Sports (Page 133)

സൂറിച്ച്: റഷ്യക്കെതിരായ നടപടി കുറഞ്ഞുപോയെന്ന വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ അഭിപ്രായം കണക്കിലെടുത്ത് വീണ്ടും കര്‍ശന നടപടിയുമായി ഫിഫ രംഗത്ത്. ഈ വര്‍ഷം ഒടുവില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പില്‍ നിന്നും അനിശ്ചിതകാലത്തേക്ക് റഷ്യയെ വിലക്കാന്‍ ആഗോള ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫ തീരുമാനിച്ചു.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഫിഫയുടെ നടപടി. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യന്‍ താരങ്ങളെയും ബെലാറസ് താരങ്ങളെയും വിലക്കണമെന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഈ നീക്കം.

അതേസമയം, നേരത്തെ റഷ്യക്ക് രാജ്യത്തിന്റെ പേരില്‍ മത്സരിക്കുന്നതിനും ദേശീയ പതാകയോ ദേശീയ ഗാനമോ ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്നതിനും ഫിഫ നേരത്തേ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കെതിരെ ഫുട്‌ബോളിന്ഠെ ആഗോള ഭരണസമിതിയായ ഫിഫ ഉപരോധം ഏര്‍പ്പെടുത്തി. ‘റഷ്യയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ അനുവദിക്കില്ല. ഹോം മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണം. റഷ്യ എന്ന പേരില്‍ കളിക്കാനാകില്ല. റഷ്യന്‍ പതാകയും ദേശീയ ഗാനവും ഉപയോഗിക്കാനാകില്ല. പകരം റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ എന്ന പേരില്‍ വേണമെങ്കില്‍ കളത്തിലിറങ്ങാം.’- ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഫിഫയുടെ നിലപാടിന് പിന്നാലെ ഇംഗ്ലണ്ടും റഷ്യയുമായി കളിക്കില്ലെന്ന തീരുമാനത്തിലെത്തി. ഇതേ തീരുമാനവുമായി പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ റഷ്യക്കെതിരെ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 24 ന് മോസ്‌കോയില്‍ നടക്കേണ്ട യോഗ്യതാ മത്സരത്തില്‍ നിന്നാണ് പോളണ്ടിന്റെ പിന്‍മാറ്റം. പോളണ്ടിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ തീരുമാനത്തെ അവരുടെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വാഗതം ചെയ്തിരുന്നു. ‘അസോസിയേഷനെടുത്ത തീരുമാനമാണ് ശരി. യുക്രെയ്‌നെതിരെ സായുധ ആക്രമണം നടത്തുന്ന റഷ്യയുമായി ഫുട്‌ബോള്‍ കളിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ സാങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ റഷ്യയുടെ ഫുട്ബോള്‍ താരങ്ങള്‍ക്കും അവരുടെ ആരാധകര്‍ക്കും പങ്കോ അവരിതില്‍ ഉത്തരവാദികളോ അല്ലെന്ന് അറിയാം. പക്ഷെ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല.’- റോബര്‍ട്ട് ലെവന്‍ഡോസ്‌കി ട്വീറ്റ് ചെയ്തു.

എന്നാല്‍, പോളണ്ടും സ്വീഡനും ആവശ്യപ്പെട്ടത് പോലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് റഷ്യയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ഫിഫ പരിഗണിച്ചില്ല. നേരത്തെ, റഷ്യയെ 2022 ലോകകപ്പില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് നോയല്‍ ലെ ഗ്രെറ്റും രംഗത്തെത്തിയിരുന്നു.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. എടികെ മോഹന്‍ ബഗാന്‍. ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിംഗ് എന്നിവരാണ് എടികെക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

ബംഗളൂരുവിനായിരുന്നു മത്സരത്തില്‍ ആധിപത്യം. പന്ത് കൂടുതല്‍ സമയം കൈവശം വച്ചതും ഷോട്ടുകളുതിര്‍ത്തതും ബംഗളൂരു തന്നെയായിരുന്നു. എന്നാല്‍, കളിയുടെ ഗതിക്ക് വിപരീതമായി ബഗാന്‍ ആദ്യം ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു കൊളാക്കോയുടെ ഗോള്‍.

