ഐഎസ്എല്‍; എടികെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്സി. ലിസ്റ്റണ്‍ കൊളോക്കോയിലൂടെ ആദ്യം മുന്നിലെത്തിയ എടികെയെ ആദ്യ പകുതി തീരുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് വ്‌ലാദിമര്‍ കോമാന്റെ ഗോളില്‍ ചെന്നൈയിന്‍ സമനിലയില്‍ തളക്കുകയായിരുന്നു.

നിലവിലെ പോയന്റ് പട്ടികയില്‍ എടികെ ആറാം സ്ഥാനത്തും ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തും തുടരുന്നു. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കൊടുവിലാണ് എടികെക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. കളിയുടെ ആരംഭത്തില്‍ എടികെക്കായിരുന്നു ആധിപത്യം. പതിനെട്ടാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പാസില്‍ നിന്ന് മനോഹരമായൊരു ഗോളിലൂടെ ലിസ്റ്റണ്‍ കൊളാക്കോ എടികെയെ മുന്നിലെത്തിച്ചു. എങ്കിലും ചെന്നൈയിന് സമനില ഗോളിനായി ആദ്യ പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു. ബോക്‌സിന് അടുത്തു നിന്ന് അനിരുദ്ധ് ഥാപ്പയെടുത്ത ത്രോയില്‍ നിന്നായിരുന്നു 45-ാം മിനിറ്റില്‍ ചെന്നൈയിന്റെ സമനില ഗോള്‍ വന്നത്.

രണ്ടാം പകുതിയില്‍ ഇരുടം ടീമുകളും കാര്യാമായ ഗോള്‍ ശ്രമങ്ങളൊന്നും നടത്തിയില്ല. അങ്ങനെ സമനിലയില്‍ ഇരു ടീമുകളും കൈകൊടുത്ത് പിരിയുകയായിരുന്നു.