Sports (Page 131)

ദോഹ: ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചവര്‍ മാര്‍ച്ച് 21 ഖത്തര്‍ സമയം ഉച്ചക്ക് ഒന്നിന് മുമ്പായി പണം അടക്കണമെന്ന് ഫിഫ അറിയിച്ചു. ജനുവരി 19ന് തുടങ്ങി ഫെബ്രുവരി എട്ടിന് അവസാനിച്ച ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങിന്റെ റാന്‍ഡം നറുക്കെടുപ്പ് പൂര്‍ത്തിയാവുകയും ചൊവ്വാഴ്ച മുതല്‍ ആരാധകര്‍ക്ക് അറിയിപ്പ് ലഭിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ഫിഫ വെബ്‌സൈറ്റിലെ ടിക്കറ്റിങ് അക്കൗണ്ടില്‍ പ്രവേശിച്ച് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണെന്ന് ഫിഫ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ ഫാന്‍സ്, ഖത്തര്‍ റെസിഡന്റ് ഫാന്‍സ് എന്നീ രണ്ട് ലിങ്കുകള്‍ വഴിയാണ് വെബ്‌സൈറ്റില്‍ പ്രവേശിക്കാനാവുക.

നേരത്തെ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐ.ഡി വഴി അക്കൗണ്ടില്‍ പ്രവേശിച്ച് സ്റ്റാറ്റസ് പരിശോധിക്കാന്‍ സാധിക്കും. ഈ സമയത്ത് ടിക്കറ്റിന് അപേക്ഷിക്കാന്‍ കഴിയില്ല. അതേസമയം, 21ന് ശേഷം പണമടക്കാന്‍ അവസരമുണ്ടാവില്ല. പണമടച്ചില്ലെങ്കില്‍ ലഭിച്ച ടിക്കറ്റുകള്‍ റദ്ദാകുമെന്നും ഫിഫഅറിയിച്ചു.

റഷ്യന്‍ ക്ലബ്ബുകളിലെ വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും റഷ്യയില്‍ നിന്ന് പുറപ്പെടുന്നത് സുഗമമാക്കാന്‍ 2021-22 സീസണിന്റെ അവസാനം വരെ ഏകപക്ഷീയമായി അവരുടെ തൊഴില്‍ കരാര്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ അനുവദിക്കുന്നതായി ഫിഫ വ്യക്തമാക്കി. അന്താരാഷ്ട്ര കായിക ലോകത്തെ റഷ്യയില്‍ നിന്ന് കൂടുതല്‍ അകറ്റുന്നതാണ് ഈ നീക്കം.

യുക്രൈനിന്, എല്ലാ കക്ഷികളെയും സംരക്ഷിക്കാന്‍ ഈ സീസണ്‍ അവസാനം വരെ യുക്രേനിയന്‍ ക്ലബ്ബുകളില്‍ വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും ഒരു താല്‍ക്കാലിക തൊഴില്‍ നിയമവും ഫിഫ സ്വീകരിച്ചു. കളിക്കാരെയും പരിശീലകരെയും 2022 ജൂണ്‍ 30 വരെ കരാറിന് പുറത്തായി പരിഗണിക്കും, അതിനാല്‍ അവര്‍ക്ക് അവരുടെ ജോലികള്‍ ചെയ്യാന്‍ സ്വതന്ത്രമായി എവിടെയും നീങ്ങാന്‍ കഴിയുമെന്ന് ഫിഫ കൂട്ടിച്ചേര്‍ത്തു.

ഐ ലീഗ് ഫുട്ബോളില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് കാശ്മീരിനെ തകര്‍ത്ത് നിലവിലെ ജേതാക്കളായ കേരളാ ടീം ഗോകുലം എഫ്.സി. പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇരട്ടഗോളുകളുമായി തിളങ്ങിയ ലൂക്ക മെയ്സെനും ജോദെയ്ന്‍ ഫ്ളെച്ചറുമാണ് ഗോകുലത്തിന്റെ വിജയശില്‍പികള്‍. മലയാളി താരം എം.എസ്. ജിതിന്റെ വകയായിരുന്നു ടീമിന്റെ അഞ്ചാം ഗോള്‍. കാശ്മീരിനു വേണ്ടി തിയാഗോ അദാനും പെനാല്‍റ്റിയിലൂടെ ആശ്വാസ ഗോള്‍ നേടി.

