Sports (Page 154)

മുംബൈ: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റനായി വിരാട് കോലി തിരിച്ചെത്തിയതോടെ പിറന്നത് ടെസ്റ്റ് ചരിത്രത്തില്‍ 132 വര്‍ഷത്തിനിടെയുള്ള അപൂര്‍വ റെക്കോര്‍ഡ്.

മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രഹാനെയും പേസര്‍ ഇഷാന്ത് ശര്‍മയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായപ്പോള്‍ രഹാനെക്ക് പകരം കോലിയും ജഡേജക്ക് പകപം ജയന്ത് യാദവും ഇഷാന്തിന് പകരം മുഹമ്മദ് സിറാജും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനാവുകയും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇതോടെ ടോം ലാഥമാണ് രണ്ടാം ടെസ്റ്റില്‍ കിവീസിനെ നയിച്ചത്.

വിരാട് കോലി വിശ്രമമെടുത്ത ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് അജിങ്ക്യാ രഹാനെയായിരുന്നു. കിവീസിനെ നയിച്ചത് കെയ്ന്‍ വില്യംസണും. ഇതോടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ നാലു ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിക്കുകയെന്ന അപൂര്‍വതക്കും മുംബൈ ടെസ്റ്റ് സാക്ഷ്യം വഹിച്ചു. മുംബൈ ടെസ്റ്റില്‍ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ്. 120 റണ്‍സോടെ മായങ്ക് അഗര്‍വാളും 25 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ക്രീസില്‍. കോലിക്ക് പുറമെ ചേതേശ്വര്‍ പൂജാരയും ഇന്ന് പൂജ്യത്തിന് പുറത്തായിരുന്നു

മലയാളി താരം സഞ്ജു സാംസണിനെ നിലനിര്‍ത്താന്‍ അധികം ആലോചിക്കേണ്ടി വന്നില്ലെന്ന് ടീം ഡയറക്ടറായ കുമാര്‍ സംഗകാര. ഫ്രാഞ്ചൈസി വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യ താരമായിട്ട് തന്നെയായിരുന്നു സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. 14 കോടി രൂപക്കാണ് സഞ്ജു ടീമില്‍ തുടരുന്നത്.

സഞ്ജുവിനെ രാജസ്ഥാന്‍ ദീര്‍ഘകാല നായകനായാണ് കാണുന്നതെന്നും ക്യാപ്റ്റനെന്ന നിലയില്‍ അതുകൊണ്ട് തന്നെ സഞ്ജുവിനെ നിലനിര്‍ത്തുന്നതിനെ കുറിച്ച് അധികം തലപുകക്കേണ്ടി വന്നില്ലെന്നും സംഗകാര പറഞ്ഞു. നല്ല കഴിവുള്ള താരമാണ് സഞ്ജു. ഓരോ സീസണിലും മിന്നുന്ന പ്രകടനം നടത്തി സഞ്ചു സാംസണ്‍ താന്‍ ഒരു മുതല്‍ക്കൂട്ട് ആണെന്ന് തെളിയിക്കുകയാണെന്നാണ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്റെ പ്രതികരണം.

സഞ്ജുു സാംസണ്‍, ജോസ് ബട്ട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരാണ് നിലവിലുള്ളത്. ഭാവിയിലെ താരമെന്ന നിലയിലാണ് യശസ്വി ജയ്‌സ്വാളിനെ ടീമില്‍ നിലനിര്‍ത്തിയതെന്ന് സംഗക്കാര വെളിപ്പെടുത്തി. ജോസ് ബട്‌ലറിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് ലോകം കണ്ടതാണെന്നും ടോപ് ഓര്‍ഡറിലും മധ്യനിരയിലുമെല്ലാം ഒരുപോലെ ബാറ്റ് ചെയ്യാന്‍ ബട്ലര്‍ക്കാവും എന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.

