മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി പരമ്പര നേടിയതിന് പിന്നാലെ 50 ടെസ്റ്റ് ജയങ്ങളില്‍ ഇന്ത്യന്‍ ടീമിനൊപ്പം പങ്കാളിയായ താരമെന്നുള്ള റെക്കോര്‍ഡ് കൂടി കരസ്ഥമാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുകഴത്തി് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനാണ് കോലിയെന്ന് പത്താന്‍ പറഞ്ഞു. ‘ഞാനിക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു, വിരാട് കോലിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍. ടെസ്റ്റില്‍ 59.09 വിജയ ശതമാനവുമായി വിരാട് കോലി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള നായകന് 45 ശതമാനമാണ് വിജയശതമാനം’ എന്നും എം എസ് ധോണിയുടെ പേരെടുത്ത് പറയാതെ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ നായകന്‍മാരുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് വിരാട് കോലി. 109 ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ഗ്രെയിം സ്മിത്ത് 53 ജയങ്ങളുമായി ഒന്നാം സ്ഥാനത്തുണ്ട്. 48.62 ആണ് സ്മിത്തിന്റെ വിജയശതമാനം.