നാലാം മിനിറ്റില്‍ കാശ്മീര്‍ താരം പ്രകാശ് സര്‍ക്കാര്‍ നടത്തിയ ഗുരുതര ഫൗളിന് അനുവദിച്ച പെനാല്‍റ്റിയില്‍ നിന്ന് ലൂക്കയാണ് ഗോള്‍ നേടിയത്. പരുക്കന്‍ കളിക്ക് പ്രകാശ് ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തു. തുടക്കത്തില്‍ തന്നെ 10 പേരായി ചുരുങ്ങിയ കാശ്മീരിന്റെ വിവശത മുതലെടുക്കുകയായിരുന്നു പിന്നീട് ഗോകുലം. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഗോകുലം ലീഡ് വര്‍ധിപ്പിച്ചു. ഇക്കുറി ലൂക്ക ഗോളിനു വഴിയൊരുക്കിയപ്പോള്‍ ഫ്ളെച്ചറായിരുന്നു സ്‌കോറര്‍.

27-ാം മിനിറ്റില്‍ അവര്‍ മൂന്നാം ഗോളും നേടി. മലയാളി താരം അബ്ദുള്‍ ഹക്കു ബോക്സിന്റെ മധ്യഭാഗത്തേക്കു നല്‍കിയ പാസ് സ്വീകരിച്ച് ഫ്ളെച്ചര്‍ ടീമിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കും മുമ്പേ തന്നെ ഗോകുലം ലീഡ് വീണ്ടും ഉയര്‍ത്തുകയും ചെയ്തു. 38-ാം മിനിറ്റിലായിരുന്നു നാലാം ഗോള്‍ പിറന്നത്. ഇക്കുറി ലൂക്കയായിരുന്നു സ്‌കോര്‍ ചെയ്തത്. നാലുഗോളുകളുടെ ലീഡില്‍ ഇടവേള കഴിഞ്ഞെത്തിയ ഗോകുലത്തെ ഞെട്ടിച്ചു തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ മടക്കാന്‍ കാശ്മീരിനായി. ഗോകുലം പ്രതിരോധ താരത്തിന്റെ പരുക്കനടവിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് അദാന്‍ കാശ്മീരിനായി അക്കൗണ്ട് തുറന്നത്.
66-ാം മിനിറ്റില്‍ മലയാളി താരങ്ങളുടെ കൂട്ടായ്മയിലൂടെ ഗോകുലം പട്ടിക തികയ്ക്കുകയും ചെയ്തു. എമില്‍ ബെന്നിയുടെ പാസില്‍ നിന്ന് ജിതിനാണ് സ്‌കോര്‍ ചെയ്തത്.

ബംബോലിം: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ജംഷഡ്പൂര്‍ എഫ് സി. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതിനൊപ്പം ജംഷഡ്പൂര്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ലീഗ് വിന്നേഴ്സ് ഷീല്‍ഡും കരസ്ഥമാക്കി.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ റിത്വിക് ദാസാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ലീഗ് ഘട്ടത്തില്‍ 43 പോയന്റുമായണ് ജംഷഡ്പൂര്‍ ഒന്നാമതെത്തിയത്. ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയതോടെ എഎഫ്സി ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ജംഷഡ്പൂരിനായി. ഇന്നത്തെ ജയത്തോടെ ഐഎസ്എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ജംഷഡ്പൂരിന് സ്വന്തമായി.

ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പും പൂര്‍ത്തിയായി. ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ആണ് ജംഷഡ്പൂരിന്റെ എതിരാളികള്‍. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനുമായി സെമിയില്‍ ഏറ്റുമുട്ടും. ഈ മാസം 11നും 12നുമാണ് ആദ്യപാദ സെമി. 15നും 16നും രണ്ടാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 20നാണ് ഫൈനല്‍.

മൊഹാലി: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മ്മ അരങ്ങേറ്റം ഗംഭീരമാക്കി. ഇതോടെ ടീം ഇന്ത്യയുടെ ടെസ്റ്റ് നായകന്‍മാരില്‍ അരങ്ങേറ്റ മത്സരം ഇന്നിംഗ്സിന് ജയിക്കുന്ന രണ്ടാമത്തെ താരമായി രോഹിത് ശര്‍മ്മ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. 1955/56 ല്‍ മുംബൈയില്‍ പോളി ഉമ്രിഗറുടെ ടീം ന്യൂസിലന്‍ഡിനെ ഇന്നിംഗ്സിനും 27 റണ്‍സിനും തോല്‍പിച്ചതാണ് റെക്കോര്‍ഡ് ബുക്കിലെ മുന്‍ സംഭവം.

മൊഹാലി ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സിനും 222 റണ്‍സിനും ശ്രീലങ്കയെ തകര്‍ക്കുകയായിരുന്നു. പുറത്താവാതെ 175 റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ലായത്. സ്‌കോര്‍: ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

ടെസ്റ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി മത്സരത്തോടെ വിരാട് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷ്മണ്‍(201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍. അതേസമയം, ആര്‍. അശ്വിന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. ചരിത് അസലങ്കയെ പുറത്താക്കി കപിലിന്റെ 434 വിക്കറ്റുകളുടെ നേട്ടം അശ്വിന്‍ മറികടക്കുകയായിരുന്നു.

പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആവേശ സമനില(4-4). രണ്ടാം പകുതിയിലെ നാലടിയില്‍ എഫ്സി ഗോവ വിറപ്പിച്ചെങ്കിലും അവസാന മിനുറ്റുകളിലെ അവിശ്വസനീയ തിരിച്ചുവരവില്‍ ബ്ലാസ്റ്റേഴ്‌സ് സമനില സ്വന്തമാക്കി. ഗോവയുടെ കബ്രേര ഹാട്രിക് തികച്ചപ്പോള്‍ ഇരു ടീമും മത്സരത്തില്‍ നാല് ഗോള്‍ വീതം നേടി.

ആദ്യപകുതിയില്‍ തന്നെ ഇരട്ട ഗോളുമായി ഗോവയ്ക്ക് മേല്‍ മേധാവിത്വം സ്ഥാപിച്ചു കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് തവണയും ലക്ഷ്യം കണ്ടത് പെരേര ഡയസായിരുന്നു. രണ്ടാംപകുതിയിലാണ് ഗോവ ഗോള്‍മേളം തുടങ്ങുന്നതും മത്സരം നാടകീയമാകുന്നതും. വലതുവിങ്ങില്‍ നിന്ന് സഹല്‍ അളന്നുമുറിച്ചു നല്‍കിയ ക്രോസില്‍ നിന്ന് 10-ാം മിനുറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തി പെരേര ഡയസ്. അന്‍വര്‍ അലിയില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത സഹല്‍, ഡയസിന് പന്ത് മറിച്ചു നല്‍ക്കുകയായിരുന്നു. 25-ാം ചെഞ്ചോയെ ഗോളി ഹൃതിക് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഡയസ് അനായാസം വലയിലെത്തിച്ചു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന് 2-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാംപകുതിയില്‍ മൂന്ന് മാറ്റങ്ങളുമായി ഗോവ കളത്തിലേക്ക് തിരിച്ചു വന്നു. 48-ാം മിനിറ്റില്‍ കബ്രേര ഗോവയുടെ ആദ്യ ഗോള്‍ മടക്കി. 63-ാം മിനിറ്റില്‍ അനുവദിക്കപ്പെട്ട പെനാല്‍റ്റി അനായാസം വലയിലെത്തിച്ച് കബ്രേര ഗോള്‍നില 2-2 ആക്കി. തൊട്ടു പിന്നാലെ ഗോവ വീണ്ടും പന്ത് വലയിലിട്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. 79-ാം മിനിറ്റില്‍ ഡൊഹ്ലിഗ് ക്ലാസിക് ഫിനിഷിലൂടെ ഗോവയെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ 82-ാം മിനിറ്റില്‍ കബ്രേര ഹാട്രിക് തികച്ചതോടെ ഗോവ-4, ബ്ലാസ്റ്റേഴ്സ്-2. ചെഞ്ചോയുടെ അസിസ്റ്റില്‍ ബറെറ്റോ 88-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ കണ്ടെത്തി. 90-ാം മിനിറ്റില്‍ വാസ്‌കസ് മഞ്ഞപ്പടയെ 4-4 എന്ന തുല്യതയിലെത്തിച്ചു.