പാരിസ്: ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായത് പിഎസ്ജിയുടെ അര്‍ജന്റൈന്‍ താരമായ ലയണല്‍ മെസിയാണ്. ഏഴാം തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കുന്നത്. എന്നാല്‍, ഇത്തവണത്തെ പുരസ്‌കാര നേട്ടത്തിന് മെസി അര്‍ഹനല്ലെന്നാണ് റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസ് പ്രതികരിച്ചത്. മെസി ഇത്തവണത്തെ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്നും പിഎസ്ജി താരത്തെക്കാളും ബഹുദൂരം മുന്നിലാണ് ക്രിസ്റ്റ്യനോ റൊണാള്‍ഡോയെന്നും തുറന്നടിച്ചിരിക്കുകയാണ് ക്രൂസ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബാള്‍ താരങ്ങള്‍ മെസിയും റൊണാള്‍ഡോയുമാണെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. പക്ഷേ എങ്ങനെയൊക്കെ നോക്കിയാലും മെസിയെക്കാളും ബഹുദൂരം മുന്നിലാണ് ക്രിസ്റ്റ്യാനോ. അതിനാല്‍ തന്നെ ഈ ബാലോണ്‍ ഡി ഓര്‍ മെസി അര്‍ഹിക്കുന്നില്ലെന്ന് ക്രൂസ് അഭിപ്രായപ്പെട്ടു.

ക്രിസ്റ്റ്യാനോയേയും മെസിയേയും മാറ്റിനിര്‍ത്തി മറ്റൊരു താരത്തിന് എന്ത് കൊണ്ട് പുരസ്‌കാരം നല്‍കുന്നില്ലെന്നും ക്രൂസ് ചോദിച്ചു. റയല്‍ മാഡ്രിഡ് മുന്നേറ്റനിര താരം കരിം ബെന്‍സേമയും ഇത്തവണത്തെ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നുവെന്ന് ക്രൂസ് ചൂണ്ടിക്കാട്ടി.

ഐപിഎല്‍ 2022 സീസണ് രാഹുലിനെ നിലനിര്‍ത്താന്‍ തങ്ങള്‍ ശ്രമിച്ചു എന്നും ടീം വിടാന്‍ താല്‍ര്യം കാണിച്ചതിനാലാണ് രാഹുലിനെ നിലനിര്‍ത്താതിരുന്നത് എന്നുമാണ് ക്ലബിന്റെ വെളിപ്പെടുത്തല്‍. രാഹുലിനെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനായിരുന്നു ശ്രമമെന്ന് ഐപിഎല്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അനില്‍ കുംബ്ലെ വ്യക്തമാക്കി.

രണ്ട് വര്‍ഷം മുന്‍പ് രാഹുലിനെ ക്യാപ്റ്റനാക്കിയതുപോലും അത് ലക്ഷ്യം വച്ചാണ്. എന്നാല്‍, ടീം വിടാനായിരുന്നു രാഹുലിന്റെ താല്‍പര്യമെന്നും കുംബ്ലെ പറഞ്ഞു.

അതേസമയം, ഐപിഎല്ലില്‍ ഇനി മുതല്‍ മെഗാ താര ലേലങ്ങള്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022 സീസണ് മുന്നോടിയായി നടക്കുന്ന ലേലമാവും അവസാനത്തേതെന്നും ഇനി മെഗാ ലേലം ഉണ്ടാവില്ലെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 സീസണു മുന്‍പുള്ള മെഗാ ലേലം അടുത്ത മാസം നടക്കുമെന്നാണ് സൂചന.

കൊച്ചി: സന്തോഷ് ട്രോഫി ആദ്യ മത്സരത്തില്‍ കേരളത്തിന് മിന്നും തുടക്കം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. ലക്ഷദ്വീപിനു മുകളില്‍ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് കേരളത്തിന്റെ ജയം. നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ കേരളത്തിന് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ലക്ഷദ്വീപ് താരം തന്‍വീറിന്റെ സെല്‍ഫ് ഗോളും കേരളത്തിന് നേട്ടമായി.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലാം മിനിറ്റില്‍ തന്നെ കേരളം ഗോള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. വലത് വിങ്ങിലൂടെയുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് തടയിട്ട ഫൗളിനായിരുന്നു പെനാല്‍റ്റി. 12ാം മിനിറ്റില്‍ കേരളം ലീഡ് രണ്ടാക്കി. പിന്നാലെ ലക്ഷദ്വീപ് ക്യാപ്റ്റന്‍ ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ കേരളത്തിന് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി.

മത്സരം തുടങ്ങി നാലാം മിനിട്ടില്‍ തന്നെ കേരളം സ്‌കോര്‍ ചെയ്തു. നാലാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. പിന്നാലെ 12ാം മിനിട്ടില്‍ ജെസിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മികച്ച ഫിനിഷിലൂടെയാണ് ജെസിന്‍ വലകുലുക്കിയത്.