രണ്ടാം പാതിയില്‍ ബംഗളൂരു തിരിച്ചടിക്കാനുള്ള ശ്രമം ആരംഭിച്ചു. എടികെ ഒരുഗോള്‍ കൂടി നേടി നില സംരക്ഷിക്കാനും ശ്രമിച്ചു. 85-ാം മിനിറ്റിലാണ് എടികെ രണ്ടാം തവണ വലകുലുക്കിയത്. മന്‍വീറിന്റെ മനോഹരമായ ഫിനിഷ്. ഇതോടെ ബംഗളൂരുവിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

ധര്‍മ്മശാല: ശ്രീലങ്കയക്കെതിരെ മൂന്നാം ട്വന്റി 20 യിലും ഇന്ത്യക്ക് അനായസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം വെറും 16.5. ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. രാണ്ടാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ (5)പുറത്ത്. മൂന്ന് ബൗണ്ടറികളടിച്ചെങ്കിലും 12 പന്തില്‍ 18 റണ്‍സ് എടുത്ത സജ്ഞുവിന്റെ ഇന്നിംഗ്സിനും അധികം ആയുസ്സുണ്ടായിരുന്നില്ല. ചാമിക കരുതരത്നയുടെ പന്ത് എഡ്ജ് ചെയ്ത് ദിനേശ് ചന്ദിമലിന്റെ കൈകളിലെത്തി. 16 പന്തില്‍ 21 റണ്‍സ് നേടി പുറത്തായ ദീപക് ഹൂണ്ടയും തിളങ്ങി. വെങ്കിടേഷ് അയ്യര്‍ക്ക് 5 റണ്‍സ് മാത്രമാണ് നേടാനായത്. ഇരുവരുടേയും വിക്കറ്റുകള്‍ ലഹാരു കുമാരയാണ് വീഴ്ത്തിയത്. ഹൂണ്ടയുടെ വിക്കറ്റ് വീഴ്ത്തിയശേഷം കൂമാര എറിഞ്ഞ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ് ശ്രേയസ്സ് അയ്യര്‍ അര്‍ധ ശതകം തികച്ചത്. ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ സിക്സും. 29 പന്തില്‍ നിന്നാണ് അയ്യര്‍ 50 റണ്‍ നേടിയത്. 15 പന്തില്‍ 22 റണ്‍സ് എടുത്ത് രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടേത് മോശം തുടക്കമായിരുന്നു. ആദ്യ നാല് ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് 3 വിക്കറ്റ് നഷ്ടമായി. ദനുഷ്‌ക ഗുണതിലക (0) സിറാജിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയപ്പോള്‍ പാത്തും നിസ്സങ്കയെയും (1) ചരിത് അസലങ്കയെയും (4) ആവേശ് വീഴ്ത്തി. ഇരുവരെയും യഥാക്രമം വെങ്കടേഷ് അയ്യരും സഞ്ജു സാംസണുമാണ് പിടികൂടിയത്.

ജെനിത് ലിയനഗെയെ (9) വിഷ്ണോയ് ക്ലീന്‍ ബൗള്‍ഡാക്കി. ശ്രീലങ്ക 8.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ദിനേഷ് ഛണ്ഡിമലും ദാസുന്‍ ഷനകയും ചേര്‍ന്ന 31 റണ്‍ കൂട്ടുകെട്ട് ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 27 പന്തുകളില്‍ 25 റണ്‍സെടുത്ത ഛണ്ഡിമലിലെ ഹര്‍ഷല്‍ പട്ടേളിന്റെ പന്തില്‍ വെങ്കടേഷ് അയ്യര്‍ പിടികൂടി. അവസാന അഞ്ച് ഓവറുകളില്‍ കത്തിക്കയറിയ ഷനക 29 പന്തുകളില്‍ ഫിഫ്റ്റി തികച്ചു. 38 പന്തുകളില്‍ 8 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 74 റണ്‍സെടുത്ത ഷനക പുറത്താവാതെ നിന്നു. ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ താരം സഞ്ജു വി സാംസണ്‍. ഏഴ് വര്‍ഷമായി ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട്. ഇപ്പോഴാണ് എന്റെ രാജ്യത്തിന്റെ വിജയത്തിലേക്ക് എത്തിക്കാന്‍ കാരണമായ ഒരു ഫലപ്രദമായ ഇന്നിംഗ്‌സ് കളിക്കാന്‍ സാധിച്ചത്. വളരെയധികം സന്തോഷമുണ്ട്- സഞ്ജുവിന്റെ പ്രതികരിച്ചു.

ക്വാറന്റൈനും ബബിളിലെ ജീവിതവും ബൗണ്ടറിയിലെത്തിക്കാന്‍ അല്‍പസമയം വേണ്ടി വന്നുവെന്നും സഞ്ജു പറഞ്ഞു. ആദ്യ12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. ലഹിരു കുമാര പതിമൂന്നാം ഓവര്‍ എറിയാനെത്തുമ്പോള്‍ സഞ്ജു 21 പന്തില്‍ 19 റണ്‍സായിരുന്നു. എന്നാല്‍, കുമാരയെ മൂന്ന് സിക്‌സിന് പറത്തി സഞ്ജു അതിവേഗം സ്‌കോര്‍ ചെയ്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു.
ആ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ അത്ഭുത ക്യാച്ചില്‍ സഞ്ജു മടങ്ങുമ്‌ബോള്‍ 25 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു.

