Politics (Page 92)

തിരുവനന്തപുരം: എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി ജെഡിഎസ് കേരള ഘടകം രംഗത്ത്. എൻഡിഎയിൽ ചേരുന്നുവെന്ന ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം തള്ളിക്കളയുന്നുവെന്നാണ് പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചത്. കേരളത്തിലെ ജനതാദൾ എസ് ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയുടെ നേതൃയോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു യോഗം പോലും ചേരാതെ, ഒരു തരത്തിലുള്ള ആലോചനയും ഇല്ലാതെയാണ് എൻഡിഎയുമായി സഖ്യമുണ്ടാക്കുമെന്നു ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചത്. ഇതു സംഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. കേരളത്തിലെ ജനതാദൾ എസ് ദേശീയ നേതൃത്വത്തിന്റെ നീക്കത്തോടൊപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം ജനതാദൾ എസ് സംസ്ഥാന നിർവാഹക സമിതിയോഗം സമ്പൂർണമായി തള്ളിക്കളയുന്നു. തങ്ങൾ ഇടതുപക്ഷത്തെ മതേതരകക്ഷികളുമായി കേരളത്തിൽ നാലു പതിറ്റാണ്ടിൽ അധികമായി തുർന്നുവരുന്ന മുന്നണി ബന്ധം അരക്കിട്ട് ഉറപ്പിച്ച് അവിടെത്തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്. ഒക്ടോബർ 18ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാനാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം. റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുമാണ് ഉപരോധം സംഘടിപ്പിക്കുന്നത്.

യുഡിഎഫിന്റെ നേതൃത്വത്തിൽ ‘റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ ഉപരോധം’ എന്ന പേരിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി നടക്കുന്ന ഉപരോധത്തിൽ എല്ലാ ജില്ലകളിൽ നിന്നുമായി അരലക്ഷം പ്രവർത്തകർ പങ്കെടുക്കും. യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എ.ഐ ക്യാമറ അഴിമതി, മാസപ്പടി തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം നടത്തുക, കൊവിഡ് കാലത്ത് സൗജന്യക്കിറ്റ് വിതരണം ചെയ്ത ഇനത്തിൽ റേഷൻകടക്കാർക്ക് നൽകാനുള്ള 48 കോടിയുടെ കമ്മീഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും യുഡിഎഫ് മുന്നോട്ടുവെച്ചിട്ടുണ്ട്. 140 അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തിൽ കുറ്റവിചാരണ ജനകീയ സദസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

കേരളത്തിന്റെ യഥാർത്ഥ ചിത്രം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫിന്റെ നീക്കം.

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധിക്കെതിരെ പ്രതിഷേധ നടപടികളുമായി യുഡിഎഫ്. സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ സഹകാരി സംഗമം നടത്താനാണ് യുഡിഎഫ് പദ്ധതിയിടുന്നത്. ഒക്ടോബർ 16ന് തിരുവനന്തപുരത്ത് വെച്ചാണ് സഹകാരി സംഗമം നടത്തുക. യുഡിഎഫ് അനുകൂലികളായ സഹകാരികൾ സംഗമത്തിൽ പങ്കെടുക്കും.

നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടയ്ക്കു എന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിനെതിരെ കുറ്റവിചാരണ ജനസദസ് സംഘടിപ്പിക്കുമെന്നും യുഡിഎഫ് അറിയിച്ചു. 14 മണ്ഡലങ്ങളിലും കുറ്റവിചാരണ നടത്താനാണ് തീരുമാനം. ഓഗസ്റ്റ് 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളത്.

സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു. 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനം. സർക്കാരിന്റെ വിവിധ വീഴ്ചകൾ ചൂണ്ടിക്കാട്ടി 140 മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിച്ച് സർക്കാരിനെ കുറ്റവിചാരണ നടത്താനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു.

ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കാനും യുഡിഎഫ് തീരുമാനിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ നാറിപ്പുളിച്ച ഇടതുപക്ഷ സർക്കാർ ഇതുവരെ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

അഴിമതിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറിയെന്നും ഇതിലെ വില്ലൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം അറിയിച്ചു. മാസപ്പടി വിവാദത്തിൽ തൃപ്തികരമായ മറുപടി പറയാൻ സാധിക്കാത്ത മുഖ്യമന്ത്രിക്ക് ആ കസേരയിൽ ഇരിക്കാൻ ലജ്ജയില്ലേ. ഇങ്ങനെയൊരു മുഖ്യമന്ത്രി ഇന്ത്യയിൽ എവിടെയെങ്കിലുമുണ്ടോ. നാറിപ്പുളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ ചടഞ്ഞുകൂടി മുഖ്യമന്ത്രികസേരയിൽ ഇരിക്കുന്ന മുഖ്യമന്ത്രി ഇന്ത്യയുടെ ചരിത്രത്തിലുണ്ടോ. മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടിയുടെ അഖിലേന്ത്യാ നേതാക്കൻമാർക്ക് പോലും നട്ടെല്ലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നെങ്കിൽ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തണം. അല്ലെങ്കിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. കോൺഗ്രസിന് ഏറെ അനുകൂലമാണ് കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം. 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് സമാനമായ ചരിത്ര വിജയം ഇത്തവണയും ആവർത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. രാഷ്ട്രീയ സാഹചര്യം അത്രയും അനുകൂലമായതിനാൽ 20 സീറ്റും നേടാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. അഴിമതിയുടെ വിശദാംശങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ലെന്ന് കുഴല്‍നാടന്‍ ആരോപിച്ചു.

പിവി എന്ന പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടിയ സാഹചര്യത്തില്‍ രണ്ടാംഘട്ട പോരാട്ടം താൻ ആരംഭിക്കുകയാണ്. അത് നിയമപോരാട്ടമാണ്. അതിന്റെ ഭാഗമായി ഔദ്യോഗിക പരാതിയും ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. പിവി എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അത് ഞങ്ങള്‍ തെളിയിക്കും. തന്റെ നിയമപോരാട്ടത്തിന് പാര്‍ട്ടിയുടെ അനുമതിയും പിന്തുണയും ഉണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ആരോപണം ഉന്നയിച്ച്‌ പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. വ്യക്തമായ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പറഞ്ഞില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു..

തട്ടം വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓരോ മത വിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങൾക്ക് വിലക്കുള്ളത് എന്നും വി.ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്.വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ് എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം തട്ടം സംബന്ധിച്ച് ധ്രുവീകരണം ഉണ്ടാക്കുന്ന പ്രസ്താവനയാണ് സി.പി.ഐ.എം നേതാവ് അനിൽകുമാറിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് എസ്.വൈ.എസ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നില്ല എന്നാൽ ആനുകൂല്യങ്ങൾ നേടി എടുക്കാനായി സർക്കാറിനെ സമീപിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഓഫീസിന്റെ പേരിൽ നടന്ന നിയമന തട്ടിപ്പ് കേസിൽ അഖിൽ മാത്യുവിന്റെ പേരിൽ ആൾമാറാട്ടം നടന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. നിയമന തട്ടിപ്പിന്റെ ഭാഗമായി വ്യാജ ഇ മെയിൽ ഉണ്ടാക്കിയത് റഹീസ് ആണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. റഹീസിന്റെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതുപോലെ തന്നെ പരതിക്കാരനായ ഹരിദാസും പ്രതികളും അഖിൽ മാത്യുവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഹരിദാസിനെ വഞ്ചിച്ച് പ്രതികൾ ഒന്നേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

അഖിൽ സജീവനും സംഘവും ഇതിനു മുൻപും ഇത്തരത്തിൽ നിരവധി നിയമന തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായിട്ടുണ്ട്. കൂടുതൽ പേർ ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കൂടുതൽ നിയമന തട്ടിപ്പുകൾ നടന്നോ എന്നും പോലീസുകാർ അന്വേഷിച്ചു വരികയാണ്

എം.എം.മണി എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തി. സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കേരളാ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷന്റെ (കെഎഎംവിഐഎ)‌ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിന്റെ പേരിൽ നെടുങ്കണ്ടത്തെ മൂന്ന് വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി.

അതേസമയം സ്ഥലം മാറ്റം വകുപ്പ് തലത്തിലുള്ള ജനറൽ ട്രാൻസഫറിന്റെ ഭാഗമാണെന്നും ഇതിനു വിവാദവുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത് സെപ്റ്റംബർ 26നു ആയിരുന്നെന്നും ഉദ്യോഗസ്ഥർ വിശദമാക്കി. അതേസമയം, സിഐടിയുവിന്റെ നേതൃത്വത്തിൽ എം.എം.മണിക്ക് അനുകൂലമായും നെടുങ്കണ്ടത്ത് പ്രകടനം നടത്തി.

സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ നെടുങ്കണ്ടം ആർടി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യവെയായിരുന്നു എ.എം.മണിയുടെ പരാമർശം. ‘‘സർക്കാരും പിണറായി വിജയനും പറഞ്ഞിട്ടാണു പിഴയീടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജോലിയിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. ഉദ്യോഗസ്ഥർ നിയമത്തിന്റെ വഴിക്കു നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ നാവ് ചവിട്ടിക്കൂട്ടും എന്നായിരുന്നു എംഎം മണിയുടെ വിവാദ പരാമർശം

ഭൂവിഷയങ്ങൾ പഠിക്കാൻ ജില്ലയിലേക്ക് സർക്കാർ നിയോ​ഗിച്ച ദൗത്യസംഘം വരുന്നതിൽ പ്രതികരിച്ച് എം എം മണി എംഎൽഎ. ഇടുക്കിയിലെ ഭൂവിഷയങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോ​ഗിക്കൽ പണ്ടുമുതലേ ഉളളതാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ ​കാലത്ത് ദൗത്യസംഘം അഴിഞ്ഞാടിയ പോലെ അഴിഞ്ഞാടാനാണ് പദ്ധതിയെങ്കിൽ അതിനെ തങ്ങൾ എതിർക്കും. എന്ത് വന്നാലും എതിർക്കും. അങ്ങനെ വരുമെന്ന് താൻ കരുതുന്നില്ലെന്നും എം എം മണി പറഞ്ഞു.

കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നു. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യുംകാലും വെട്ടുമെന്നാണ് ചിലരുടെ പ്രഖ്യാപനം. തലവെട്ടിക്കളഞ്ഞാല്‍ പോരെയെന്ന സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രസ്താവനയോടും എം എം മണി പ്രതികരിച്ചു. കെ കെ ശിവരാമൻ വിവരക്കേട് പറഞ്ഞതിന് താൻ എന്ത് പറയാനാണ്. അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞുകാണും. അയാൾക്ക് തോന്നുന്നതുപോലെ അയാൾക്കും പ്രതികരിക്കാം തനിക്ക് തോന്നുന്നതുപോലെ താനും പ്രതികരിക്കും. ദൗത്യ സംഘം വന്ന് ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന് ​ഗുണകരമാകുന്ന കാര്യങ്ങൾ ചെയ്യുക എന്നതല്ലാതെ ഇവിടെ വന്ന് ജനങ്ങളെ കയ്യേറ്റം ചെയ്യാനും ഇടിച്ചുനിരത്താനും ശ്രമിച്ചാൽ ശക്തമായി എതിർക്കും. അതിന് ആരുടേയും ശുപാർശയും ശീട്ടും തനിക്ക് ആവശ്യമില്ല. അതിനുളള ശീട്ടൊക്കെ തന്റെ കയ്യിലുണ്ട്. താൻ ആരുടേയും കയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടില്ല. പണ്ട് പറഞ്ഞിട്ടുണ്ടെന്നും എം എം മണി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കെപിസിസി നേതൃത്വം. തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നേതൃയോഗം ചേരും. നാളെ രാഷ്ട്രീയകാര്യ സമിതിയും മറ്റെന്നാള്‍ കെപിസിസി യോഗവുമാണ് ചേരുക. മുഴുവന്‍ സീറ്റിലും വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം പുനഃസംഘടന പൂര്‍ത്തിയാക്കി പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനാണ്. അതിനിടയില്‍ പിണക്കങ്ങള്‍ തീര്‍ത്ത് പ്രാഥമിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങാനാണ് തീരുമാനം.


പ്രവര്‍ത്തകസമിതി യോഗ തീരുമാനപ്രകാരമാണ് നാളെയും മറ്റന്നാളുമായി നേതൃയോഗം ചേരുന്നത്. നീണ്ട ഇടവേളക്കുശേഷമാണ് രാഷ്ട്രീയകാര്യ സമിതി. യോഗത്തില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചയാകും. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ മൈക്ക് തര്‍ക്കത്തിലും, കെപിസിസി അധ്യക്ഷന്റെ നാക്ക് പിഴകളിലും വിമര്‍ശനം ഉയര്‍ന്നേക്കും.

രാഷ്ട്രീയകാര്യ സമിതി പുനഃസംഘടന മുതല്‍ കെപിസിസി പുനഃസംഘടനവരെ ചര്‍ച്ചയാകും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ കേരളയാത്ര സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ജനുവരിയില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് കെപിസിസി ആലോചിക്കുന്നത്.