Sports (Page 151)

മുംബൈ: ഡിസംബര്‍ 26-ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ കളിക്കുമെന്നറിയിച്ച് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി. ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം താന്‍ അറിയുന്നതെന്നും അതിന് മുമ്പ് ചര്‍ച്ച നടത്തിയില്ലെന്നും വിരാട് കോലി പറഞ്ഞു.

‘ഏകദിന പരമ്പരയ്ക്ക് ഞാനുണ്ടാകും. ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ ഏകദിനത്തിനുണ്ടാകില്ല എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണ്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് എനിക്ക് അറിയില്ല. അക്കാര്യം അത് എഴുതിപ്പിടിപ്പിച്ചവരോട് തന്നെ നിങ്ങള്‍ ചോദിക്കണം. വലിയ ആവേശത്തോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയെ കാണുന്നത്. ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കും. ഇന്ത്യന്‍ ടീമിനായി കളിക്കുക എന്നതില്‍ നിന്ന് ഒന്നിനും എന്നെ തടയാനാകില്ല. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ മാതൃകാപരമല്ല. ഒരു വ്യക്തി എന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ട്.

ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ചീഫ് സെലക്ടര്‍ എന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അതിനുശേഷം ഫോണ്‍ കോള്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ ഞാന്‍ ആയിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടര്‍മാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടര്‍ അറിയിച്ചു.

ഞാനും രോഹിതും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇക്കാര്യം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനിയും വയ്യ. ടീമിനെ തളര്‍ത്തുന്ന ഒരു പ്രവൃത്തിയും എന്റെ ഭാഗത്തു നിന്നുണ്ടാകില്ല. ശരിയായ ദിശയിലേക്ക് ടീമിനെ നയിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. കളിയുടെ ആസൂത്രണങ്ങള്‍ നന്നായി വശമുള്ള, മികച്ച ക്യാപ്റ്റനാണ് രോഹിത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമൊത്ത് രോഹിത് ടീമിനെ മികച്ച നിലയില്‍ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇരുവര്‍ക്കും എന്റെ എല്ലാ പിന്തുണയുമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ കളിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ഇന്ത്യന്‍ ടീമിന് നഷ്ടമാകും. അതേസമയം ഒരു യുവതാരത്തിന് ഇത് അവസരം തുറന്നുകൊടുക്കുകയും ചെയ്യും’-വാര്‍ത്താ സമ്മേളനത്തില്‍ കോലി വ്യക്തമാക്കി.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ ഇനി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍. എന്‍സിഎ തലവനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണ്‍ ആ സ്ഥാനം ഏറ്റെടുക്കുന്നത്.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലക്ഷ്മണ്‍ എന്‍സിഎ തലവനായി ചുമതലയേറ്റെടുത്തത്. ചുമതലയേറ്റെടുത്ത താരം ആദ്യ ദിനം ഓഫീസിലെത്തിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

മുംബൈ: അടുത്ത വര്‍ഷം അഫ്ഗാനിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് അഫ്ഗാന്‍ ഇന്ത്യയില്‍ കളിക്കാന്‍ പോകുന്നത്. 2022 മാര്‍ച്ചിലാവും പര്യടനം. തിയ്യതി പിന്നീട് തീരുമാനിക്കും.

അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം ഷെഡ്യൂള്‍ അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ടു. ഈ കാലയളവില്‍ അഫ്ഗാന്‍ 37 ഏകദിനങ്ങളും 12 ടി20കളും 3 ടെസ്റ്റുകളും നാട്ടിലും പുറത്തുമായി കളിക്കും. 2022ലെ ഏഷ്യാ കപ്പിലും അതേ വര്‍ഷം തന്നെ ഐസിസി ടി20 ലോക കപ്പിലും അഫ്ഗാനിസ്ഥാന്‍ പങ്കെടുക്കും.

