ബംബോലിം: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ മുംബൈ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്ന് മൂന്നാം ഗോളും നേടിയാണ് സെമി പ്രതീക്ഷ സജീവമാക്കിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്നാണ് മുംബൈ ആശ്വാസ ഗോള്‍ നേടിയത്.
തുടക്കത്തിലെ മുംബൈയുടെ ആക്രമണങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ ആക്രമണങ്ങളുമായി കളം നിറഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ ആല്‍വാരോ വാസ്‌ക്വസിന്റെ ഇരട്ടഗോളും മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ വണ്ടര്‍ ഗോളുമാണ് ജയിപ്പിച്ചത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് ഡിഗോ മീറീഷ്യോ ആണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ ഒരു സീസണില്‍ രണ്ടു തവണ തോല്‍പ്പിക്കുന്നത്.
ഇതോടെ 19 കളികളില്‍ 33 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തിയപ്പോള്‍ തോല്‍വിയോടെ 19 കളികളില്‍ 31 പോയന്റുള്ള മുംബൈ സിറ്റി എഫ് സിക്ക് ഹൈദരാബാദ് എഫ് സിക്കെതിരായ അവസാന മത്സരം ജയിച്ചാലും സെമി സ്ഥാനം ഉറപ്പില്ല.