ബംബോലിം: ഐഎഎസ്എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യുപകുതിക്ക് ശേഷമായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തിലെ ബ്ലാസ്റ്റേഴ്‌സ് മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോളടിച്ച് ജയം ഉറപ്പിച്ചത്. 52, 55 മിനിറ്റുകളിലായിരുന്നു ഡയസ് ചെന്നൈയിന്‍ വല കുലുക്കിയത്. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഫ്രീ കിക്കിലൂടെ ചെന്നൈയിന്‍ വല കുലുക്കി ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി. ലോംഗ് പാസുകളിലൂടെ ചെന്നൈയിന്‍ ഗോള്‍ മുഖത്ത് പന്തെത്തിക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. പതിമൂന്നാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് ഹോര്‍മിപാമിന്റെ ഫൗളില്‍ ചെന്നൈയിന് ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കേണ്ടതായിരുന്നു.

ഫ്രീ കിക്ക് എടുത്ത വ്‌ളാഡിമിര്‍ കോമാന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലിന്റെ കൈയില്‍ തട്ടി ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. പിന്നാലെ ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ ഗോള്‍മുഖം വിറപ്പിച്ചു. 25-ാം മിനിറ്റില്‍ വാസ്‌ക്വ്‌സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇത്തവണയും ഫിനിഷ് ചെയ്യാനായില്ല. ആദ്യ പകുതി തീരുന്നതിന് മുമ്പ് മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചു. ആയുഷ് അധികാരിയെ ബോക്കിന് പുറത്ത് അനിരുദ്ധ് ഥാപ്പ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് വാസ്‌ക്വസ് നല്‍കിയ അളന്നുമുറിച്ച ക്രോസില്‍ തുറന്ന ലഭിച്ച സുവര്‍ണാവസരം ആരു മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജോര്‍ജെ പെരേര ഡയസ് നഷ്ടമാക്കി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയെ ഡയസിനുണ്ടായിരുന്നുള്ളൂവെങ്കിലും ഡയസിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. ആദ്യ പകുതി തിരുന്നതിന് മുമ്ബ് മുന്നിലെത്താന്‍ ചെന്നൈയിനും സുവര്‍ണാവസരം ലഭിച്ചു. 42-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ബോക്‌സിനകത്ത് ലഭിച്ച ക്രോസില്‍ കാലു വെക്കേണ്ട ആവശ്യമെ ജോബി ജസ്റ്റിനുണ്ടായിരുന്നുള്ളുവെങ്കിലും താരം അവസരം നഷ്ടമാക്കിയത് ബ്ലാസ്റ്റേഴ്‌സിന് അനുഗ്രഹമായി.

എന്നാല്‍, രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് വൈകാതെ ചെന്നൈയിന്‍ വല കുലുക്കി. 52-ാം മിനിറ്റില്‍ ഹര്‍മന്‍ജ്യോത് ഖബ്രയുടെ ലോംഗ് പാസ് അഡ്രിയാന്‍ ലൂണയുടെ തോളില്‍ തട്ടി കാല്‍പ്പാകത്തില്‍ ലഭിച്ച പന്തില്‍ ജോര്‍ജെ പേരേര ഡയസ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം ചെന്നൈയിന്‍ ക്രോസ് ബാറില്‍ തട്ടി തിരിച്ചുവന്നപ്പോള്‍ ലഭിച്ച പന്തില്‍ നിന്നായിരുന്നു ഡയസിന്റെ രണ്ടാം ഗോള്‍. രണ്ട് ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ചെന്നൈയിന്‍ ഗോളടിക്കാനായി കൈ മെയ് മറന്നു പൊരുതിയതോടെ കളി ആവേശകരമായി. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ബോക്‌സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ സ്‌കോര്‍ ചെയ്ത് ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ശ്രീലങ്കക്കെതിരായ രണ്ടാം ടി20 യിലും ഏഴ് വിക്കറ്റിന്റെ വിജയം കൊയ്ത് ഇന്ത്യ. ശ്രീലങ്ക ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറികടന്നു. ശ്രേയസ് അയ്യരുടെയും സഞ്ജു സാംസന്റെയും രവീന്ദ്ര ജഡേജയും തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ അനായാസമായി വിജയിച്ചത്.

