Sports (Page 132)

പനാജി: ഐഎസ്എല്ലില്‍ ഒഡിഷ എഫ്സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജംഷഡ്പൂര്‍ എഫ്‌സി. ജംഷഡ്പൂരിനായി ഡാനിയേല്‍ ചിമ ഇരട്ട ഗോള്‍ നേടി.

ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള പോരാട്ടത്തില്‍ നിര്‍ണായക ലീഡ് നേടുകയായിരുന്നു ജംഷഡ്പൂര്‍ എഫ്സി. 23, 26 മിനുറ്റുകളിലാണ് ചിമ ഗോള്‍വലയില്‍ മുത്തമിട്ടത്. എന്നാല്‍, ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ പോള്‍ ഒഡിഷയ്ക്കായി ഗോള്‍ മടക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ജംഷഡ്പൂര്‍ 2, ഒഡിഷ 1.

രണ്ടാംപകുതിയില്‍ സമ്പൂര്‍ണ മേധാവിത്വവുമായി തകര്‍പ്പന്‍ ജയം ജംഷഡ്പൂര്‍ പിടിച്ചെത്തു. റിത്വിക് ദാസ് 54-ാം മിനുറ്റിലും ജോര്‍ജാന്‍ മുറെ 71-ാം മിനുറ്റിലും ഇഷാന്‍ പണ്ഡിത 87-ാം മിനുറ്റിലും ലക്ഷ്യം കണ്ടപ്പോള്‍ ഒഡിഷയ്ക്ക് മറുപടിയുണ്ടായില്ല. ഇതിനിടെ 73-ാം മിനുറ്റില്‍ ജൊനാതാസ് ഡി ജീസസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ഒഡിഷയ്ക്ക് പ്രഹരമായി.

കാന്‍ബറ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തായ്‌ലാന്‍ഡിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

സ്നേഹപൂര്‍വ്വം ‘വോണി’ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം 1992-ല്‍ എസ്സിജിയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തി. 708 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ വോണ്‍ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായിരുന്നു. 293 ഏകദിന അന്താരാഷ്ട്ര വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ഓസ്ട്രേലിയയ്ക്കായി എല്ലാ ഫോര്‍മാറ്റുകളിലുമായി 300-ലധികം മത്സരങ്ങള്‍ കളിച്ചു. ചരിത്രത്തിലെ മറ്റേതൊരു ബൗളറെക്കാളും കൂടുതല്‍ ആഷസ് വിക്കറ്റുകളും വോണ്‍ നേടിയിട്ടുണ്ട്.

വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്. ട്വന്റി-20യില്‍ 73 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റും നേടി. ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ന്‍ വോണ്‍

ഇന്ന് മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വീരാട് കോഹ്ലിയുടെ 100ാം ടെസ്റ്റ് മത്സരം എന്ന പ്രത്യേക കൂടിയുണ്ട്. മത്സരത്തിനു മുന്‍പായി വീരാട് കോഹ്ലിക്ക് ബിസിസിഐ ആദരമര്‍പ്പിച്ചു. ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് സ്‌പെഷ്യല്‍ ക്യാപ്പ് സമ്മാനിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. 28 പന്തില്‍ ആറു ഫോറുകളോടെ 29 റണ്‍സെടുത്ത രോഹിത്തിനെ ലഹിരു കുമാര പുറത്താക്കി. മയാങ്ക് അഗര്‍വാളിന്റെ ഊഴമായിരുന്നു അടുത്തത്. മികച്ച ഷോട്ടുകളുമായി കളംപിടിച്ച മയാങ്കിനെ എംബുല്‍ദേനിയ പുറത്താക്കി. 49 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 33 റണ്‍സെടുത്ത മയാങ്കിനെ എംബുല്‍ദേനിയ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ എത്തിയ വീരാട് കോഹ്ലിയെ വന്‍ ആരവത്തോടെയാണ് മൊഹാലിയിലെ കാണികള്‍ വരവേറ്റത്. സ്റ്റേഡിയത്തില്‍ മുഴുവന്‍ കപ്പാസിറ്റിയില്‍ കാണികള്‍ ഇല്ലെങ്കിലും അത് അറിയിക്കാത്ത രീതിയിലായിരുന്നു കാണികളുടെ ആരവം. നേരത്തെ മത്സരത്തിനു കാണികളെ അനുവദിച്ചിരുന്നില്ലെങ്കിലും, പ്രതിഷേധമുയര്‍ന്നതോടെ കാണികളെ പ്രവേശിപ്പിക്കുകയായിരുന്നു.

സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്നി മാര്‍ഷ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ ഹൃദയാഘാതം നേരിട്ടതിനെ തുടര്‍ന്ന് കോമ അവസ്ഥയിലായിരുന്നു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് മാര്‍ഷ്. 96 ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച അദ്ദേഹം 13 വര്‍ഷം നീണ്ടുനിന്ന കരിയറിനുടമയാണ്. ഇയാന്‍ ചാപ്പല്‍ നായകനായ ടീമിലെ പ്രധാനിയായരുന്നു റോഡ്നി മാര്‍ഷ്.

1970ല്‍ ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച മാര്‍ഷ് അക്കാലത്തെ മികച്ച പേസ് ബൗളറായ ഡെന്നീസ് ലില്ലിയുടെ നിരവധി വിക്കറ്റുകള്‍ കീപ്പറായ മാര്‍ഷിന്റെ ക്യാച്ചുകളിലൂടെയാണ് ഉണ്ടായത്. 95 തവണയാണ് ഇത്തരത്തില്‍ ലില്ലിയ്ക്കായി മാത്രം മാര്‍ഷ് ക്യാച്ചെടുത്തത്. 355 പുറത്താക്കലുകളാണ് സ്റ്റമ്ബിംഗിലൂടെയും ക്യാച്ചിലൂടെയും മാര്‍ഷ് നേടിയത്. 1981ല്‍ ലോക ക്രിക്കറ്റ് ചരിത്രത്തിലെ കുപ്രസിദ്ധമായ അണ്ടര്‍ ആം ബൗളിംഗ് സംഭവത്തിന്റെ സമയത്ത് ടീം വിക്കറ്റ് കീപ്പര്‍ മാര്‍ഷ് ആയിരുന്നു. അന്ന് നായകനായ ഗ്രേ ചാപ്പല്‍ അനുജനായ ട്രെവര്‍ ചാപ്പലിനോട് ന്യൂസിലന്റിനെതിരായി വിജയിക്കാന്‍ അണ്ടര്‍ ആം ബൗളിംഗിന് നിര്‍ദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തില്‍ വളരെ അതൃപ്തനായിരുന്നു അന്ന് റോഡ്‌നി മാര്‍ഷ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും 2005ല്‍ ആഷസ് ജയിച്ച ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സെലക്ടറായും റോഡ്നി മാര്‍ഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984ല്‍ വിരമിച്ചു.

ബംബോലിം: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ മുംബൈ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്ന് മൂന്നാം ഗോളും നേടിയാണ് സെമി പ്രതീക്ഷ സജീവമാക്കിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്നാണ് മുംബൈ ആശ്വാസ ഗോള്‍ നേടിയത്.

തുടക്കത്തിലെ മുംബൈയുടെ ആക്രമണങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ ആക്രമണങ്ങളുമായി കളം നിറഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ ആല്‍വാരോ വാസ്‌ക്വസിന്റെ ഇരട്ടഗോളും മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ വണ്ടര്‍ ഗോളുമാണ് ജയിപ്പിച്ചത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് ഡിഗോ മീറീഷ്യോ ആണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ ഒരു സീസണില്‍ രണ്ടു തവണ തോല്‍പ്പിക്കുന്നത്.

