മുംബൈ: ഏതു ബൗളറും സ്വപ്നം കാണുന്ന മിന്നുന്ന ചരിത്ര നേട്ടവുമായി ന്യൂസിലന്‍ഡിനു വേണ്ടി കളിക്കുന്ന ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍. മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ പത്തു വിക്കറ്റുകളും അജാസ് സ്വന്തമാക്കി. ചരിത്രത്തില്‍ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റുകളും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാണ് അജാസ്. ഇംഗ്‌ളണ്ടിലെ ജിം ലേക്കര്‍, ഇന്ത്യന്‍ മുന്‍ ടെസ്റ്റ് നായകന്‍ അനില്‍ കുംബ്‌ളെ എന്നിവര്‍ മാത്രമാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചിട്ടുളളത്. പത്തുവിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലിന്റെ മികവില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 325 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് വെറും 62 റണ്‍സിന് കൂടാരം കയറുകയായിരുന്നു. അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. രണ്ടാം ഇന്നിംഗ് ബാറ്റിംഗ് തുടരുന്ന ഇന്ത്യ ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ മികവില്‍ വിക്കറ്റ് നഷ്ടമാകാതെ നിലവില്‍ 86 റണ്‍സ് നേടിയിട്ടുണ്ട്.
അജാസിന്റെ ചരിത്ര നേട്ടത്തില്‍ ന്യൂസിലന്‍ഡിന്റെ ഡഗ് ഔട്ടിലെത്തി ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും, ക്യാപ്റ്റന്‍ വിരാട് കോലിയും മുഹമ്മദ് സിറാജും അഭിനന്ദിച്ചു. 1999ല്‍ കുംബ്‌ളെ ചരിത്രനേട്ടം നേടുമ്പോള്‍ ടീമിലെ സഹതാരമായിരുന്നു ദ്രാവിഡ്.