അഫ്ഗാനിസ്ഥാന്‍ പൂര്‍ണ ഷെഡ്യൂള്‍ 2022-2023

ജനുവരി 2022 – നെതര്‍ലാന്‍ഡ്‌സ് – 3 ഏകദിനങ്ങള്‍ – ഹോം

ജനുവരി-ഫെബ്രുവരി 2022 – സിംബാബ്വെ – 3 ഏകദിനങ്ങളും 5 ടി20കളും – എവേ

ഫെബ്രുവരി-മാര്‍ച്ച് 2022 – ബംഗ്ലാദേശ് – 3 ഏകദിനങ്ങളും 2 ടി20യും – എവേ

മാര്‍ച്ച് 2022 – ഇന്ത്യ – 3 ഏകദിനങ്ങള്‍ – എവേ

2022 മെയ്-ജൂണ്‍ – ഓസ്‌ട്രേലിയ – 3 ടി20കള്‍ – ഹോം

ജൂലൈ-ഓഗസ്റ്റ് 2022 – അയര്‍ലന്‍ഡ് – 5 ഏകദിനങ്ങളും 1 ടെസ്റ്റും – എവേ

ഓഗസ്റ്റ്-സെപ്തംബര്‍ 2022 – ഏഷ്യാ കപ്പ് – TBC – എവേ

2022 ഒക്ടോബര്‍-നവംബര്‍ – T20 ലോകകപ്പ് – TBC – എവേ

നവംബര്‍-ഡിസംബര്‍ 2022 – സിംബാബ്വെ – 5 ഏകദിനങ്ങളും 2 T20കളും 2 ടെസ്റ്റുകളും – എവേ

ജനുവരി 2023 – ശ്രീലങ്ക – 3 ഏകദിനങ്ങള്‍ – എവേ

ഫെബ്രുവരി-മാര്‍ച്ച് 2023 – പാകിസ്ഥാന്‍ – 3 ഏകദിനങ്ങള്‍ – ഹോം

മാര്‍-ഏപ്രില്‍ 2023 – ഓസ്‌ട്രേലിയ – 3 ഏകദിനങ്ങള്‍ – ഹോം

ജൂലൈ-ഓഗസ്റ്റ് 2023 – ഏഷ്യാ കപ്പ് – TBC – എവേ

സെപ്റ്റംബര്‍ 2023 – വെസ്റ്റ് ഇന്‍ഡീസ് – 3 ഏകദിനങ്ങള്‍ – ഹോം

സെപ്റ്റംബര്‍ 2023 – ന്യൂസിലാന്‍ഡ് – 3 ഏകദിനങ്ങള്‍ – ഹോം

2023 ഒക്ടോബര്‍-നവംബര്‍ – ലോകകപ്പ് – TBC – എവേ

ഈ വര്‍ഷത്തെ ഇന്ത്യയുടെ ടി-20 പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മികച്ച ഇലവനെ തിരഞ്ഞെടുക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ മികച്ച ഇലവനായി നാല് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് സ്ഥാനം നല്‍കുന്നത്. എന്നാല്‍, വിരാട് കോഹ്ലിയെ ഒഴിവാക്കിയാണ് ആകാശ് ചോപ്രയുടെ സെലക്ഷന്‍.

ടെസ്റ്റ് ടീം ഉപനായകന്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ റിഷാബ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് ആകാശ് ചോപ്ര തന്റെ ടീമിലേക്ക് ഉള്‍പെടുത്തിയിരിക്കുന്നത്. നായകനായ വിരാട് കോഹ്ലിയെ മോശം ഫോമിന്റെ പേരില്‍ ആകാശ് ചോപ്ര ഒഴിവാക്കുകയായിരുന്നു. രോഹിത് ശര്‍മ്മയും ശ്രീലങ്കന്‍ നായകനായ ദിമുദ് കരുണരത്‌നയും ആകാശ് ചോപ്രയുടെ ടീമില്‍ ഓപ്പണറായി എത്തുമ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്,ന്യൂസിലാന്‍ഡ് നായകന്‍ വില്യംസണ്‍, ഫവാദ് അലം എന്നിവര്‍ മിഡില്‍ ഓര്‍ഡറില്‍ സ്ഥാനം നേടി. ഈ വര്‍ഷം ഇരട്ട സെഞ്ച്വറികള്‍ അടക്കമായി തിളങ്ങിയ ജോ റൂട്ട് മൂന്നാം നമ്ബറില്‍ എതിരാളികള്‍ ഇല്ലാതെ സ്ഥാനം നേടുന്നതായി ചോപ്ര നിരീക്ഷിച്ചു. തന്റെ ടെസ്റ്റ് ഇലവന്‍ നായകനായി കെയ്ന്‍ വില്യംസനെയാണ് ആകാശ് ചോപ്ര തിരഞ്ഞെടുത്തതെന്നും ശ്രദ്ധേയമാണ്

ഇംഗ്ലണ്ട് മണ്ണില്‍ സെഞ്ച്വറിയും ഗാബ്ബ ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറിയും അടിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രധാനപ്പെട്ട ഘടകമായി മാറിയ റിഷബ് പന്തിനെ വിക്കറ്റ് കീപ്പര്‍ റോളില്‍ തിരഞ്ഞെടുത്ത ആകാശ് ചോപ്ര ജാമിസന്‍, ജെയിംസ് അന്‍ഡേഴ്‌സണ്‍,ഷഹീന്‍ അഫ്രീഡി എന്നിവരേയാണ് തന്റെ ടീമിലെ ഫാസ്റ്റ് ബൗളര്‍മാരായി തിരഞ്ഞെടുത്തത്. അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരേ സ്പിന്‍ ബൗളര്‍മാരായി തിരഞ്ഞെടുത്ത ആകാശ് ചോപ്ര അശ്വിന്റെ മാജിക്ക് പ്രകടനത്തെ വാനോളം പുകഴ്ത്തി.