ഇതോടെ 19 കളികളില്‍ 33 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തിയപ്പോള്‍ തോല്‍വിയോടെ 19 കളികളില്‍ 31 പോയന്റുള്ള മുംബൈ സിറ്റി എഫ് സിക്ക് ഹൈദരാബാദ് എഫ് സിക്കെതിരായ അവസാന മത്സരം ജയിച്ചാലും സെമി സ്ഥാനം ഉറപ്പില്ല.

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിര്‍ണായകം. സെമി ഫൈനല്‍ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് വൈകിട്ട് ഏഴരയ്ക്ക് കളത്തിലിറങ്ങും. മുംബൈ സിറ്റിയാണ് എതിരാളികള്‍. നിലവില്‍ ജംഷഡ്പൂര്‍ എഫ്സിയും ഹൈദരാബാദ് എഫ്സിയും സെമിയുറപ്പിച്ചു കഴിഞ്ഞു. ബാക്കി രണ്ട് സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പടെ മൂന്ന് ടീമുകളാണ്.

എടികെ മോഹന്‍ ബഗാന് മുപ്പത്തിനാലും മുംബൈ സിറ്റിക്ക് മുപ്പത്തിയൊന്നും ബ്ലാസ്റ്റേഴ്‌സിന് മുപ്പതും പോയിന്റാണ് നിലവിലുള്ളത്. അതിനാല്‍ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സിന് നാലാം സ്ഥാനത്തുള്ള മുംബൈയെ തോല്‍പിക്കാതെ ഇനി രക്ഷയില്ല. കളി സമനിലയിലായാല്‍ ഗോവയ്‌ക്കെതിരായ മത്സരത്തിനൊപ്പം മുംബൈ-ഹൈദരാബാദ് മത്സരത്തിലേക്കും ബ്ലാസ്റ്റേഴ്‌സിന് ഉറ്റുനോക്കേണ്ടിവരും. ഇരു ടീമും 34 പോയിന്റ് വീതം നേടിയാല്‍ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുപോകും.

ബംബോലിം: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജംഷഡ്പൂര്‍ എഫ് സി. ഇതോടെ സെമിയിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ജംഷഡ്പൂര്‍. ആദ്യമായാണ് ജംഷഡ്പൂര്‍ ഐഎസ്എല്‍ സെമിയിലെത്തുന്നത്.

ഹൈദരാബാദിനെതിരെ അനായാസമായാണ് ജംഷഡ്പൂര്‍ ജയിച്ചു കയറിയത്. രണ്ടാം പകുതിയില്‍ ജംഷഡ്പൂരിന്റെ മൊബാഷിര്‍ റഹ്മാന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയെങ്കിലും ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ഹൈദാരാബാദിനായില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ജംഷഡ്പൂര്‍ മുന്നിലെത്തി. അലക്‌സാണ്ടര്‍ ലിമ എടുത്ത കോര്‍ണറില്‍ നിന്ന് പീറ്റര്‍ ഹാര്‍ട്ലി ഗോളിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും ഗോളി അത് രക്ഷപ്പെടുത്തി. പക്ഷെ പന്ത് കാലിലെത്തിയ മൊബാഷിര്‍ റഹ്മാന്‍ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ചിങ്‌ലെസെന്നുടെ കാലുകളില്‍ തട്ടി ഗതിമാറി ഹൈദരാബാദിന്റെ വലയില്‍ കയറി. ചിങ്ലെന്‍സെന സിംഗിന്റെ പേരിലാണ് ഗോള്‍ അനുവദിക്കപ്പെട്ടത്.

