സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്നി മാര്‍ഷ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ ഹൃദയാഘാതം നേരിട്ടതിനെ തുടര്‍ന്ന് കോമ അവസ്ഥയിലായിരുന്നു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് മാര്‍ഷ്. 96 ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച അദ്ദേഹം 13 വര്‍ഷം നീണ്ടുനിന്ന കരിയറിനുടമയാണ്. ഇയാന്‍ ചാപ്പല്‍ നായകനായ ടീമിലെ പ്രധാനിയായരുന്നു റോഡ്നി മാര്‍ഷ്.
1970ല്‍ ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച മാര്‍ഷ് അക്കാലത്തെ മികച്ച പേസ് ബൗളറായ ഡെന്നീസ് ലില്ലിയുടെ നിരവധി വിക്കറ്റുകള്‍ കീപ്പറായ മാര്‍ഷിന്റെ ക്യാച്ചുകളിലൂടെയാണ് ഉണ്ടായത്. 95 തവണയാണ് ഇത്തരത്തില്‍ ലില്ലിയ്ക്കായി മാത്രം മാര്‍ഷ് ക്യാച്ചെടുത്തത്. 355 പുറത്താക്കലുകളാണ് സ്റ്റമ്ബിംഗിലൂടെയും ക്യാച്ചിലൂടെയും മാര്‍ഷ് നേടിയത്. 1981ല്‍ ലോക ക്രിക്കറ്റ് ചരിത്രത്തിലെ കുപ്രസിദ്ധമായ അണ്ടര്‍ ആം ബൗളിംഗ് സംഭവത്തിന്റെ സമയത്ത് ടീം വിക്കറ്റ് കീപ്പര്‍ മാര്‍ഷ് ആയിരുന്നു. അന്ന് നായകനായ ഗ്രേ ചാപ്പല്‍ അനുജനായ ട്രെവര്‍ ചാപ്പലിനോട് ന്യൂസിലന്റിനെതിരായി വിജയിക്കാന്‍ അണ്ടര്‍ ആം ബൗളിംഗിന് നിര്‍ദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തില്‍ വളരെ അതൃപ്തനായിരുന്നു അന്ന് റോഡ്‌നി മാര്‍ഷ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും 2005ല്‍ ആഷസ് ജയിച്ച ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സെലക്ടറായും റോഡ്നി മാര്‍ഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984ല്‍ വിരമിച്ചു.