9 റണ്‍സ് എടുക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും സ്‌കോര്‍ 44 ല്‍ നില്‍ക്കെ ഇഷാന്‍ കിഷനെയും ഇന്ത്യയ്ക്ക് നഷ്ടപെട്ടു. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തുകൊണ്ട് ശ്രേയസ് അയ്യരും സഞ്ജു സാംസണും ഇന്ത്യയെ മത്സരത്തില്‍ തിരിച്ചെത്തിക്കുകയായിരുന്നു. സഞ്ജു 25 പന്തില്‍ 2 ഫോറും മൂന്ന് സിക്‌സുമടക്കം 39 റണ്‍സ് നേടി പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 44 പന്തില്‍ 5 ഫോറും 4 സിക്‌സുമടക്കം 74 റണ്‍സ് നേടി പുറത്താകാതെ നിന്നു. തുടര്‍ന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 18 പന്തില്‍ 6 ഫോറും ഒരു സിക്‌സുമടക്കം 45 റണ്‍സ് നേടി തകര്‍ത്തടിച്ചതോടെ ഇന്ത്യ വിജയലക്ഷ്യം അതിവേഗം മറികടന്നു.

നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടിയിരുന്നു. 53 പന്തില്‍ 75 റണ്‍സ് നേടിയ പാതും നിസങ്ക, 29 പന്തില്‍ 38 റണ്‍സ് നേടിയ ഗുണതിലക, 19 പന്തില്‍ പുറത്താകാതെ 47 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷണക എന്നിവരാണ് ശ്രീലങ്കയെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

ധര്‍മശാല: രണ്ടാം പരമ്പര വിജയം സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം ആണ് നേരത്തെ സ്വന്തമാക്കിയിരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ആദ്യ മത്സരത്തില്‍ ദസുന്‍ ഷനകയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയെ 62 റണ്‍സിന് പരാജയപ്പെടുത്തുകയായിരുന്നു. ആതിഥേയരായ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ ഇനി ഒരു വിജയം കൂടി വേണം.

ബംബോലിം: ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്പൂര്‍ എഫ്സി. ആദ്യ അരമണിക്കൂറിനുശേഷം 35-ാം മിനിറ്റില്‍ സെമിന്‍ലെന്‍ ഡങ്കല്‍ ആണ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്. മൊബാഷിര്‍ റഹ്മാന്റെ പാസില്‍ നിന്നാണ് ഡങ്കല്‍ നോര്‍ത്ത് ഈസ്റ്റ് വല കുലുക്കിയത്.

ആദ്യ പകുതിയിലെ ഗോളൊഴിച്ചാല്‍ ബാക്കി സമയം കളി പയ്യെയായിരുന്നു. രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിലൂടെ ജംഷഡ്പൂര്‍ ലീഡുയര്‍ത്തി. മധ്യഭാഗത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് മൊബാഷിര്‍ റഹ്മാന്‍ നീട്ടിയടിച്ച പന്ത് ഓടിപ്പിടിച്ചാണ് സ്റ്റുവര്‍ട്ട് ഫിനിഷ് ചെയ്തത്. രണ്ടാം ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച നോര്‍ത്ത് അധികം വൈകാതെ ഒരു ഗോള്‍ മടക്കി. ലാല്‍ഡന്‍മാവിയ റാള്‍ട്ടെ ആയിരുന്നു സ്‌കോറര്‍. മാഴ്‌സലോ പേരേര തൊടുത്ത ഷോട്ടില്‍ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷ് തട്ടിയകറ്റിയെങ്കിലും കാല്‍പ്പാകത്തില്‍ കിട്ടിയ പന്തിലായിരുന്നു റാള്‍ട്ടെയുടെ സ്‌കോറിംഗ്. തൊട്ടടുത്ത നിമിഷം മാഴ്‌സലോ പെരേരയിലൂടെ രണ്ടാം ഗോളും നേടി സമനില പിടിച്ച നോര്‍ത്ത് ഈസ്റ്റ് ജംഷഡ്പൂരിനെ ഞെട്ടിച്ചു.

പ്രഗ്യാന്‍ ഗോഗോയിയുടെ പാസില്‍ നിന്നായിരുന്നു പേരേരയുടെ ഗോള്‍. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ പാസില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് വലകുലുക്കി ജോര്‍ദ്ദാന്‍ മറി ജംഷഡ്പൂരിന്റെ രക്ഷകനായി.

ഗോവയില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. മാര്‍ച്ച് 20 ന് മഡ്ഗാവിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍. 9,500 പേര്‍ക്കായിരിക്കും പ്രവേശനം.

ഗോവന്‍ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സീറ്റ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകള്‍ പ്രവേശിപ്പിക്കാനാണ് തീരുമാനമായത്. ഐഎസ്എല്ലിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് ഇത് സംബന്ധിച്ച് പ്രദേശിക അധികൃതരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.

ഗോവയിലെ കോവിഡ് സാഹചര്യം കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. രോഗവ്യാപന നിരക്ക് 1.7 ശതമാനമായി കുറഞ്ഞു. പ്രതിദിന കേസുകള്‍ അഞ്ഞൂറില്‍ താഴെയുമാണ്. സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സാംസ്‌കാരിക ഉത്സവവും ഐഎസ്എല്‍ ഫൈനല്‍ നിശ്ചയിച്ചിരുക്കുന്ന ദിനം തന്നെയാണ്.