28-ാം മിനിറ്റില്‍ ജോയല്‍ ചിയാന്‍സെ അവസരം നഷ്ടമാക്കിയതിന് പിന്നാലെ ക്യാപ്റ്റന്‍ പീറ്റര്‍ ഹാര്‍ട്ലി ജംഷഡ്പൂരിനെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അലക്‌സാണ്ടര്‍ ലിമയുടെ പാസില്‍ നിന്നായിരുന്നു ഹാര്‍ട്ലിയുടെ ഗോള്‍.ആദ്യ പകുതിയില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഹൈദരാബാദിന്റെ ശ്രനങ്ങള്‍ ഫലവത്തായില്ല. രണ്ടാം പകുതിയില്‍ അലകാസ്ണ്ടര്‍ ലിമയുടെ അസിസ്റ്റില്‍ ഡാനിയേല്‍ ചുക്വു ഹൈദരാബാദിന്റെ തോല്‍വി ഉറപ്പാക്കി മൂന്നാം ഗോളും നേടി. മൂന്നാം ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ ഹൈദാരാബാദ് താരവുമായി കൈയാങ്കളിക്ക് മുതിര്‍ന്ന ജംഷഡ്പൂരിന്റെ മൊബാഷിര്‍ റഹ്മാന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയി. 10 പേരായി ചുരുങ്ങിയെങ്കിലും ജംഷഡ്പൂരിനെതിരെ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഹൈദാരാബാദ് കിണഞ്ഞു ശ്രമിച്ചെങ്കിലും ജംഷഡ്പൂരിന്റെ പ്രതിരോധം തകര്‍ക്കാനായില്ല.

വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെ 81 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. പരിക്കിന് ശേഷം തിരിച്ചെത്തിയ ഓപ്പണര്‍ സ്മൃതി മന്ഥാന 66 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍, ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ടതിനെ തുടര്‍ന്ന് മന്ഥാന ബാറ്റിംഗ് പൂര്‍ത്തിയാകാതെ കളം വിട്ടിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മന്ഥാനയുടെ ബാറ്റിംഗ് മികവില്‍ 258 റണ്‍സെടുത്തു. ദീപ്ത ശര്‍മ (51), യഷ്ടിക ഭാട്ടിയ (42) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റന്‍ മിതാലി രാജ് (30) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനാണ് സാധിച്ചത്. പൂജ വസ്ത്രകര്‍ 21 റണ്‍സ് വഴങ്ങി മുന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യ മത്സരത്തില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മാര്‍ച്ച് നാലിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.

യുക്രൈനിനെതിരായ റഷ്യന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഗ്യാസ് കമ്പനിയായ ഗാസ്പ്രോമുമായുള്ള പങ്കാളിത്തം യുവേഫ റദ്ദാക്കി. എല്ലാ മത്സരങ്ങളിലും ഗാസ്പ്രോമുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാനാണ് യുവേഫ തീരുമാനിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ ഫുട്ബോള്‍ ഗവേണിംഗ് ബോഡി പ്രസ്താവനയില്‍ പറഞ്ഞു.

തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ ദേശീയ ടീം മത്സരങ്ങള്‍, യുവേഫ യൂറോ 2024 എന്നിവയുള്‍പ്പെടെ നിലവിലുള്ള എല്ലാ കരാറുകളും ഉള്‍ക്കൊള്ളുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ ഫുട്‌ബോള്‍ ക്ലബ് സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ നിലവിലെ സ്‌പോണ്‍സറാണ് കമ്പനി.

മുംബൈ: കഴിഞ്ഞ ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓപണര്‍ സ്മൃതി മന്ദാനക്ക് ഐ.സി.സി വനിതാ ലോകകപ്പില്‍ തുടര്‍ന്ന് കളിക്കാം. പ്രോട്ടീസ് പേസര്‍ ഷബ്നം ഇസ്മായിലിന്റെ പന്തില്‍ പരിക്കേറ്റ മന്ദാന റിട്ടയഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

വൈദ്യ പരിശോധനക്ക് ശേഷം താരത്തിന് മറ്റ് പ്രശ്നങ്ങളില്ലെന്നും ടൂര്‍ണമെന്റില്‍ തുടരാന്‍ യോഗ്യയാണെന്ന് അറിയിക്കുകയുമായിരുന്നു. സന്നാഹമത്സരത്തില്‍ അവസാനം വരെ പൊരുതി നിന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യ രണ്ട് റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 244 റണ്‍സെടുത്തു.