ബാംബോലിം: ഐഎസ്എല്ലില്‍ നിലവിലെ ജേതാക്കളായ മുംബൈ സിറ്റി ഹൈദരാബാദ് എഫ്.സിയോട് തോറ്റതോടെ അഞ്ചു സീസണിനുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് സെമിയുറപ്പിച്ചു.

20 മത്സരങ്ങളും പൂര്‍ത്തിയാക്കിയ മുംബൈ 31 പോയന്റോടെ അഞ്ചാം സ്ഥാനത്താണ്. ജാംഷഡ്പൂര്‍ (40),ഹൈദരാബാദ് (38), എ.ടി.കെ മോഹന്‍ ബഗാന്‍ (37) എന്നിവക്കു പിറകെയാണ് 33 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് അവസാന നാലിലേക്ക് മുന്നേറിയത്.

മുംബൈയെ 2-1നാണ് ഹൈദരാബാദ് വീഴ്ത്തിയത്. രോഹിത് ദാനുവും ജോയല്‍ ചീയാനിസുമാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. മുംബൈയുടെ ആശ്വാസ ഗോള്‍ മുര്‍തദ ഫാളിന്റെ വകയായിരുന്നു.

വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ 107 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പൂജ വസ്ത്രകര്‍ (67), സ്മൃതി മന്ഥാന (52), സ്നേഹ് റാണ (53), ദീപ്തി ശര്‍മ (40) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 43 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്കവാദാണ് പാകിസ്ഥാനെ വീഴ്ത്തിയത്. ലോകകപ്പില്‍ ഇരു ടീമുകളുടേയും ആദ്യ മത്സരമായിരുന്നു ഇത്.

30 റണ്‍സെടുത്ത സിദ്ര അമീന് മാത്രമാണ് പാക് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ജവേരിയ ഖാന്‍ (11), ബിസ്മ മഹ്റൂഫ് (15), ഒമൈമ സൊഹൈല്‍ (5), നിദ ദര്‍ (5), അലിയ റിയാസ് (11), ഫാത്തിമ സന (17), സിദ്ര നവാസ് (12), നഷ്റ സന്ധു (0), ദിയാന ബെയ്ഗ് (24) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. രാജേശ്വരിക്ക് പുറമെ ജുലന്‍ ഗോസ്വാമി, സ്നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപ്തി ശര്‍മ, മേഘ്ന സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. തുടക്കത്തില്‍ സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഷെഫാലിയെ (0) ഇന്ത്യക്ക് നഷ്ടമായി. ദിയാന ബെയ്ഗിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് മന്ഥാന- ദീപ്തി സഖ്യമാണ് ഇന്ത്യക്ക് ശക്തി നല്‍കിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദീപ്തിയെ നഷ്റ ബൗള്‍ഡാക്കിയപ്പോള്‍ മന്ഥാന ആനം അമീന് റിട്ടേണ്‍ ക്യാച്ച് നല്‍കി.

