ടി-20ക്ക് പിന്നാലെ ഏകദിനത്തിലേയും ക്യാപ്റ്റന്‍സി രോഹിത് ശര്‍മയുടെ കൈകളില്‍ എത്തിയിരിക്കുകയാണ്. മൂന്നു ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി റോള്‍ കൈകാര്യം ചെയ്ത കോലിക്ക് പകരമായി സ്റ്റാര്‍ ഓപ്പണര്‍ രോഹിത്തിനെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനായി നിയമിക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. നായകന്‍ രോഹിത് ശര്‍മ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലും തനിക്ക് മികച്ച മികവ് പുറത്തെടുക്കാന്‍ കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തില്‍ തന്നെയാണ്. ഇനി വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ സെഞ്ച്വറിയല്ല കിരീടം നേടുകയാണ് പരമ പ്രഥമ ലക്ഷ്യമെന്നും രോഹിത് വ്യക്തമാക്കുന്നു.
‘രാജ്യത്തിനായി നമ്മള്‍ കളിക്കുമ്പോള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം ടീമിന്റെ നേട്ടങ്ങള്‍ തന്നെയാണ് പ്രധാനം. എത്ര സെഞ്ച്വറികളാണ് നമ്മള്‍ സ്വന്തമാക്കുന്നത് എന്നതിനും അപ്പുറം ഐസിസി ടൂര്‍ണമെന്റുകള്‍ ജയിക്കുക തന്നെയാണ് നിര്‍ണായകം.ക്യാപ്റ്റന്‍സി റോളില്‍ എന്റെ പ്രധാന ചുമതലയും ലോകകപ്പ് കിരീടം തന്നെയാണ്’ താരം പറയുന്നു.
‘കരിയറില്‍ നമ്മള്‍ എത്രത്തോളം സെഞ്ച്വറികള്‍ നേടിയാലും അത് പക്ഷെ ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് തുല്യമാകില്ല. നമ്മള്‍ എല്ലാം കായിക ഇനത്തില്‍ കളിക്കുമ്പോള്‍ പ്രധാനമായി നോക്കുക ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പ് കിരീടം തന്നെയാകും. ഒരു ചാമ്പ്യന്‍ഷിപ്പില്‍ ജയിക്കുന്നത് നാം അടിച്ചെടുക്കുന്ന എല്ലാ സെഞ്ച്വറികള്‍ക്കും മുകളിലാണ്. എന്നും ക്രിക്കറ്റ് എന്നത് ടീം സ്പോര്‍ട്‌സാണാല്ലോ. അതിനാല്‍ ഒരു ടീമെന്ന നിലയിലുള്ള നേട്ടമാണ് എനിക്ക് ഏറ്റവും വലുത്. അത് മാത്രമാണ് എന്റെ ലക്ഷ്യം’ രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

