Sports (Page 152)

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്സി. ലിസ്റ്റണ്‍ കൊളോക്കോയിലൂടെ ആദ്യം മുന്നിലെത്തിയ എടികെയെ ആദ്യ പകുതി തീരുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് വ്‌ലാദിമര്‍ കോമാന്റെ ഗോളില്‍ ചെന്നൈയിന്‍ സമനിലയില്‍ തളക്കുകയായിരുന്നു.

നിലവിലെ പോയന്റ് പട്ടികയില്‍ എടികെ ആറാം സ്ഥാനത്തും ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തും തുടരുന്നു. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കൊടുവിലാണ് എടികെക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. കളിയുടെ ആരംഭത്തില്‍ എടികെക്കായിരുന്നു ആധിപത്യം. പതിനെട്ടാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പാസില്‍ നിന്ന് മനോഹരമായൊരു ഗോളിലൂടെ ലിസ്റ്റണ്‍ കൊളാക്കോ എടികെയെ മുന്നിലെത്തിച്ചു. എങ്കിലും ചെന്നൈയിന് സമനില ഗോളിനായി ആദ്യ പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു. ബോക്‌സിന് അടുത്തു നിന്ന് അനിരുദ്ധ് ഥാപ്പയെടുത്ത ത്രോയില്‍ നിന്നായിരുന്നു 45-ാം മിനിറ്റില്‍ ചെന്നൈയിന്റെ സമനില ഗോള്‍ വന്നത്.

രണ്ടാം പകുതിയില്‍ ഇരുടം ടീമുകളും കാര്യാമായ ഗോള്‍ ശ്രമങ്ങളൊന്നും നടത്തിയില്ല. അങ്ങനെ സമനിലയില്‍ ഇരു ടീമുകളും കൈകൊടുത്ത് പിരിയുകയായിരുന്നു.

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റഷ്യക്കാരനായ ഇയാന്‍ നിപോംനിഷിയെ കീഴടക്കി തുടര്‍ച്ചയായി അഞ്ചാംതവണയും രാജാവായി നോര്‍വെക്കാരന്‍ മാഗ്‌നസ് കാള്‍സന്‍. ദുബായ് എക്‌സിബിഷന്‍ സെന്ററില്‍ പതിനൊന്നില്‍ നാല് കളി ജയിച്ച് ഏഴര പോയിന്റോടെയാണ് കാള്‍സന്റെ ഈ അപൂര്‍വനേട്ടം. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച് 2013ലാണ് കാള്‍സന്‍ ആദ്യം കിരീടം നേടുന്നത്. പിന്നീട് മൂന്നുതവണകൂടി ജേതാവായി.

ഇന്നലെ പതിനൊന്നാം ഗെയിം 49 നീക്കത്തിലാണ് കാള്‍സന്‍ ജയിച്ചത്. മൂന്ന് മണിക്കൂറും 21 മിനിറ്റുമെടുത്താണ് വിജയം. ആകെയുള്ള 14 ഗെയിമില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാളാണ് ചാമ്പ്യനാവുക. നിപോംനിഷിക്ക് മൂന്നര പോയിന്റാണുള്ളത്. കാള്‍സന്‍ ലക്ഷ്യം നേടിയതോടെ മൂന്ന് മത്സരങ്ങള്‍ ബാക്കിയായി. നിപോംനിഷിക്ക് ഒറ്റ കളിയും ജയിക്കാനായില്ല. ആദ്യത്തെ അഞ്ച് കളിയും സമനിലയായിരുന്നു.

ആറാം ഗെയിമില്‍ കാള്‍സന്‍ ജയിച്ചതാണ് വഴിത്തിരിവായത്. തുടര്‍ന്ന് എട്ടാമത്തേയും ഒമ്പതാമത്തേയും പതിനൊന്നാമത്തേയും കളിയില്‍ കാള്‍സണ്‍ തന്നെ വിജയിച്ചു. പതിനൊന്നാം ഗെയിം ഏറെ സവിശേഷമായിരുന്നു. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ഓപ്പണിങ്ങായ ജ്വോക്കോ പ്യാനോ അഥവാ ഇറ്റാലിയന്‍ ഗെയിം ആദ്യമായി പ്രാരംഭമുറയായി പരീക്ഷിക്കപ്പെട്ടു. സമനിലയിലേക്ക് നീങ്ങിയ കളിയ്ക്ക് ജീവന്‍ നല്‍കിയത് നിപോയുടെ ആത്മഹത്യാപരമായ 23–ാം നീക്കമാണ്. നാല് പോയിന്റ് വ്യത്യാസത്തില്‍ ലോക ചാമ്പ്യന്‍ പിറക്കുന്നത് നൂറ്റാണ്ടിനുശേഷം ആദ്യമാണ്.

ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശര്‍മയെ നിയമിച്ചതിനു പിന്നാലെ ഏറെ വിമര്‍ശനങ്ങളാണ് ബിസിസിഐ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ബിസിസിഐ കോഹ്ലിയെ അപമാനിക്കുകയാണ് ചെയ്തതെന്നാണ്് ആരാധകരുടെ പ്രതികരണം. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ നേട്ടങ്ങളെ കുറിച്ചൊന്നും പരാമര്‍ശിക്കാതെ പ്രഖ്യാപനം നടത്തി എന്നതാണ് ആരാധകരെ ചൊടിപ്പിക്കാന്‍ കാരണം.

അതേസമയം, അടുത്ത ദിവസം അദ്ദേഹത്തിന് ട്വിറ്ററിലൂടെ നന്ദിയറിയിച്ച് ബിസിസിഐ രംഗത്ത് വന്നിരുന്നെങ്കിലും ബിസിസിഐ പോസ്റ്റ് ചെയ്ത ട്വീറ്റിന് താഴെ ബോര്‍ഡിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. സൗരവ് ഗാംഗുലിയേയും ബിസിസിഐയേയും പിന്തുണക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. #ShameOnBCCI എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.

രോഹിത് ശര്‍മയെ ഏകദിന ഫോര്‍മാറ്റിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും കൂടിയെടുത്ത തീരുമാനമാണെന്ന് ഗാംഗുലി തന്നെ വ്യക്തമായിരുന്നു.

ഐഎസ്എല്ലില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ജംഷഡ്പൂരിനെ കീഴ്‌പ്പെടുത്തി മുംബൈ. തുടക്കത്തില്‍ മുംബൈ രണ്ട് ഗോളിന് മുന്നിലായിരുന്നു. അഞ്ച് കളികളില്‍ നാലു ജയമുള്ള മുംബൈ 12 പോയന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. തോറ്റെങ്കിലും എട്ട് പോയന്റുള്ള ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്ത് നിന്നും താഴേക്കിറങ്ങിയില്ല.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന്റെ പിഴവില്‍ നിന്ന് മുംബൈ മുന്നിലെത്തി. കാസിഞ്ഞോ ആയിരുന്നു സ്‌കോറര്‍. തുടര്‍ന്ന് ജംഷഡ്പൂര്‍ ആക്രമിച്ച് കളിച്ചതോടെ മത്സരം ആവേശകരമായി. എന്നാല്‍, പതിനേഴാം മിനിറ്റില്‍ ബിപിന്‍ സിംഗിലൂടെ ലീഡുയര്‍ത്തിയ മുംബൈ കളിയില്‍ ആധിപത്യമുറപ്പിക്കുകയായിരുന്നു.

അധികം വൈകാതെ ഇഗോര്‍ അംഗൂളോയിലൂടെ മുംബൈ ലീഡ് മൂന്നാക്കി ആക്കി ഉയര്‍ത്തി. 29-ാമിനിറ്റില്‍ ജംഷഡ്പൂരിന് ഒരു ഗോള്‍ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും മുംബൈ ഗോളഅ കീപ്പറുടെ മികവ് അവര്‍ക്ക് തിരിച്ചടിയായി. ആക്രമണ പ്രത്യാക്രമണങ്ങളുമായി ആദ്യ പകുതി അവസാനിച്ചശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലെ കോമള്‍ തട്ടാലിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ മടക്കി. അധികം വൈകാലെ എലി സാബിയയിലൂടെ ഒരു ഗോള്‍ കൂടി തിരിച്ചടിച്ച് ജംഷഡ്പൂര്‍ മത്സരം ആവേശകരമാക്കി. എന്നാല്‍ 70-ാം മിനിറ്റില്‍ ഗോര്‍ കറ്റാറ്റൗവിലൂടെ നാലാം ഗോളും നേടി മുംബൈ വിജയക്കൊടി പാറിച്ചു.

