സീനിയര്‍ കരിയറില്‍ 800 ഗോളുകള്‍ തികക്കുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ

donaldo

സീനിയര്‍ കരിയറില്‍ 800 ഗോളുകള്‍ തികക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം ആഴ്‌സണലിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഇരട്ട ഗോളടിച്ചതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. ഇതോടെ ആകെ ഗോളുകളുടെ എണ്ണം 801 ആയി.

1097 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 801 ഗോളുകള്‍ സ്വന്തമാക്കിയത്. 2002 ല്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണിന്റെ ജേഴ്‌സിയിലാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയത്. പിന്നീട് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലാ ലീഗ ക്ലബ് റയല്‍ മാഡ്രിഡ്, സീരി എ ക്ലബ് യുവന്റസ് എന്നീ ടീമുകളിലേക്ക് ചേക്കേറിയ താരം അവിടെയും മികവ് തുടര്‍ന്നു. റയല്‍ മാഡ്രിഡ് കരിയറിലാണ് റൊണാള്‍ഡോ ഏറ്റവുമധികം തവണ ഗോള്‍വല കുലുക്കിയത്. രണ്ട് കാലഘട്ടങ്ങളിലായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 130 ഗോളുകളും യുവന്റസിന് വേണ്ടി 101 ഗോളുകളും ദേശീയ ടീമായ പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ 115 ഗോളുകളും സ്‌കോര്‍ ചെയ്തു.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണലിനെ യുണൈറ്റഡ് കീഴ്‌പ്പെടുത്തിയത്. എമില്‍ റോവ് സ്മിത്തിലൂടെ ആദ്യം ഗോളടിച്ച ആഴ്‌സണലിന് 44ആം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ മറുപടി നല്‍കി. 52ആം മിനിട്ടില്‍ ക്രിസ്റ്റ്യാനോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. എന്നാല്‍, 54ആം മിനിട്ടില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ആഴ്‌സണലിനു സമനില നല്‍കി. ഒടുവില്‍ 70ആം മിനിട്ടില്‍ രണ്ടാം വട്ടം വല ചലിപ്പിച്ച് ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.