ഐഎസ്എല്‍: ഒഡീഷക്ക് മേല്‍ ജംഷഡ്പൂരിന്റെ ഗോള്‍മഴ

പനാജി: ഐഎസ്എല്ലില്‍ ഒഡിഷ എഫ്സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജംഷഡ്പൂര്‍ എഫ്‌സി. ജംഷഡ്പൂരിനായി ഡാനിയേല്‍ ചിമ ഇരട്ട ഗോള്‍ നേടി.

ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള പോരാട്ടത്തില്‍ നിര്‍ണായക ലീഡ് നേടുകയായിരുന്നു ജംഷഡ്പൂര്‍ എഫ്സി. 23, 26 മിനുറ്റുകളിലാണ് ചിമ ഗോള്‍വലയില്‍ മുത്തമിട്ടത്. എന്നാല്‍, ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ പോള്‍ ഒഡിഷയ്ക്കായി ഗോള്‍ മടക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ജംഷഡ്പൂര്‍ 2, ഒഡിഷ 1.

രണ്ടാംപകുതിയില്‍ സമ്പൂര്‍ണ മേധാവിത്വവുമായി തകര്‍പ്പന്‍ ജയം ജംഷഡ്പൂര്‍ പിടിച്ചെത്തു. റിത്വിക് ദാസ് 54-ാം മിനുറ്റിലും ജോര്‍ജാന്‍ മുറെ 71-ാം മിനുറ്റിലും ഇഷാന്‍ പണ്ഡിത 87-ാം മിനുറ്റിലും ലക്ഷ്യം കണ്ടപ്പോള്‍ ഒഡിഷയ്ക്ക് മറുപടിയുണ്ടായില്ല. ഇതിനിടെ 73-ാം മിനുറ്റില്‍ ജൊനാതാസ് ഡി ജീസസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ഒഡിഷയ്ക്ക് പ്രഹരമായി.