ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റഷ്യക്കാരനായ ഇയാന്‍ നിപോംനിഷിയെ കീഴടക്കി തുടര്‍ച്ചയായി അഞ്ചാംതവണയും രാജാവായി നോര്‍വെക്കാരന്‍ മാഗ്‌നസ് കാള്‍സന്‍. ദുബായ് എക്‌സിബിഷന്‍ സെന്ററില്‍ പതിനൊന്നില്‍ നാല് കളി ജയിച്ച് ഏഴര പോയിന്റോടെയാണ് കാള്‍സന്റെ ഈ അപൂര്‍വനേട്ടം. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച് 2013ലാണ് കാള്‍സന്‍ ആദ്യം കിരീടം നേടുന്നത്. പിന്നീട് മൂന്നുതവണകൂടി ജേതാവായി.
ഇന്നലെ പതിനൊന്നാം ഗെയിം 49 നീക്കത്തിലാണ് കാള്‍സന്‍ ജയിച്ചത്. മൂന്ന് മണിക്കൂറും 21 മിനിറ്റുമെടുത്താണ് വിജയം. ആകെയുള്ള 14 ഗെയിമില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാളാണ് ചാമ്പ്യനാവുക. നിപോംനിഷിക്ക് മൂന്നര പോയിന്റാണുള്ളത്. കാള്‍സന്‍ ലക്ഷ്യം നേടിയതോടെ മൂന്ന് മത്സരങ്ങള്‍ ബാക്കിയായി. നിപോംനിഷിക്ക് ഒറ്റ കളിയും ജയിക്കാനായില്ല. ആദ്യത്തെ അഞ്ച് കളിയും സമനിലയായിരുന്നു.
ആറാം ഗെയിമില്‍ കാള്‍സന്‍ ജയിച്ചതാണ് വഴിത്തിരിവായത്. തുടര്‍ന്ന് എട്ടാമത്തേയും ഒമ്പതാമത്തേയും പതിനൊന്നാമത്തേയും കളിയില്‍ കാള്‍സണ്‍ തന്നെ വിജയിച്ചു. പതിനൊന്നാം ഗെയിം ഏറെ സവിശേഷമായിരുന്നു. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ഓപ്പണിങ്ങായ ജ്വോക്കോ പ്യാനോ അഥവാ ഇറ്റാലിയന്‍ ഗെയിം ആദ്യമായി പ്രാരംഭമുറയായി പരീക്ഷിക്കപ്പെട്ടു. സമനിലയിലേക്ക് നീങ്ങിയ കളിയ്ക്ക് ജീവന്‍ നല്‍കിയത് നിപോയുടെ ആത്മഹത്യാപരമായ 23–ാം നീക്കമാണ്. നാല് പോയിന്റ് വ്യത്യാസത്തില്‍ ലോക ചാമ്പ്യന്‍ പിറക്കുന്നത് നൂറ്റാണ്ടിനുശേഷം ആദ്യമാണ്.