മുംബൈ: ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഈ മാസം 16ന് യാത്ര തിരിക്കും. മൂന്ന് വീതം ടെസ്റ്റും ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ പോകുന്നത്. നാല് ടി20 മത്സരങ്ങള്‍കൂടി പരമ്പരയില്‍ ഉണ്ടായിരുന്നുവെങ്കിലും ഒമൈക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

ടെസ്റ്റ് പരമ്പര കഴിയുന്നത് വരെ, ഇന്ത്യന്‍ താരങ്ങള്‍ ബയോബബിളില്‍ കഴിയേണ്ടിവരും. ഏകദിന പരമ്പരയില്‍ കളിക്കുന്നവര്‍ എട്ട് ദിവസം കൂടുതല്‍ ബയോബബിളില്‍ കഴിയേണ്ടി വരും. ഡിസംബര്‍ 12ന് ഇന്ത്യന്‍ താരങ്ങള്‍ മുംബൈയില്‍ ഒത്തുച്ചേരും. അവിടെ നാല് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുക.

താരങ്ങളുടെ സുരക്ഷ മാനിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കയിലെത്തിയാല്‍ പര്യടനം തീരുന്നതു വരെ ബയോബബിളിനകത്തു തന്നെ തുടരണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ട് വെച്ചത്. ഒമൈക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നേരത്തേ അനിശ്ചിതത്വത്തിലായിരുന്നു.

ടി-20ക്ക് പിന്നാലെ ഏകദിനത്തിലേയും ക്യാപ്റ്റന്‍സി രോഹിത് ശര്‍മയുടെ കൈകളില്‍ എത്തിയിരിക്കുകയാണ്. മൂന്നു ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി റോള്‍ കൈകാര്യം ചെയ്ത കോലിക്ക് പകരമായി സ്റ്റാര്‍ ഓപ്പണര്‍ രോഹിത്തിനെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനായി നിയമിക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. നായകന്‍ രോഹിത് ശര്‍മ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലും തനിക്ക് മികച്ച മികവ് പുറത്തെടുക്കാന്‍ കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തില്‍ തന്നെയാണ്. ഇനി വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ സെഞ്ച്വറിയല്ല കിരീടം നേടുകയാണ് പരമ പ്രഥമ ലക്ഷ്യമെന്നും രോഹിത് വ്യക്തമാക്കുന്നു.

‘രാജ്യത്തിനായി നമ്മള്‍ കളിക്കുമ്പോള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം ടീമിന്റെ നേട്ടങ്ങള്‍ തന്നെയാണ് പ്രധാനം. എത്ര സെഞ്ച്വറികളാണ് നമ്മള്‍ സ്വന്തമാക്കുന്നത് എന്നതിനും അപ്പുറം ഐസിസി ടൂര്‍ണമെന്റുകള്‍ ജയിക്കുക തന്നെയാണ് നിര്‍ണായകം.ക്യാപ്റ്റന്‍സി റോളില്‍ എന്റെ പ്രധാന ചുമതലയും ലോകകപ്പ് കിരീടം തന്നെയാണ്’ താരം പറയുന്നു.

‘കരിയറില്‍ നമ്മള്‍ എത്രത്തോളം സെഞ്ച്വറികള്‍ നേടിയാലും അത് പക്ഷെ ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് തുല്യമാകില്ല. നമ്മള്‍ എല്ലാം കായിക ഇനത്തില്‍ കളിക്കുമ്പോള്‍ പ്രധാനമായി നോക്കുക ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പ് കിരീടം തന്നെയാകും. ഒരു ചാമ്പ്യന്‍ഷിപ്പില്‍ ജയിക്കുന്നത് നാം അടിച്ചെടുക്കുന്ന എല്ലാ സെഞ്ച്വറികള്‍ക്കും മുകളിലാണ്. എന്നും ക്രിക്കറ്റ് എന്നത് ടീം സ്പോര്‍ട്‌സാണാല്ലോ. അതിനാല്‍ ഒരു ടീമെന്ന നിലയിലുള്ള നേട്ടമാണ് എനിക്ക് ഏറ്റവും വലുത്. അത് മാത്രമാണ് എന്റെ ലക്ഷ്യം’ രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബി.സി.സി.ഐ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നത്. ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റന്‍ കൂടിയാണ് നിലവില്‍ രോഹിത് ശര്‍മ. ഇതോടെ വിരാട് കോലി ഏകദിന നായകസ്ഥാനത്തുനിന്ന് പടിയിറങ്ങും. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരിക്കും ഇനി കോലി ഇന്ത്യയുടെ ക്യാപ്റ്റനാവുക.

