വാങ്കഡെയില്‍ കിവീസിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രതീക്ഷിച്ചതിലും നേരത്തെ കിവീസ് കീഴടങ്ങി. ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്ക് 324 ന്റെ കൂറ്റന്‍ വിജയം. ഇതോടെ രണ്ടു ടെസ്റ്റുകള്‍ മാത്രമുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ജയന്ത് യാദവും അശ്വിനും ചേര്‍ന്ന് തുടക്കത്തില്‍ തന്നെ തകര്‍ത്തു. രചിന്‍ രവീന്ദ്ര (18), കൈല്‍ ജാമിസണ്‍ (0), ടിം സൗത്തി (0), വില്യം സോമര്‍ വില്ലെ (1) എന്നിവരാണ് ഇന്ന് പുറത്തായത്. ജയന്ത് യാദവാണ് ഇവരെ മടക്കിയത്.

167 ന് റണ്‍സിനാണ് ന്യൂസിലന്‍ഡ് പുറത്തായത്. ആദ്യ ഇന്നിങ്സില്‍ 325 റണ്‍സ് എടുത്ത് എതിരാളികളെ തുച്ഛമായ 62 റണ്‍സിന് പുറത്താക്കിയ ശേഷം ആതിഥേയര്‍ കിവിസിന് 540 റണ്‍സ് വിജയലക്ഷ്യം വെച്ചു. 276/7 എന്ന നിലയില്‍ അവര്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. അതിനുശേഷം സന്ദര്‍ശകര്‍ മൂന്നാം ദിനം 140/5 എന്ന നിലയില്‍ അവസാനിച്ചിരുന്നു. നാലാം ദിവസം തുടക്കത്തില്‍ തന്നെ ഇന്ത്യ കിവീസിനെ കീഴടക്കുകയായിരുന്നു. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.