‘നന്ദി ക്യാപ്റ്റന്‍’; കോഹ്ലിക്ക് നന്ദി അറിയിച്ച് ബിസിസിഐയുടെ ട്വീറ്റ്; ബോര്‍ഡിനെ പിന്തുണക്കില്ലെന്ന് ആരാധകര്‍

ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശര്‍മയെ നിയമിച്ചതിനു പിന്നാലെ ഏറെ വിമര്‍ശനങ്ങളാണ് ബിസിസിഐ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ബിസിസിഐ കോഹ്ലിയെ അപമാനിക്കുകയാണ് ചെയ്തതെന്നാണ്് ആരാധകരുടെ പ്രതികരണം. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ നേട്ടങ്ങളെ കുറിച്ചൊന്നും പരാമര്‍ശിക്കാതെ പ്രഖ്യാപനം നടത്തി എന്നതാണ് ആരാധകരെ ചൊടിപ്പിക്കാന്‍ കാരണം.

അതേസമയം, അടുത്ത ദിവസം അദ്ദേഹത്തിന് ട്വിറ്ററിലൂടെ നന്ദിയറിയിച്ച് ബിസിസിഐ രംഗത്ത് വന്നിരുന്നെങ്കിലും ബിസിസിഐ പോസ്റ്റ് ചെയ്ത ട്വീറ്റിന് താഴെ ബോര്‍ഡിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. സൗരവ് ഗാംഗുലിയേയും ബിസിസിഐയേയും പിന്തുണക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. #ShameOnBCCI എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.

രോഹിത് ശര്‍മയെ ഏകദിന ഫോര്‍മാറ്റിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും കൂടിയെടുത്ത തീരുമാനമാണെന്ന് ഗാംഗുലി തന്നെ വ്യക്തമായിരുന്നു.