ടെസ്റ്റ് ക്രിക്കറ്റില്‍ അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത് ശര്‍മയെ സഹനായകനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഡിസംബര്‍ 26 നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പര്യടനം ആരംഭിക്കുക. ആദ്യം ടെസ്റ്റ് മത്സരങ്ങളാണ് നടക്കുക.

ഇന്ത്യന്‍ ടെസ്റ്റ് ടീം: വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ (സഹനായകന്‍), കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

കുറച്ചു കാലമായി പരിക്കുകള്‍ കാരണം താരം വലയുകയാണ്. ഇതു കാരണം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനും നിശ്ചിത ഓവര്‍ മത്സരങ്ങളിലും ഐപിഎല്ലിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ട്. ടെസ്റ്റ് നിന്നും വിരമിച്ചാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

അതേസമയം, നിലവില്‍ ഹാര്‍ദിക് ഞങ്ങളുടെ ടെസ്റ്റ് പ്ലാനിന്റെ ഭാഗമല്ല. എങ്കിലും വിരമിച്ചാല്‍ അതു ടീമിനു വലിയ നഷ്ടം തന്നെയായിരിക്കും. ഒരു ബാക്കപ്പിനെ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുംബൈ: ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നതായി റിപ്പോര്‍ട്ട്. 2016ലാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നറായ അദ്ദേഹം യുഎഇക്കെതിരെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചത്. അടുത്തയാഴ്ച ഹര്‍ഭജന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ക്രിക്കറ്റ് നിന്ന് കളമൊഴിഞ്ഞ ശേഷം ഒരു പ്രമുഖ ഐപിഎല്‍ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനൊപ്പം ഹര്‍ഭജന്‍ ചേരുമെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒന്നു രണ്ടു ഫ്രാഞ്ചൈസികള്‍ ഹര്‍ഭജനെ ക്ഷണിച്ചതായും സൂചന ഉണ്ട്.

മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സമയത്ത് യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലെ താല്‍പര്യം ഹര്‍ഭജന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. നൈറ്റ് റൈഡേഴ്സില്‍ വരുണ്‍ ചക്രവര്‍ത്തിക്കും വെങ്കടേഷ് അയ്യര്‍ക്കും മികവ് ഉയര്‍ത്താനുള്ള ഉപദേശങ്ങള്‍ ഹര്‍ഭജന്‍ നല്‍കിയിരുന്നു. ടീം സെലക്ഷനിലും ഹര്‍ഭജന്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജംഷദ്പൂര്‍. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയോട് ഏറ്റ വലിയ പരാജയം മറക്കാന്‍ വേണ്ടി ഇറങ്ങിയ മോഹന്‍ ബഗാന്‍ അങ്ങനെ വീണ്ടും പരാജയപ്പെട്ടു.

ആദ്യ പകുതിയില്‍ 37-ാം മിനുട്ടില്‍ സെമിന്‍ലെന്‍ ദുംഗലാണ് ജംഷദ്പൂരിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്നെ മോഹന്‍ ബഗാന് സമനില നേടാന്‍ അവസരം ലഭിച്ചെങ്കിലും എലി സാബിയയുടെ ഗോള്‍ ലൈന്‍ സേവില്‍ ജംഷദ്പൂര്‍ രക്ഷപ്പെട്ടു.

രണ്ടാം പകുതിയുടെ 85-ാം മിനിട്ടില്‍ അലക്‌സ് ലിമയിലൂടെ ജംഷദ്പൂര്‍ രണ്ടാം ഗോളും നേടി. 89-ാം മിനിട്ടില്‍ പ്രിതം കോടാലിലൂടെ എടികെ ഒരു ഗോള്‍ മടക്കി. ഈ വിജയത്തോടെ 8 പോയിന്റുമായി ജംഷദ്പൂര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. നിലവില്‍ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.