അജാസ് സ്വന്തമാക്കി. ചരിത്രത്തില്‍ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റുകളും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാണ് അജാസ്. ഇംഗ്‌ളണ്ടിലെ ജിം ലേക്കര്‍, ഇന്ത്യന്‍ മുന്‍ ടെസ്റ്റ് നായകന്‍ അനില്‍ കുംബ്‌ളെ എന്നിവര്‍ മാത്രമാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചിട്ടുളളത്. പത്തുവിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലിന്റെ മികവില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 325 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് വെറും 62 റണ്‍സിന് കൂടാരം കയറുകയായിരുന്നു. അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. രണ്ടാം ഇന്നിംഗ് ബാറ്റിംഗ് തുടരുന്ന ഇന്ത്യ ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ മികവില്‍ വിക്കറ്റ് നഷ്ടമാകാതെ നിലവില്‍ 86 റണ്‍സ് നേടിയിട്ടുണ്ട്.

അജാസിന്റെ ചരിത്ര നേട്ടത്തില്‍ ന്യൂസിലന്‍ഡിന്റെ ഡഗ് ഔട്ടിലെത്തി ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും, ക്യാപ്റ്റന്‍ വിരാട് കോലിയും മുഹമ്മദ് സിറാജും അഭിനന്ദിച്ചു. 1999ല്‍ കുംബ്‌ളെ ചരിത്രനേട്ടം നേടുമ്പോള്‍ ടീമിലെ സഹതാരമായിരുന്നു ദ്രാവിഡ്.

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ ഡിസംബർ 13 ന് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേർന്ന വാർഷിക ജനറൽ മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായതെന്നാണ് വിവരം. മുൻ ബൗളിംഗ് പരിശീലകനായിരുന്ന ട്രോയ് കൂലി എൻസിഎ ബൗളിംഗ് പരിശീലകനാവും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളുടെ ബൗളിംഗ് പരിശീലകനായിരുന്നു ട്രോയ് കൂലി.

മുൻ എൻസിഎ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായതിനെ തുടർന്നാണ് വിവിഎസ് ലക്ഷ്മൺ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുന്നത്. ലക്ഷ്മണുമായുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരമാവും ലക്ഷ്മണിന്റെ അവസാന മാദ്ധ്യമ ജോലിയെന്നും ഡിസംബർ 13 മുതൽ അദ്ദേഹം എൻസിഎയിൽ ഉണ്ടാകുമെന്നും ബിസിസിഐ മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. അണ്ടർ- 19 ലോകകപ്പിനായി അദ്ദേഹം വെസ്റ്റ് ഇൻഡീസിൽ ഉണ്ടാകുമെന്നും ഈ ഉദ്യോഗസ്ഥൻ വിശദമാക്കിയിട്ടുണ്ട്.

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിംഗ് ഉപദേശകനാണ് നിലവിൽ ലക്ഷ്മൺ. എൻസിഎ തലവൻ ആകുന്നതോടെ അദ്ദേഹം സൺറൈസേഴ്‌സ് ഹൈദപാബാദിന്റെ ബാറ്റിംഗ് ഉപദേശക സ്ഥാനം ഒഴിയും. ദ്രാവിഡും ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധവും ഇരുവരുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുള്ള ബന്ധവും ലക്ഷ്മണെ എൻസിഎ തലവൻ എന്ന പദവിയിലേക്ക് നയിച്ചത്.

donaldo

സീനിയര്‍ കരിയറില്‍ 800 ഗോളുകള്‍ തികക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം ആഴ്‌സണലിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഇരട്ട ഗോളടിച്ചതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. ഇതോടെ ആകെ ഗോളുകളുടെ എണ്ണം 801 ആയി.