ഷെഫാലി വര്‍മ (0), മിതാലി രാജ് (9), ഹര്‍മന്‍പ്രീത് കൗര്‍ (5), റിച്ച ഘോഷ് (1) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ആറിന് 114 എന്ന നിലയിലേക്ക് വീണു ഇന്ത്യ. പിന്നാലെ കാത്തിരുന്ന കൂട്ടുകെട്ട് പിറന്നു. റാണ- പൂജ സഖ്യം കൂട്ടിച്ചേര്‍ത്തത് 122 റണ്‍സ്. 59 പന്തില്‍ എട്ട് ബൗണ്ടറികളുടെ സാഹയത്തോടെയാണ് പൂജ 67 റണ്‍സെടുത്തത്. 48 പന്തില്‍ നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു റാണയുടെ ഇന്നിംഗ്സ്. പൂജ പുറത്തായ ശേഷം ക്രീസിലെത്തിയ ജുലന്‍ ഗോസ്വാമി (6) റാണക്കൊപ്പം പുറത്താവാതെ നിന്നു. നിദ ദര്‍, നഷ്റ സന്ധു എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്.സിക്ക് ജയം. സീസണില്‍ ടീമിന്റെ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബിഎഫ്സി കീഴടക്കിയത്.

24-ാം മിനുറ്റില്‍ സുനില്‍ ഛേത്രിയുടേതാണ് വിജയഗോള്‍. ബംഗളൂരു 29 പോയിന്റോടെയും ഈസ്റ്റ് ബംഗാള്‍ 11 പോയിന്റുമായും സീസണ്‍ അവസാനിപ്പിച്ചു. ബിഎഫ്സി ആറാമതെങ്കില്‍ അവസാന സ്ഥാനക്കാരാണ് ഈസ്റ്റ് ബംഗാള്‍.

മൊഹാലി: മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ 35 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരായ 175 റണ്‍സിന്റെ സെഞ്ചുറി പ്രകടനത്തിലൂടെയാണ് ജഡേജ റെക്കോര്‍ഡ് തകര്‍ത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാം സ്ഥാനത്തിനോ അതിന് താഴെയോ ബാറ്റിംഗിനെത്തുന്ന ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് ജഡേജ മറികടന്നത്. 1986ല്‍ കാന്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ തന്നെയായിരുന്നു കപിലിന്റെയും പ്രകടനം. 163 റണ്‍സായിരുന്നു അന്ന് അദ്ദേഹം നേടിയത്.

തന്റെ കരിയറില്‍ രണ്ടാം സെഞ്ചുറി നേടി 175 റണ്‍സോടെ രവീന്ദ്ര ജഡേജയാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 228 പന്തുകളില്‍ നിന്ന് 17 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടങ്ങിയതാണ് ജഡേജയുടെ ഇന്നിംഗ്‌സ്. ജഡേജയോടൊപ്പം 34 പന്തുകളില്‍ 20 റണ്‍സുമായി മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 129 ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഡിക്‌ളയര്‍ ചെയ്യുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയ ശേഷം 150ന് മുകളില്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് രവീന്ദ്ര ജഡേജ. 2019ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ റിഷഭ് പന്താണ് ഇതിന് മുമ്പ് ഏഴാം നമ്പറില്‍ 150ന് മുകളില്‍ റണ്‍സ് നേടുന്നത്. സിഡ്‌നി ടെസ്റ്റില്‍ അന്ന് 159 റണ്‍സായിരുന്നു പന്ത് ഇന്ത്യക്കു വേണ്ടി അടിച്ചത്. ഇവരെ മൂന്ന് പേരെ കൂടാതെ ഏഴാം നമ്പറില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴചവച്ച് മറ്റൊരു താരം മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ മഹേന്ദ്ര സിംഗ് ധോണിയാണ്. 2011ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ 144 റണ്‍സാണ് ധോണിയുടെ ഏഴാം നമ്പറിലുള്ള മികച്ച പ്രകടനം.