ഇന്ന് മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വീരാട് കോഹ്ലിയുടെ 100ാം ടെസ്റ്റ് മത്സരം എന്ന പ്രത്യേക കൂടിയുണ്ട്. മത്സരത്തിനു മുന്‍പായി വീരാട് കോഹ്ലിക്ക് ബിസിസിഐ ആദരമര്‍പ്പിച്ചു. ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് സ്പെഷ്യല്‍ ക്യാപ്പ് സമ്മാനിച്ചു.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. 28 പന്തില്‍ ആറു ഫോറുകളോടെ 29 റണ്‍സെടുത്ത രോഹിത്തിനെ ലഹിരു കുമാര പുറത്താക്കി. മയാങ്ക് അഗര്‍വാളിന്റെ ഊഴമായിരുന്നു അടുത്തത്. മികച്ച ഷോട്ടുകളുമായി കളംപിടിച്ച മയാങ്കിനെ എംബുല്‍ദേനിയ പുറത്താക്കി. 49 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 33 റണ്‍സെടുത്ത മയാങ്കിനെ എംബുല്‍ദേനിയ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ എത്തിയ വീരാട് കോഹ്ലിയെ വന്‍ ആരവത്തോടെയാണ് മൊഹാലിയിലെ കാണികള്‍ വരവേറ്റത്. സ്റ്റേഡിയത്തില്‍ മുഴുവന്‍ കപ്പാസിറ്റിയില്‍ കാണികള്‍ ഇല്ലെങ്കിലും അത് അറിയിക്കാത്ത രീതിയിലായിരുന്നു കാണികളുടെ ആരവം. നേരത്തെ മത്സരത്തിനു കാണികളെ അനുവദിച്ചിരുന്നില്ലെങ്കിലും, പ്രതിഷേധമുയര്‍ന്നതോടെ കാണികളെ പ്രവേശിപ്പിക്കുകയായിരുന്നു.