1097 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 801 ഗോളുകള്‍ സ്വന്തമാക്കിയത്. 2002 ല്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണിന്റെ ജേഴ്‌സിയിലാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയത്. പിന്നീട് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലാ ലീഗ ക്ലബ് റയല്‍ മാഡ്രിഡ്, സീരി എ ക്ലബ് യുവന്റസ് എന്നീ ടീമുകളിലേക്ക് ചേക്കേറിയ താരം അവിടെയും മികവ് തുടര്‍ന്നു. റയല്‍ മാഡ്രിഡ് കരിയറിലാണ് റൊണാള്‍ഡോ ഏറ്റവുമധികം തവണ ഗോള്‍വല കുലുക്കിയത്. രണ്ട് കാലഘട്ടങ്ങളിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 130 ഗോളുകളും യുവന്റസിന് വേണ്ടി 101 ഗോളുകളും ദേശീയ ടീമായ പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ 115 ഗോളുകളും സ്‌കോര്‍ ചെയ്തു.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണലിനെ യുണൈറ്റഡ് കീഴ്‌പ്പെടുത്തിയത്. എമില്‍ റോവ് സ്മിത്തിലൂടെ ആദ്യം ഗോളടിച്ച ആഴ്‌സണലിന് 44ആം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ മറുപടി നല്‍കി. 52ആം മിനിട്ടില്‍ ക്രിസ്റ്റ്യാനോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. എന്നാല്‍, 54ആം മിനിട്ടില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ആഴ്‌സണലിനു സമനില നല്‍കി. ഒടുവില്‍ 70ആം മിനിട്ടില്‍ രണ്ടാം വട്ടം വല ചലിപ്പിച്ച് ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ചെറിയ മാറ്റങ്ങളോടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ടി20 മത്സരങ്ങള്‍ പിന്നീട് നടത്തും. ബയോ ബബിള്‍ പാലിച്ച്, കര്‍ശനമായ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കീഴിലാണ് പര്യടനം നടക്കുകയെന്നും സിഎസ്എ വ്യക്തമാക്കി.

‘പര്യടനം ഇപ്പോള്‍ സ്ഥിരീകരിച്ചു, ഫലപ്രദമായ ലോജിസ്റ്റിക് പ്ലാനിംഗിന് വേണ്ടി ഇന്ത്യ ടീം എത്തുന്നത് ഒരാഴ്ചത്തേക്ക് നീട്ടും’, സിഎസ്എയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഡിസംബര്‍ 17ന് ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ആദ്യ ടെസ്റ്റോടെയാണ് പര്യടനം തുടങ്ങുക. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നാല് ടി20 മത്സരങ്ങളും പുനക്രമീകരിക്കും.

ഗോവ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിയെ ഗോള്‍രഹിത സമനിലയില്‍ പൂട്ടി ഈസ്റ്റ് ബംഗാള്‍ എഫ്സി. രണ്ട് ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ മത്സരത്തില്‍ ഗോളുകളൊന്നും പിറന്നില്ല. ചെന്നൈയിന്‍ എഫ് സി നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ മതിലില്‍ തട്ടി അതെല്ലാം തകര്‍ന്നു വീഴുകയായിരുന്നു.

പ്രതിരോധനിരയില്‍ സുവം സെന്നിന്റെ പ്രകടനമാണ് കരുത്തരായ ചെന്നൈയിനെ പിടിച്ചു കെട്ടാന്‍ ഈസ്റ്റ് ബംഗാളിനെ സഹായിച്ചത്. ആദ്യ പകുതിയില്‍ പൂര്‍ണമായും പ്രതിരോധത്തിലായ ഈസ്റ്റ് ബംഗാള്‍ രണ്ടാം പകുതിയില്‍ കുറച്ചു കൂടി ആക്രമണോത്സുകമായി കളിച്ചുവെങ്കിലും അതൊന്നും ഗോളിലേക്ക് എത്തിയില്ല. 75-ാം മിനിറ്റില്‍ സുവര്‍ണാവസരം ഈസ്റ്റ് ബംഗാള്‍ നഷ്ടമാക്കുകയും ചെയ്തു. ആമിര്‍ ഡെര്‍സിവിച്ച് നല്‍കിയ ക്രോസില്‍ തലവെക്കാന്‍ രാജു ഗെയ്ക്വാദ് പരാജയപ്പെട്ടതാണ് ഈസ്റ്റ് ബംഗാളിന്റെ വിജയ സാധ്യത അടഞ്ഞത്.

മത്സരത്തിന്റെ അവസാനം വരെ ആധിപത്യം പുലര്‍ത്തിയിട്ടും ഫിനിഷിംഗിലെ പോരായ്മ ചെന്നൈയിന് തിരിച്ചടിയായി. സമനിലയായെങ്കിലും സീസണില്‍ തോല്‍വിയറിയാത്ത ടീമെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ചെന്നൈയിനായി. മൂന്ന് കളികളില്‍ ഏഴ് പോയന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈയിന്‍.