ഇന്ത്യന്‍ ഏകദിന-ടി20 ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് പരിക്ക്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി മുംബൈയില്‍ പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിന് കൈ വിരലിന് പരിക്കേറ്റത്. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലായി.

ഡിസംബര്‍ 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. സ്ഥിരം ക്യാപ്റ്റനായതിന് ശേഷം രോഹിത് ശര്‍മ്മയുടെ കീഴില്‍ ഇന്ത്യ കളിക്കാന്‍ പോവുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്.

രോഹിത്തിന് പകരം ഇന്ത്യ എ ടീം ക്യാപ്റ്റന്‍ പ്രിയങ്ക് പഞ്ചാലിനെ കവര്‍ പ്ലെയറായി ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ജനുവരി 19ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലും രോഹിത് ശര്‍മ്മ കളിക്കുന്ന കാര്യം ഉറപ്പില്ല.

വിജയ് ഹസാരെ ട്രോഫിയില്‍ ചണ്ഡിഗഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി കേരളം തുടര്‍ച്ചയായ രണ്ടം ജയം സ്വന്തമാക്കി. ചണ്ഡിഗഡ് മുന്നോട്ടുവെച്ച 190 റണ്‍സ് വിജയലക്ഷ്യം 34.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി കേരളം മറികടന്നു.

അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വിനൂപ് മനോഹരനാണ് (72 ബോളില്‍ 54*) കേരളത്തിന്റെ ടോപ് സ്‌കോറര്‍. കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ 45 റണ്‍സും റോഹന്‍ കുന്നുമ്മല്‍ 36 റണ്‍സും നേടി. ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ 82 റണ്‍സാണ് റോഹന്‍-അസ്ഹറുദ്ദീന്‍ സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍, പിന്നീട് അടുത്തടുത്ത് നാല് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. സ്‌കോര്‍ 82 ല്‍ നില്‍ക്കെ ആദ്യ മൂന്ന് വിക്കറ്റും 89 ലേക്ക് എത്തിയപ്പോള്‍ സച്ചിന്‍ ബേബിയേയും കേരളത്തിന് നഷ്ടമായി. മത്സരത്തില്‍ നായകന്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

ചണ്ഡിഗഡിനായി അജയ് മണ്ഡല്‍ മൂന്നും സുമിത് റൂയിക്കര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ ടോസ് നേടിയ ചണ്ഡിഗഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍പ്രീത് സിംഗ് ഭാട്ടിയ നടത്തിയ ചെറുത്തു നില്‍പ്പാണ് ചണ്ഡിഗഡിന് 189 റണ്‍സ് നേടി കൊടുത്തത്.

2022ലെ ഐ.പി.എല്‍ ഇന്ത്യയില്‍ വെച്ച് തന്നെ നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി പറഞ്ഞു. കൊവിഡിന്റെ പ്രതിസന്ധി മറികടന്നുവെന്നും അതിനാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് ടൂര്‍ണമെന്റ് നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2020ലെ ഐ.പി.എല്‍ പൂര്‍ണമായും യു.എ.ഇയില്‍ ആണ് നടന്നത്. 2021ലെ ഐ.പി.എല്‍ ഇന്ത്യയില്‍ വെച്ച് ആരംഭിച്ചെങ്കിലും തുടര്‍ന്ന് മത്സരങ്ങള്‍ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്ത് ഐ.പി.എല്‍ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ഉള്ള അന്തരീക്ഷം വളരെ വ്യത്യസ്തത നിറഞ്ഞതാണെന്നും ന്യൂസിലന്‍ഡ് പരമ്പരക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചത് നല്ല കാര്യമാണെന്നും ഗാംഗുലി പറഞ്ഞു.

പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഈസ്റ്റ് ബംഗാളാണ് മഞ്ഞപ്പടയെ സമനിലയില്‍ പൂട്ടിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 37 )0 മിനിറ്റല്‍ തോമിസ്ലാവ് മാഴ്സെലയുടെ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. എന്നാല്‍ 44-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വെസിലൂടെ ബ്ലാസ്റ്റേഴ്സ് സമനില ഗോള്‍ കണ്ടെത്തി.

മത്സരത്തില്‍ കേരളത്തിന്റെ രണ്ട് ഗോളുകള്‍ നിഷേധിച്ചു. 15-ാം മിനിറ്റിലായിരുന്നു ആദ്യസംഭവം. ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഷോട്ട് എതിര്‍താരത്തിന്റെ കയ്യില്‍ തട്ടിയ ഉടനെ റഫറി വിസിലടിച്ചു. ഇതിനിടെ ദിശമാറിയ പന്ത് വാസ്‌ക്വെസ് ഈസ്റ്റ് ബംഗാളിന്റെ വലയിലാക്കുകയും ചെയ്തു. ഫൗള്‍ വിളിച്ച് അതേ റഫറി ഞൊടിയിടയില്‍ ഗോളെന്നും വിളിച്ചു. പിന്നാലെ ഈസ്റ്റ് ബംഗാള്‍ താരളുടെ എതിര്‍പ്പുണ്ടായി. പ്രധാന റഫറി ലൈന്‍ റഫറിയുമായി സംസാരിച്ചു.

തുടര്‍ന്ന് ഗോള്‍ നിഷേധിക്കുകയായിരുന്നു. 88 -ാം മിനിറ്റിലായിരുന്നു രണ്ടാം സംഭവം. ലൂണയുടെ ക്രോസില്‍ നിന്ന് ഡയസ് ഗോള്‍ നേടി. ആ ഗോളും റഫറി നിഷേധിച്ചു. ഫൗളാണെന്നായിരുന്നു റഫറിയുടെ വാദം. എന്നാല്‍ റിപ്ലെകളില്‍ ഫൗളൊന്നുമില്ലായിരുന്നു. ഇതിനിടെ രണ്ട് ഗോളും പിറന്നു. 37-ാംം മിനുട്ടില്‍ ഒരു ലോങ് ത്രോയില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. മാഴ്സെലയാണ് ബംഗാളുകാര്‍ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്കം കേരളം സമനില നേടുകയായിരുന്നു.

ടി20 നായക സ്ഥാനം ഏറ്റെടുക്കാന്‍ രോഹിത് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഉപാധിവെച്ചിരുന്നെന്നും അത് ഏകദിന ക്യാപ്റ്റന്‍സി കൂടി നല്‍കണം എന്നുമായിരുന്നെന്ന് റിപ്പോര്‍ട്ട്. വിരാട് കോഹ്ലിയെ നായക സ്ഥാനത്ത് നിന്നുമാറ്റി പകരം രോഹിത് ശര്‍മ്മയെ കൊണ്ടുവന്നതില്‍ വന്‍വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്നത്. എന്നാല്‍, രോഹിത് ശര്‍മയെ ഏകദിന നായകസ്ഥാനത്ത് നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

‘ടി20 ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് വിരാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, അദ്ദേഹം അതിന് തയ്യാറായില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ രണ്ടു ടീമുകള്‍ക്കും വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ എന്നതിനെ സെലക്ടര്‍മാര്‍ അംഗീകരിച്ചില്ല. ടീമിനു മേല്‍ അധികനേതൃത്വത്തിന്റെ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ താത്പര്യപ്പെട്ടില്ല’- ഗാംഗുലി വ്യക്തമാക്കി. ‘ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം എന്താണെന്ന് എനിക്കറിയില്ല. സെലക്ടര്‍മാര്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ വേണ്ടെന്നാണ് തീരുമാനിച്ചത്. അങ്ങനെയാണ് ഈ തീരുമാനത്തിലെത്തിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തിനെയും റെഡ് ബോളില്‍ വിരാടിനെയും നായകന്‍മാരാക്കാന്‍ അതാണു കാരണമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക. ഒഡീഷയ്‌ക്കെതിരെ നേടിയ ഉജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. വിജയ ഫോര്‍മുല മാറ്റമില്ലാതെ തന്നെ പരിശീലകന്‍ തുടരുമെന്നാണ് പ്രതീക്ഷ.

അതേസമയം, സീസണില്‍ ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാളിനായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് 4-3 ന് തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്ച വെക്കാന്‍ ഈസ്റ്റ് ബംഗാളിനായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ ജയത്തിനായി കൊതിക്കുന്ന ഈസ്റ്റ് ബംഗാളിനെ കീഴടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കുറച്ച് കഷ്ടപ്പെടേണ്ടി വരും.

ഇരു ടീമുകളും രണ്ട് തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഒരു പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 11-ാം സ്ഥാനത്തും.