ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ ഡിസംബർ 13 ന് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേർന്ന വാർഷിക ജനറൽ മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായതെന്നാണ് വിവരം. മുൻ ബൗളിംഗ് പരിശീലകനായിരുന്ന ട്രോയ് കൂലി എൻസിഎ ബൗളിംഗ് പരിശീലകനാവും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളുടെ ബൗളിംഗ് പരിശീലകനായിരുന്നു ട്രോയ് കൂലി.
മുൻ എൻസിഎ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായതിനെ തുടർന്നാണ് വിവിഎസ് ലക്ഷ്മൺ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുന്നത്. ലക്ഷ്മണുമായുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരമാവും ലക്ഷ്മണിന്റെ അവസാന മാദ്ധ്യമ ജോലിയെന്നും ഡിസംബർ 13 മുതൽ അദ്ദേഹം എൻസിഎയിൽ ഉണ്ടാകുമെന്നും ബിസിസിഐ മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. അണ്ടർ- 19 ലോകകപ്പിനായി അദ്ദേഹം വെസ്റ്റ് ഇൻഡീസിൽ ഉണ്ടാകുമെന്നും ഈ ഉദ്യോഗസ്ഥൻ വിശദമാക്കിയിട്ടുണ്ട്.
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിംഗ് ഉപദേശകനാണ് നിലവിൽ ലക്ഷ്മൺ. എൻസിഎ തലവൻ ആകുന്നതോടെ അദ്ദേഹം സൺറൈസേഴ്‌സ് ഹൈദപാബാദിന്റെ ബാറ്റിംഗ് ഉപദേശക സ്ഥാനം ഒഴിയും. ദ്രാവിഡും ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധവും ഇരുവരുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുള്ള ബന്ധവും ലക്ഷ്മണെ എൻസിഎ തലവൻ എന്ന പദവിയിലേക്ക് നയിച്ചത്.