മുംബൈ: കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിനെ നയിച്ച കെഎല്‍ രാഹുല്‍ പുതിയ തട്ടകം തേടുന്ന സാഹചര്യത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന ലക്‌നൗ ടീമിന്റെ നായകന്‍ രാഹുലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബ് കിംഗ്‌സിന്റെ പ്രകടനം തീര്‍ത്തും മോശമായി തുടരുന്ന സാഹചര്യത്തിലാണ് നിലവിലെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഇത്തവണ പുതിയ തട്ടകം തേടുന്നത്. ഐപിഎലിലേക്ക് പുതുതായി എത്തുന്ന ലഖ്‌നൗ, അഹമ്മദാബാദ് ടീമുകള്‍ക്ക് ലേലപ്പട്ടികയില്‍നിന്ന് ലേലത്തിനു മുന്‍പേ ഇഷ്ടമുള്ള രണ്ടു താരങ്ങളെ വീതം തിരഞ്ഞെടുക്കാനുള്ള അവസരമുള്ളതിനാല്‍ ഇവരിലാരെങ്കിലും രാഹുലിനെ സ്വന്തമാക്കാനാണ് സാധ്യത. ഇതില്‍ത്തന്നെ ലക്‌നൗ ടീം രാഹുലുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

മറ്റു ടീമുകളെല്ലാം പ്രധാന താരങ്ങളെ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് എല്ലാ താരങ്ങളെയും ഒറ്റയടിക്ക് കൈവിട്ടുകൊണ്ടുള്ള പഞ്ചാബ് കിംഗ്‌സിന്റെ തീരുമാനം. ഒരാളേപ്പോലും നിലനിര്‍ത്തിയില്ലെങ്കില്‍ മെഗാ താരലേലത്തില്‍ 90 കോടി രൂപയും താരങ്ങളെ വിളിച്ചെടുക്കാന്‍ പഞ്ചാബിന് ഉപയോഗിക്കാം.

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തു വിട്ട് മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ ഓള്‍ റൗണ്ടറായ ഹര്‍ദ്ദിക് പാണ്ഡ്യയും യുവതാരം ഇഷാന്‍ കിഷാനും പട്ടികയിലില്ലെന്ന് റിപ്പോര്‍ട്ട്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര, ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്, ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തവണത്തെ മെഗാ താരലേലത്തിന് മുന്നോടിയായി പൊള്ളാര്‍ഡിനെ കൈവിട്ട മുംബൈ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി പൊള്ളാര്‍ഡിനെ കുറഞ്ഞ തുകക്ക് വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ നിലനിര്‍ത്തേണ്ട കളിക്കാരില്‍ തന്നെ പൊള്ളാര്‍ഡിനെ ഉള്‍പ്പെടുത്താന്‍ മുംബൈ തയ്യാറായി.

യുവതാരം ഇഷാന്‍ കിഷാന്‍ മുംബൈയുടെ നാലാമത്തെ താരമാകുമെന്ന പ്രതീക്ഷകളെ മാറ്റിമറിച്ചാണ് സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തുവാന്‍ മുംബൈ ഇന്ത്യന്‍സ് തീരുമാനിച്ചത്. രോഹിത് ശര്‍മ്മക്ക് 16 കോടിയും ജസ്പ്രീത് ബുംറയ്ക്ക് 12 കോടിയും സൂര്യകുമാര്‍ യാദവിന് 8 കോടിയും കീറണ്‍ പൊള്ളാര്‍ഡിന് 6 കോടിയുമാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തുവാനായി ചെലവാക്കുന്നത്.

പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഏഴാം തവണയും അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിക്ക്. പുലര്‍ച്ചെ പാരീസില്‍ നടന്ന ചടങ്ങിലാണ് ഫുട്‌ബോളിലെ വിഖ്യാത പുരസ്‌കാരത്തിന് അര്‍ജന്റീനയുടെയും പിഎസ്ജിയുടെയും മിന്നും താരമായ മെസ്സി അര്‍ഹനായത്. ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ താരവും മെസ്സിയാണ്. നേരത്തേ 2009, 2010, 2011, 2012, 2015, 2019 വര്‍ഷങ്ങളിലും മെസ്സി ബാലണ്‍ ഡി ഓര്‍ നേടിയിട്ടുണ്ട്. അഞ്ച് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തൊട്ടു പിന്നില്‍.

ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്സ്‌കി രണ്ടാം സ്ഥാനവും, ജോര്‍ജീന്യോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്.

പിഎസ്ജിക്കായി കളിക്കുന്ന മെസ്സിയും ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോവ്സ്‌കിയും തമ്മിലായിരുന്നു പ്രധാനമത്സരം. മെസ്സിക്ക് 41 ഗോളും 14 അസിസ്റ്റുമാണ് ഉണ്ടായിരുന്നത്. അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്കയും ബാഴ്സലോണക്കൊപ്പം സ്പാനിഷ് കിങ്സ് കപ്പും ജയിച്ചു. ലെവന്‍ഡോവ്സ്‌കി ബയേണിനൊപ്പം ബുണ്ടസ് ലിഗ, ക്ലബ്ബ് ലോകകപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവ നേടി. 64 ഗോളും 10 അസിസ്റ്റും ഇക്കാലയളവിലുണ്ട്.

ബാഴ്സലോണ താരം അലക്സിയ പുറ്റലാസാണ് മികച്ച വനിതാ താരം. മികച്ച യുവതാരമായി പെഡ്രി ഗോണ്‍സാലസിനെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പ്രത്യേക പുരസ്‌കാരം പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിക്ക് ലഭിച്ചു. മികച്ച ഗോള്‍ കീപ്പര്‍ യാചിന്‍ ട്രോഫി ഇറ്റാലിയന്‍ താരം ജിയലുയിലി ഡോണരുമ നേടി. ക്ലബ്ബ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ചാമ്പ്യന്‍സ് ലീഗും വുമണ്‍സ് സൂപ്പര്‍ ലീഗും കരസ്ഥമാക്കിയ ചെല്‍സിയാണ് നേടിയത്. ഏറ്റവും മികച്ച പുരുഷ യുവതാരത്തിനുള്ള കോപ്പാ പുരസ്‌കാരം ബാഴ്‌സലോണയുടെ സ്പാനിഷ് താരം പെഡ്രി ഗോണ്‍സാലസ് സ്വന്തമാക്കി.

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ സമനിലയില്‍ കളിയവസാനിച്ചു.. 280 റണ്‍സ് വിജയലക്ഷ്യം തേടി അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് അവസാന പന്തു വരെ പോരാട്ടം തുടര്‍ന്നു. ഒരു വിക്കറ്റ് മാത്രം ജയം അകലെ നില്‍ക്കെ മോശം വെളിച്ചം കാരണംകളി അവസാനിപ്പിക്കുകയായിരുന്നു. 91 പന്തില്‍ 18 റണ്‍സുമായി ഇന്ത്യയുടെ സ്പിന്‍ നിരയോട് പൊരുതിയ രച്ചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

അഞ്ചാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ ഇറങ്ങിയ ന്യൂസിലന്‍ഡിന് ടോം ലാഥമും വില്യം സോമര്‍വില്ലും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. ഉച്ചഭക്ഷണത്തിനു പിരിയും വരെ വിക്കറ്റ് നഷ്ടപ്പെടുത്താതെ 76 റണ്‍സ് ഇവര്‍ നേടി. പിന്നീടെത്തിയ ക്യാപ്റ്റന്‍ വില്യംസനൊപ്പം ചേര്‍ന്ന് ടോം ലാഥം സ്‌കോര്‍ 100 കടത്തി. എന്നാല്‍ അധികം നേരം പിടിച്ചുനില്‍ക്കാന്‍ ലാഥത്തിന് ആയില്ല. അര്‍ദ്ധസെഞ്ചുറി കുറിച്ചതിനു പിന്നാലെ അശ്വിന്‍ ലാഥത്തെ പുറത്താക്കി. പിന്നാലെ എത്തിയ റോസ് ടെയ്ലറും നിലയുറപ്പിക്കും മുന്നേ പുറത്തായി. രണ്ട് റണ്‍സെടുത്ത ടെയ്ലറെ ജഡേജ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

