വമ്പന്‍ ജയം തുണച്ചില്ല: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാമത് തന്നെ

മുംബൈ: ന്യൂസിലാന്റിനെതിരെ നേടിയ വമ്പന്‍ ജയം തുണച്ചില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്ത്. ശ്രീലങ്കക്കും പാക്കിസ്ഥാനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. മുംബൈ ടെസ്റ്റ് വിജയത്തിനുശേഷമായിരുന്നു ഏറ്റവും പുതിയ പോയിന്റ് പട്ടിക പുറത്തുവിട്ടത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്.ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ജയിച്ചത് പാക്കിസ്ഥാന്റെ നില മെച്ചപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ഒരു ടെസ്റ്റ് തോല്‍ക്കുകയും ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതാണ് തിരിച്ചടിയായത്.

നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡ് ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ട് ആണ് നാലാമത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്റിനോട് ഏറ്റുമുട്ടിയ ഇന്ത്യ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു.