ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ 16ന്‌

മുംബൈ: ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഈ മാസം 16ന് യാത്ര തിരിക്കും. മൂന്ന് വീതം ടെസ്റ്റും ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ പോകുന്നത്. നാല് ടി20 മത്സരങ്ങള്‍കൂടി പരമ്പരയില്‍ ഉണ്ടായിരുന്നുവെങ്കിലും ഒമൈക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

ടെസ്റ്റ് പരമ്പര കഴിയുന്നത് വരെ, ഇന്ത്യന്‍ താരങ്ങള്‍ ബയോബബിളില്‍ കഴിയേണ്ടിവരും. ഏകദിന പരമ്പരയില്‍ കളിക്കുന്നവര്‍ എട്ട് ദിവസം കൂടുതല്‍ ബയോബബിളില്‍ കഴിയേണ്ടി വരും. ഡിസംബര്‍ 12ന് ഇന്ത്യന്‍ താരങ്ങള്‍ മുംബൈയില്‍ ഒത്തുച്ചേരും. അവിടെ നാല് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുക.

താരങ്ങളുടെ സുരക്ഷ മാനിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കയിലെത്തിയാല്‍ പര്യടനം തീരുന്നതു വരെ ബയോബബിളിനകത്തു തന്നെ തുടരണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ട് വെച്ചത്. ഒമൈക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നേരത്തേ അനിശ്ചിതത്വത്തിലായിരുന്നു.