125-4 എന്ന നിലയില്‍ അവസാന സെഷന് തുടക്കമിട്ട ന്യൂസിലന്‍ഡ് ഇന്ത്യന്‍ സ്പിന്‍ നിരയ്ക്ക് മുന്നില്‍ കീഴടങ്ങി.ടെയ്‌ലറിന് ശേഷമെത്തിയ ഹെന്റി നിക്കോളാസിനെ അക്‌സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വൈകാതെ തന്നെ വില്യംസണിനെ ജഡേജയുടെ പവലിയനിലേക്ക് മടക്കിയതോടെ ഇന്ത്യന്‍ ക്യാംപില്‍ വിജയ പ്രതീക്ഷകള്‍ ഉണര്‍ന്നു. ടോം ബ്ലണ്ടലിനെ അശ്വിനും പുറത്താക്കിയതോടെ വാലറ്റം മാത്രമായി ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍. രച്ചിന്‍ രവീന്ദ്ര എന്ന യുവതാരം ശക്തമായ പ്രതിരോധമാണ് കാഴ്ച വച്ചത്. പക്ഷെ മറുവശത്ത് ജഡേജ തന്റെ മികവിലൂടെ മറുവശത്തെ വീഴ്ത്തി. കെയില്‍ ജാമിസണിനേയും, ടിം സൗത്തിയേയും ജഡേജയുടെ പന്തുകളാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

പക്ഷെ പതിനൊന്നാമനായി എത്തിയ അജാസ് പട്ടേലും രച്ചിന്‍ രവീന്ദ്രയും ചേര്‍ന്ന് ഇന്ത്യയുടെ മൂന്ന് സ്പിന്നര്‍മാരെയും നേരിട്ടു. ഒടുവില്‍ വെളിച്ചവും വില്ലനായി എത്തിയതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ത്യയ്ക്കായി ജഡേജ നാലും, അശ്വിന്‍ മൂന്നു വിക്കറ്റും നേടി. പരമ്പരയിലെ അവാസന ടെസ്റ്റ് ഡിസംബര്‍ മൂന്നിന് ആരംഭിക്കും.

കാണ്‍പൂര്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആവേശകരമായ അഞ്ചാം ദിനം ഇന്ന്. ഇന്ത്യ മുന്നോട്ടുവെച്ച 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കെ 280 റണ്‍സാണ് ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത്. ടോം ലാദം (2), വില്യം സോമര്‍വില്ലി (0) എന്നിവരാണ് (0) ക്രീസില്‍.

നാലാം ദിനത്തിന്റെ അവസാന സമയത്ത് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ന്യൂസിലന്‍ഡിന് വില്‍ യങ്ങിന്റെ (2) വിക്കറ്റാണ് നഷ്ടമായത്. നിശ്ചിത സമയത്തിനുള്ളില്‍ റിവ്യൂ നല്‍കാത്തതിനാല്‍ യങ്ങിന്റെ റിവ്യൂ തീരുമാനം അംപയര്‍മാര്‍ നിരസിക്കുകയായിരുന്നു. ഇതോടെ നിര്‍ണ്ണായകമായ വിക്കറ്റ് ഇന്ത്യക്ക് ലഭിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനത്തിലാണ് ടീം പ്രതീക്ഷ വെക്കുന്നത്. അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേരുമ്പോള്‍ ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ടോം ലാദം, കെയ്ന്‍ വില്യംസന്‍, റോസ് ടെയ്ലര്‍ എന്നിവരുടെ പ്രകടനം ന്യൂസിലന്‍ഡിന് നിര്‍ണ്ണായകമാവും. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടു. മായങ്ക് അഗര്‍വാള്‍ (17), ശുഭ്മാന്‍ ഗില്‍ (1), ചേതേശ്വര്‍ പുജാര (22), അജിന്‍ക്യ രഹാനെ (4), എന്നിവരെല്ലാം നിരാശപ്പെടുത്തി. അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമമാണ് പാളിയത്.

എന്നാല്‍ ശ്രേയസ് അയ്യര്‍ (65), വൃദ്ധിമാന്‍ സാഹ (61*) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായി. പരിക്കിന്റെ വെല്ലുവിളിയേയും സമ്മര്‍ദ്ദത്തേയും അതിജീവിച്ച് ക്ലാസിക്കല്‍ അര്‍ധ സെഞ്ച്വറി തന്നെയാണ് അദ്ദേഹം നേടിയത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയും ശ്രേയസ് നേടിയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രേയസ്. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 345 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് ഒന്നാം വിക്കറ്റില്‍ 151 റണ്‍സിന്റെ കൂട്ടുകെട്ട് ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് തകര്‍ന്നു.